എവറസ്റ്റ് ബേസ് ക്യാംപിലേക്ക് യാത്ര പോകാം

അന്നപൂർണ ട്രക്കിങ് കഴിഞ്ഞു ഒരു കൊല്ലം തികഞ്ഞിട്ടില്ല, ഹിമശൃംഗങ്ങളുടെ നാടായ നേപ്പാളിൽ ഒരിക്കൽ കൂടെ കാലു കുത്തുകയാണ്. പക്ഷേ ഇത്തവണ ലക്ഷ്യം അല്

പം കടുപ്പമേറിയതാണ്, അത്രമേൽ ത്രസിപ്പിക്കുന്നതും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയുടെ കീഴിലേക്ക് മലകളും പുഴകളും കാടുകളുമെല്ലാം കയറിയിറങ്ങി ഒരു യാത്ര. അതെ, എവറസ്റ്റ് ബേസ് ക്യാംപിലേക്ക് (EBC Tracking).

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്

മൂന്നു വർഷം മുമ്പുള്ള ഒരു വേനൽ ദിവസമാണ് ആ ദുരന്തം നടന്നത്. പതിനായിരത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ട ഭൂകമ്പത്തിൽ എവറസ്റ്റ് അടക്കം അനേകം കൂറ്റൻ മലനിരകൾ നിലകൊള്ളുന്ന താഴ‍‍‍‍‍‍്‍‍വര വിറച്ചപ്പോൾ അന്നേ ദിവസം ബേസ് ക്യാംപിലുണ്ടായിരുന്ന എന്റെ കസിൻ അമ്മു കണ്ണമ്പിള്ളി ഒരു വൻ ഹിമപാതത്തിൽ അകപ്പെട്ടു. ഒടുക്കം, 16 പേരുടെ ജീവനെടുത്ത  ആ അപകടത്തിൽ നിന്ന് അമ്മു രക്ഷപ്പെട്ടത് അവരുടെ ഷേർപ്പയുടെ സംയോജിതമായ ഇടപെടലും, അതീവ മനഃസ്സാന്നിധ്യവും കൊണ്ടു മാത്രമാണ്. രാജ്യാന്തര വാർത്താ എജൻസിയായ AFP യുടെ പത്രപ്രവർത്തകയായ അമ്മുവിന്റെ വിവരണങ്ങളും കൂടെയുണ്ടായിരുന്ന സ്പാനിഷ് ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളുമാണ് ആ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. ആശങ്കകളെല്ലാം തീർത്തു ചേച്ചി തിരിച്ചെത്തിയപ്പോഴാണ് ആ കാര്യം ശ്രദ്ധിച്ചത്, പർവതാരോഹർക്കല്ലാതെ സാധാരണ ആളുകൾക്കും ഈ പടുകൂറ്റൻ കൊടുമുടിയുടെ അരികിൽ വരെ എത്താമെന്ന കാര്യം.

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്

അപകടങ്ങൾ ഒരുപാടു നിറഞ്ഞ യാത്രയാണ്, പക്ഷേ സാധ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരങ്ങളായ ട്രെക്കിങ്ങിലൊന്നായ അന്നപൂർണ ബേസ് ക്യാംപ് (ABC) ട്രെക്കിങ് ചെയ്തു കഴിഞ്ഞപ്പോഴേ തീരുമാനിച്ചതാണ്. ഈ സുന്ദര ഭൂമിയിലേക്കു ഇനിയും മടങ്ങിവരണമെന്നും, അത് എവറസ്റ്റ് കാണാൻ ആകണമെന്നും.  ഇത്ര പെട്ടെന്ന് നടക്കുമെന്ന് തീർത്തും കരുതിയില്ല.

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്

ബഹുഭൂരിപക്ഷം ആളുകൾക്കുമുള്ള സംശയമാണ് ഇത്തരം യാത്രകൾ ടൂർ ഏജൻസി മുഖാന്തരം ഗൈഡിന്റെയോ പോർട്ടർമാരുടെയോ സഹായത്തോടു കൂടി അല്ലാതെ ചെയ്യാൻ സാധിക്കുമോ എന്നത്,സാധിക്കും എന്നതാണ് അതിനുത്തരം. നാട്ടുകാരായ പോര്

ട്ടർമാരെയും ഗൈഡുകളേയും ആശ്രയിക്കുന്നത് ഇവിടുത്തെ പ്രാദേശിക ജനതയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ യാത്രകൾ പരമാവധി ചെലവുകൾ കുറച്ചു പോകാൻ ഇഷ്ടപ്പെടുന്നവർക്ക് ഇന്റർനെറ്റിൽ മെനക്കെട്ടിരുന്നു പരതിയാൽ, യാത്രയ്ക്കു വേണ്ട എല്ലാ വിവരങ്ങളും സംഘടിപ്പിക്കാം. പത്തു ദിവസം നീണ്ടു നിന്ന അന്നപൂർണ യാത്ര തന്നെയാണ് അതിനു എന്റെ പക്കലുള്ള ഉദാഹരണം.

