എവിടെ നോക്കിയാലും ഉഗ്രവിഷമുള്ള പാമ്പുകൾ, പക്ഷെ ദംശനമേറ്റിട്ട് ഇന്നുവരെ ആരും മരണപ്പെട്ടിട്ടില്ല

സർപ്പങ്ങളെ പേടിക്കുന്നവരാണ് ഭൂരിപക്ഷം പേരും. പാമ്പ് എന്ന് കേട്ടാലേ മാളത്തിൽ കേറി ഒളിക്കുന്നവർ. എന്നാൽ പാമ്പിനെ ഒട്ടും പേടിക്കാത്ത ഒരു ജനത ഉണ്ട് നമ്മുടെ ഇന്ത്യയിൽ എന്നയറിവ് കൗതുകകരമല്ലേ?  വീടുകളിൽ കുഞ്ഞുങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഉഗ്രവിഷമുള്ള പാമ്പുകൾ അധിവസിക്കുന്നു എന്ന് കേൾക്കുമ്പോഴോ.. കൗതുകമിപ്പോൾ  ഭയവും ആശ്ചര്യവുമായി മാറുന്നുണ്ടല്ലേ? എന്നാൽ ഒന്നുകൂടി കേട്ടോളൂ.. കൂടെ താമസിക്കുന്ന ഈ വിഷ സർപ്പങ്ങൾ അവിടെയുള്ളവരെ ദംശിക്കാറുണ്ട്. പക്ഷേ ആ  ദംശനമേറ്റിട്ട് ഇന്നുവരെ ആരും മരണപ്പെട്ടിട്ടില്ല.

ബംഗാളിലെ ബുർദ്വാൻ എന്ന ജില്ലയിലെ ഏഴുഗ്രാമങ്ങളിലുള്ള  ജനങ്ങൾ അഞ്ഞൂറുവര്‍ഷങ്ങളിലേറെയായി സർപ്പങ്ങളോടൊപ്പമാണ് അധിവസിക്കുന്നത്. മനുഷ്യൻ ഏറെ ഭയക്കുന്ന ഒരു ജീവിവർഗത്തെ മറ്റുള്ള വളർത്തുമൃഗങ്ങളെ പോലെ തന്നെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടിവിടെ. അക്ഷരാർത്ഥത്തിൽ ഭയമുണർത്തുന്ന കാഴ്ചകളാണ് ഈ ഗ്രാമങ്ങളിൽ  കാണാൻ സാധിക്കുക. നോക്കുന്നിടത്തെല്ലാം സർപ്പങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. കുഞ്ഞുങ്ങൾ അവക്കൊപ്പം കളിക്കുന്നു. അടുക്കളയിലും കിടപ്പുമുറികളിലും കളിസ്ഥലങ്ങളിലുമെല്ലാം പാമ്പുകൾ മാത്രം. അതും ഉഗ്രവിഷമുള്ളവ. ബുർദ്വാനിലെ ഏഴ് ഗ്രാമങ്ങളിലാണ് ഈ കാഴ്ചകൾ കാണാൻ സാധിക്കുന്നത്. അതിൽ തന്നെ ഏറ്റവുമധികം സർപ്പങ്ങളെ കാണാൻ സാധിക്കുന്നത് പോസ്‌ല, പാസ്‌ലാന, മുസ്‌രി എന്ന മൂന്നുഗ്രാമങ്ങളിലാണ്.  

