കുറച്ചു പണം കൊണ്ട് മനസ്സു നിറയ്ക്കും യാത്രകൾ

പണ്ടുള്ളവർ പറയാറുണ്ട്, '' കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ'' എന്ന്. യാത്രകളുടെ കാര്യത്തിൽ അതക്ഷരം പ്രതി പാലിക്കേണ്ട ഒരു വസ്തുത തന്നെയാണ്. നമ്മുടെ കയ്യിലുള്ള പണത്തിനുള്ളിൽ നിൽക്കുന്ന യാത്രകളല്ലെങ്കിൽ  യാത്ര പോകുന്നതിനേക്കാൾ വേഗത്തിൽ ബാധ്യതകൾ നമ്മെ തേടിവരും.  ചെലവുകുറഞ്ഞ, എന്നാൽ അതിസുന്ദരമായ  ധാരാളമിടങ്ങൾ  നമ്മുടെ നാട്ടിൽ തന്നെയുണ്ട്. താമസത്തിനും ഭക്ഷണത്തിനും വലിയ ചെലവില്ലാത്ത എന്നാൽ ആരെയും മോഹിപ്പിക്കുന്ന കാഴ്ചകൾ നിറഞ്ഞ കുറച്ചിടങ്ങളെ അറിയാം. കയ്യിൽ പണം കുറവെങ്കിലും യാത്ര പോകാൻ മനസുണ്ടെങ്കിൽ നിങ്ങൾക്കുള്ളിലെ യാത്രികനെ തൃപ്തിപ്പെടുത്തുന്ന കുറച്ചു സുന്ദരമായ സ്ഥലങ്ങൾ ഇതാ...

പോണ്ടിച്ചേരി

അതിമനോഹരങ്ങളായ കടൽത്തീരങ്ങളും സുന്ദരമായ കാഴ്ചകളും നിറഞ്ഞ പോണ്ടിച്ചേരി, സഞ്ചാരികൾക്കു ഏറെയിഷ്ടമുള്ള ഒരിടമാണ്. കുറേക്കാലം ഫ്രഞ്ച് അധീനതയിലായ ഈ ദേശത്തിനു ഒരു യൂറോപ്യൻ മുഖച്ഛായയുണ്ട്. ഫ്രഞ്ച് വാസ്തുവിദ്യയിൽ നിർമിച്ച  മനോഹരമായ കെട്ടിടങ്ങളും വിസ്മയിപ്പിക്കുന്ന സുവർണ ഗ്ലോബും ആശ്രമങ്ങളും ബീച്ചുകളും ഫ്രഞ്ച് മെമ്മോറിയലുമെല്ലാം പോണ്ടിച്ചേരിയിലെ  കാഴ്ചകളാണ്.

ആശ്രമങ്ങൾ നിരവധിയുണ്ട് പോണ്ടിച്ചേരിയിൽ. അത്തരം ആശ്രമങ്ങളിലെ താമസത്തിനും ഭക്ഷണത്തിനും ചെലവുവളരെ കുറവാണ്. താമസവും ഭക്ഷണവും ആശ്രമങ്ങളിലാക്കുകയാണെങ്കിൽ  കാഴ്ചകൾക്കു യാതൊരു പഞ്ഞവുമില്ലാത്ത പോണ്ടിച്ചേരി കുറഞ്ഞ ചെലവിൽ  സന്ദർശിച്ചുമടങ്ങാൻ കഴിയും.

കൊടൈക്കനാൽ 

കുറഞ്ഞ ചെലവിൽ ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ കണക്കെടുത്താൽ കൊടൈക്കനാൽ ഏറെ മുമ്പിലാണ്. യാത്ര ട്രെയിനിലും ഭക്ഷണം തട്ടുകടകളിൽ നിന്നുമെങ്കിൽ യാത്രാച്ചെലവ് കുറച്ചുകൂടി കുറയ്ക്കാൻ സാധിയ്ക്കും. മഞ്ഞുമൂടിയ കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമാണ്  കൊടൈക്കനാലിനെ സഞ്ചാരികളുടെ പ്രിയയിടമാക്കുന്നത്.

മലകൾ അതിരിടുന്ന ആ നാട്ടിലെ സവിശേഷകാഴ്ചകളാണ് നിഗൂഢ വനങ്ങളും വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതിയുമൊക്കെ. വലിയ ചെലവില്ലാതെ, അതിസുന്ദരമായ കാഴ്ചകൾ കാണാൻ മടിക്കാതെ തെരെഞ്ഞെടുക്കാവുന്ന ഒരിടമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാൽ. 