2017 ഏതാണ്ട് പകുതിയോടെയാണ് യാത്ര പോകാനുള്ള തീരുമാനം ഉറപ്പിച്ചത്. സുഹൃത്തും റൂംമേറ്റുമായ പ്രണവിനോടാണ് പറഞ്ഞു. കക്ഷി ഉടനെ സമ്മതം മൂളി. കൂട്ടിനു സുഹൃത്തുക്കളായ മനു, വിക്രം, അജിൻ എന്നിവരേയും കൂട്ടി. അവർ നാലുപേരുടേയും തീരുമാനം ഒരു ട്രക്കിങ് ഏജൻസി വഴി യാത്ര തരപ്പെടുത്താമെന്നായിരുന്നു. എന്നാല്‍ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

ഒടുവിൽ ആ ദിവസം വന്നെത്തി. നേപ്പാളി എയർലൈൻസിന്റെ വിമാനത്തിൽ ജോലി സ്ഥലമായ ബെംഗലൂരുവിൽ നിന്നും തലസ്ഥാന നഗരിയായ കാഠ്മണ്ഠുവിലേക്കു യാത്ര തിരിച്ചു. കുറഞ്ഞത് 14 ദിവസമെങ്കിലും ട്രെക്കിങ്ങിനുവേണം. അതിനാലാണ് യാത്ര ഇത്തവണ വിമാനത്തിലാക്കിയത്. അല്ലായിരുന്നുവെങ്കിൽ ട്രെയിനിൽ ഉത്തര്

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്

പ്രദേശിലെ ഖൊരഗ്പൂർ വരെ ചെന്ന്, അവിടെ നിന്ന് അതിർത്തി ഗ്രാമമായ സൊനാലി കടന്ന് കാഠ്മണ്ഡുവിലേക്കു ബസ് മാർഗം പോകാമായിരുന്നു. യാത്രയുടെ ആകെ ചിലവ് കുറയ്ക്കാനുള്ള വഴികളാണ് ഇതെല്ലാം.

ദീപാവലിയുടെ അലങ്കാരങ്ങൾ ഇനിയും കാഠ്മണ്ഠു നഗരം അഴിച്ചു വച്ചിട്ടില്ല. വിമാനത്താവളത്തിൽ നിന്നും നേരേ പോയത് തമൽ എന്ന സ്ഥലത്തെ, കൂടെയുള്ളവർക്ക് അവരുടെ ടൂർ ഏജൻസി ബുക്കുചെയ്ത ഹോട്ടലിലേക്കാണ്. കേട്ടറിഞ്ഞ വൃത്തിയൊന്നും ഈ നഗരത്തിനില്ലെന്ന് കഴിഞ്ഞ തവണ ബോധ്യപ്പെട്ടതാണ്. പൊട്ടിപ്പൊളിഞ്ഞ പൊടി പറത്തുന്ന വീഥികളും ഇടുങ്ങിയ തിരക്കേറിയ തെരുവുകളും നിറഞ്ഞ് ഏതൊരു ഉത്തരേന്ത്യൻ നഗരത്തേയും ഓർമിപ്പിക്കുന്ന ഒരു പ്രദേശം.

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്

സഞ്ചാരികളുടെ പറുദീസയാണ് തമേൽ. സ്വാദിഷ്ഠമായ ഭക്ഷണ ശാലകൾ കൊണ്ടും ഹോട്ടലുകൾ കൊണ്ടും കരകൗശല വിപണനശാലകൾ കൊണ്ടും തിങ്ങി നിറഞ്ഞ തെരുവുകളാണവിടെയെങ്ങും. എന്നാൽ ഞങ്ങളുടെ ശ്രദ്ധ പോയത് മറ്റൊരിടത്തേക്കാണ്. യാത്രയ്ക്കു വേണ്ട സാമഗ്രികളും മറ്റും വിൽക്കുന്ന കേന്ദ്രങ്ങളിലേക്ക്. ട്രക്കിങ് പോളുകൾ, ബാഗുകൾ, ജാക്കറ്റുകൾ, വിവിധയിനം ബൂട്ടുകൾ അങ്ങനെ സാഹസിക യാത്രകൾക്കു വേണ്ട എല്ലാ സാമഗ്രികളും ഇവിടെ വളരെ വിലക്കുറവിൽ ലഭ്യമാണ്. കഴിഞ്ഞ യാത്രയ്ക്കു വേണ്ടി എല്ലാം തരപ്പെടുത്തിയതിനാൽ എനിക്കൊന്നും വേണ്ടി വന്നില്ല. മുന്തിയ ഇനം ബ്രാന്റുകളുടെ പേരിലാണ് ഉൽപന്നങ്ങളെല്ലാമെങ്കിലും സാധനം നേപ്പാളി ‘കുന്നംകുളം’ ആണ്! എന്നിരുന്നാൽ തന്നേയും ഇവയെല്ലാം വളരെ ഗുണമേറിയതാണെന്ന് കയ്യിൽ ഉള്ളവയുടെ ഉപയോഗത്തിൽ നിന്നും മനസ്സിലാക്കിയതു കൊണ്ട് ധൈര്യമായി വാങ്ങിക്കൊള്ളാൻ മറ്റുള്ളവരോട് പറഞ്ഞു. 