ബുർദ്വാനിലെ  സർപ്പങ്ങളും അവയുടെ കടിയേറ്റാൽ മരണം സംഭവിക്കില്ല എന്നുള്ളതും സത്യമായ വസ്തുതയാണ്. എന്തുകൊണ്ടാണ് വിഷമേൽക്കാത്തതു എന്നതുമായി ബന്ധപ്പെട്ട്  ഈ നാട്ടിൽ നിലനിൽക്കുന്ന ഒരു ഐതീഹ്യമുണ്ട്. അതിപ്രകാരമാണ്,  ബഹുല എന്നും ലാഖിന്ദർ എന്നുമായിരുന്നു ആ ദമ്പതികളുടെ പേര്. ഒരിക്കൽ  ലാഖിന്ദറിനു സർപ്പദംശനമേറ്റപ്പോൾ ബഹുലയുടെ ആത്മാർത്ഥമായ ആരാധനയാൽ സർപ്പദേവതയായ മാൻഷക്കിന് തന്റെ വിഷം നഷ്ടപ്പെട്ടു. ഭർത്താവിന്റെ ജീവന് പകരമായി തന്റെ വിഷം തിരികെ നൽകണമെന്ന് മാൻഷ ബഹുലയോടു യാചിച്ചു. തന്റെ ഗ്രാമത്തിലുള്ളവരുടെ മേൽ ആ വിഷം ഒരിക്കലും പ്രയോഗിക്കരുതെന്ന നിബന്ധനയോടെ ബഹുല, മാൻഷ എന്ന നാഗദേവതയ്ക്കു വിഷം തിരികെ നൽകി. അതുകൊണ്ടാണെത്രെ കാലമിത്ര കഴിഞ്ഞിട്ടും പാമ്പുകൾ ആരെ കടിച്ചാലും വിഷത്താൽ മരണം സംഭവിക്കാത്തത് എന്നാണ് ഇന്നാട്ടിലുള്ളവർ  വിശ്വസിക്കുന്നത്. സർപ്പങ്ങളെ ആരാധിക്കുന്ന ഒരു ജനതയാണ് ഈ ഗ്രാമങ്ങളിൽ താമസിക്കുന്നത്. ജാൻകേശ്വരി എന്ന പേരിൽ നാഗദേവതയെ ആരാധിക്കുകയും ക്ഷേത്രം നിർമിക്കുകയും ചെയ്തിട്ടുണ്ടിവിടെ.

കഴിഞ്ഞ 500 വർഷങ്ങൾക്കിടയിൽ ഇന്നാട്ടിലെ പാമ്പുകൾ ഇരുനൂറ്റിയമ്പതോളം  പേരെ കടിച്ചിട്ടുണ്ടെങ്കിലും ആരും ഇതുവരെ മരണപ്പെട്ടിട്ടില്ല. പാമ്പുകടിയേറ്റാൽ  കാലുകൾ ഒന്ന് കഴുകിയതിനു ശേഷം ഒരു ദിവസം ഉപവസിക്കുകയാണ് ഇവിടുത്തെ പതിവ്. യാതൊരു തരത്തിലുള്ള പ്രത്യാഘാതങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് ഇവിടെയുള്ള ജനങ്ങൾ പറയുന്നു. സൂവോളജിക്കൽ സർവേയിൽ നിന്നുള്ള വിദഗ്ധർ ഇവിടെയെത്തി ഈ സർപ്പങ്ങളെ പഠനവിധേയമാക്കിയപ്പോൾ, ഉഗ്രവിഷമുള്ളതാണ് ഓരോ പാമ്പുകളും എന്ന് കണ്ടെത്തിയെങ്കിലും എന്തുകൊണ്ടാണ് ശരീരത്തിലേക്ക് വിഷം പ്രവഹിക്കാത്തത് എന്നതിന് മറുപടി നല്കാൻ അവർക്കും കഴിഞ്ഞില്ല. ഈ ഏഴുഗ്രാമങ്ങളിലെ ജനങ്ങളിൽ  ഒരാളുപോലും സർപ്പങ്ങളെ ഉപദ്രവിക്കുകയോ ശല്യപെടുത്തുകയോ ചെയ്യാറില്ല. അതുകൊണ്ടു തന്നെയായിരിക്കണം ആ ജീവികൾ തിരിച്ചും ഉപദ്രവിക്കാത്തത്.  ഇൗ നാട്ടിലെ വിസ്മയകാഴ്ച നേരിട്ട് കാണാനും കൂടുതൽ അറിയാനുമായി ഗവേഷകർ ഉള്‍പ്പടെ നിരവധി സഞ്ചാരികളും എത്താറുണ്ട്.