എവറസ്റ്റ് യാത്രയുടെ ആദ്യ കടമ്പയെന്നത് ട്രക്കിങ്ങിന്റെ കേന്ദ്രമായ ലുക്ലയിൽ എത്തുക എന്നതാണ്. രണ്ട് വഴികളാണ് യാത്രികാർക്കു മുന്നിലുള്ളത്. ഒന്ന് കാഠ്മണ്ഠുവിൽ നിന്നും ഒരു ചെറുവിമാനത്തിൽ ലുക്ലയ്ക്കു പറക്കുക. 45 മിനിറ്റു മാത്രം ദൈർഘ്യമുള്ള മഞ്ഞുമൂടിയ ഹിമവൽശൃംഗങ്ങളുടെ അരികിലൂടെ ഒരു മനോഹരമായ യാത്ര. രണ്ട് ബസിൽ കാഠ്മണ്ഠുവിൽ നിന്നും ജിരി എന്ന സ്ഥലം വരെ പോവുക. അവിടെ നിന്നും 2 ദിവസം എടുത്ത് മലകയറി ലുക്ലയിൽ എത്തുക. കയ്യിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ള ഞങ്ങൾക്കു ആദ്യത്തെ മാർഗം തിരഞ്ഞെടുക്കാൻ യാത്ര നിശ്ചയിച്ച അന്നു തന്നെ സാധിച്ചു. രാവിലെ 9.30 യാത്ര പുറപ്പെടേണ്ടത് അതിനായി കാലത്തെ വിമാനത്താവളത്തിൽ എത്തണം. അത്താഴശേഷം സമയം പാഴാക്കാതെ എല്ലാവരും അവരവരുടെ മുറികളിലേക്കു മടങ്ങി. 

ഒക്ടോബർ 22

രാവിലെ തന്നെ സാഹസികയാത്രികരാൽ നിറഞ്ഞു പ്രാദേശികവിമാനത്താവളം വീർപ്പുമുട്ടുകയാണ്. അവർക്കു നാലു പേർക്കും ഏജൻസി ടിക്കറ്റ് ബുക്കു ചെയ്തപ്പോൾ ഞാൻ എന്റേത് ഇന്റർനെറ്റ് മുഖാന്തരം വാങ്ങിയതാണ്. ലുകളയിൽ രാവിലെ മുതൽ തുടങ്ങിയ മോശം കാലാവസ്ഥയെ തുടർന്നു വിമാനങ്ങളെല്ലാം വൈകിയിരിക്കുകയാണ്. വിവിധരാജ്യങ്ങളില്‍ നിന്നുള്ള യാത്രികരാൽ നിറഞ്ഞു വിമാനത്താവളം ഇപ്പോൾ ഒരു രാജ്യാന്തര അഭയാർത്ഥി കേന്ദ്രം പോലെയായിട്ടുണ്ട്. ഇന്നിനി വലിയ പ്രതീക്ഷ വേണ്ടന്നാണ് പൊതുവേയുള്ള സംസാരം. അതിനെ സാധൂകരിക്കുംവിധം അധികം താമസിക്കാതെ അറിയിപ്പെത്തി. എല്ലാ സർവീസുകളും റദ്ദാക്കിയിരിക്കുന്നു. അടുത്ത ദിവസം ഉച്ചയ്ക്കു 12.30 റീഷെഡ്യൂൾ ചെയ്തിരിക്കുന്നു. മറ്റ് പോംവഴികളില്ലാതെ ഞങൾ തമലിലേക്കു മടങ്ങി.

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക്

ഒക്ടോബർ 23

പദ്ധതികൾ ഇപ്പോൾ തന്നെ തെറ്റി. നവംബർ 3 ന് ഇവിടേക്കു തിരിച്ചെത്തിയില്ലായെങ്കിൽ ഇന്ത്യയിലേക്കുള്ള മടക്കയാത്രയും തകിടം മറിയും. അതുകൊണ്ടു തന്നെ ഇന്നത്തെ ദിവസം ലുക്ലയിൽ എത്തുകയെന്നത് അനിവാര്യമാണ്. എന്നാൽ കാര്യങ്ങൾ തലേ ദിവസത്തേക്കാൾ കഷ്ടമാണ്. മോശം കാലാവസ്ഥയെ തുടർന്ന് ലുക്ല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. എന്തെല്ലാം പ്രതീക്ഷകളുമായാണ് നാട്ടിൽ നിന്ന് തിരിച്ചത്! വെറും കയ്യോടെ തിരികെ പോകേണ്ട ഗതിയായി. എവറസ്റ്റ് യാത്രയുടെ ഏറ്റവും ബുദ്ധി മുട്ടേറിയ കാര്യം മലകയറ്റമല്ല, മറിച്ച് ലുക്ലയിൽ എത്തുകയെന്നതാണെന്നാണ് എനിക്കപ്പോൾ തോന്നുന്നത്. “ഓഫീസിൽ എല്ലാവരോടും പൊങ്ങച്ചം പറഞ്ഞതാണ്, ഇനി എവറസ്റ്റ്  കാണാതെ ഞാൻ തിരിച്ചില്ല’’. മനുവിന്റെ പരിഭവം. പക്ഷേ മുന്നിൽ ഒരു മാർഗവുമില്ല. ഇനി ഏതാനും ദിവസത്തേക്ക് ലുക്ലയിൽ ഈ കാലാവസ്ഥ തുടരാനാണ് സാധ്യത.

ഒടുവിൽ അജിനും വിക്രമും കൂടിയാണ് ആ കടന്ന കൈ കണ്ടു പിടിച്ചത്. നേരെ നാമ്ചി ബസാറിലേക്കു ഹെലിക്കോപ്ടറിൽ പറക്കുക. പദ്ധതി പ്രകാരം ഇന്നലെ ലുക്ലയിൽ ഇറങ്ങേണ്ട ഞങ്ങൾ അന്നുതന്നെ മലകയറ്റം തുടങ്ങി. ‘പെരിച്ചെ’യില്‍ എത്തേണ്ടതായിരുന്നു. അവിടെ നിന്ന് 8 മണിക്കൂറോളം മല കയറി ഇന്ന് വൈകുന്നേരത്തോടു കൂടി നാമ്ചി ബസാറിൽ എത്തേണ്ടതാണ്. പക്ഷെ നിൽപ് കാഠ്മണ്ഠുവിലാണെന്നു മാത്രം. കാലത്തേക്കു ഹെലികോപ്ടർ ബുക്ക് ചെയ്താൽ വെറും ഒരു മണിക്കൂറിനുള്ളിൽ എത്താം. അവിടെ നിന്ന് ഞങ്ങളുടെ പദ്ധതിപ്രകാരം മുമ്പോട്ടു പോകാന്‍ സാധിക്കും.

കേൾക്കാൻ നല്ല രസമുണ്ട് പക്ഷെ അതിനുള്ള ചിലവ്, അതിത്തിരി കൂടുതലാണ്. കൃത്യമായി പറഞ്ഞാൽ ആളൊന്നുക്ക് 35,000 ഇന്ത്യൻ രൂപ! ഈ പൈസ കൊണ്ട് ഇന്ത്യയിൽ രണ്ട് ഹിമാലയൻ യാത്ര എനിക്കു നടത്താം. സ്വതവേ പിശുക്കനായ ഞാൻ ഇതെല്ലാം കേട്ടു അവിടെയിരുന്നു പോയി. 

‘‘ഒന്നുകിൽ ഹെലികോപ്ടർ ഇപ്പോഴേ ബുക്കുചെയ്യുക. അല്ലെങ്കിൽ ഇവിടെ ഹിമാലയൻ ടൂർ സംഘടിപ്പിക്കുന്ന ചെറു വിമാനങ്ങളുണ്ട്, അതിൽ കയറി എവറസ്റ്റ് ആകാശത്തു നിന്നും കണ്ട് ആശതീർക്കാം! ഏത് വേണമെന്ന് ഇപ്പോൾ തീരുമാനിക്കാം." എന്നായി സഹയാത്രികന്റെ വാദം.

ഒടുവിൽ മനസ്സില്ലാമനസ്സോടെ അതിനു സമ്മതം മൂളി. എനിക്കു എവറസ്റ്റ് ഭൂമിയിൽ നിന്നു തന്നെ കണ്ടാൽ മതി. ലുക്ലയ്ക്കുള്ള വിമാന നിരക്ക് മുഴുവൻ തിരികെ ലഭിക്കുമെന്നുള്ളതാണ് ആകെയുള്ള ആശ്വാസം. (തുടരും)