ഗോവ 

ആഡംബരപ്രിയർക്കു പണം ചെലവാക്കിയും ബജറ്റ് യാത്രക്കാർക്കു മുണ്ടുമുറുക്കിയുടുത്തും കാണാനും ആഘോഷിക്കാനും പറ്റിയ നാടാണ് ഗോവ. ബീച്ചുകളാണ് ഗോവയിലെ പ്രധാനാകര്ഷണം.

കടൽകാഴ്ചകളുടെ സൗന്ദര്യത്തിലലിഞ്ഞു, രാത്രിപാർട്ടികളിൽ  സ്വയംമറന്നാഘോഷിക്കാൻ ഗോവയോളം സുന്ദരമായ മറ്റുനാടുകളില്ല. കടൽ തീരങ്ങളിലെ ഷാക്കുകളിൽ ഭക്ഷണവും താമസവും ശരിയാക്കിയാൽ ധനനഷ്ടം കൂടാതെ ഗോവ കണ്ടു മടങ്ങാവുന്നതാണ്. 

ജയ്‌പൂർ 

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂർ സഞ്ചാരികൾക്കേറെ പ്രിയപ്പെട്ട നാടാണ്. ഇന്ത്യൻ വാസ്തുവിദ്യയുടെ ആഢ്യത്വം ആസ്വദിക്കാൻ കഴിയുന്ന നാടുകളിലൊന്നു കൂടിയാണത്. ഡൽഹിയിൽ നിന്നും വളരെ എളുപ്പത്തിലെത്തിച്ചേരാൻ കഴിയുന്ന ജയ്‌പൂർ എക്കാലത്തും വർണങ്ങൾ വാരിയണിഞ്ഞാണ് അതിഥികളെ സ്വീകരിക്കുന്നത്.

കൊട്ടാരങ്ങളും തടാകങ്ങളും നിരവധി മേളകളും ഉത്സവങ്ങളും ഈ നാട്ടിലെ സവിശേഷ കാഴ്ചകളാണ്. കൊതിപ്പിക്കുന്ന രുചി നിറച്ച വിഭവങ്ങളുടെ കാര്യത്തിലും ഏറെ മുമ്പിലാണ് ഈ നഗരം. വലിയ ചെലവില്ലാതെ തന്നെ എത്തിച്ചേരാൻ കഴിയുന്ന ഇന്നാട്ടിൽ താമസത്തിനും ഭക്ഷണത്തിനും വലിയ മുതൽമുടക്കില്ല എന്നത് സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന ഒരു വസ്തുതയാണ്.

ഡാർജിലിംഗ് 

തേയിലത്തോട്ടങ്ങളും മഞ്ഞുമൂടിയ താഴ്വരകളുമാണ് ഡാര്ജിലിംഗിനെ സഞ്ചാരികളുടെ പ്രിയയിടമാക്കുന്നത്. ബ്രിട്ടീഷ് ആധിപത്യമാണ് ഈ നാടിനെ ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാക്കിയത്. ഡാർജിലിംഗിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഹിമാലയ തീവണ്ടി സഞ്ചാരികൾക്കു മുമ്പിൽ ആ നാടിൻറെ സൗന്ദര്യം വെളിപ്പെടുത്തുന്നു.

ആൽപൈൻ മരങ്ങൾ നിറഞ്ഞ താഴ്വരയും കണ്ണിനിമ്പം പകരുന്ന പച്ചപ്പും ആരെയും വശീകരിക്കുന്ന ഇവിടുത്തെ കാഴ്ചകളാണ്. കാഴ്ചകൾ കണ്ടു മനസുനിറഞ്ഞിറങ്ങുമ്പോൾ കീശ കാലിയാകുമെന്ന പേടിയും വേണ്ട. വലിയ ചെലവില്ലാതെ കണ്ടുമടങ്ങാൻ കഴിയുന്ന ഒരു നാടാണ് ഡാർജിലിംഗ്.

മക്ലിയോഡ്ഗഞ്ച്

യാത്ര, താമസം, ഭക്ഷണം എന്നിവയ്‌ക്കെല്ലാം വളരെ കുറച്ചു പണം മാത്രം ചെലവാകുന്ന അതിസുന്ദരമായ ഒരു ഹിൽ സ്റ്റേഷനാണ് മക്ലിയോഡ്ഗഞ്ച്. ഹിമാചൽ പ്രദേശിലാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ സുന്ദര ഭൂമി സ്ഥിതിചെയ്യുന്നത്.

ദലൈലാമയുടെ ഇരിപ്പിടം എന്നറിപ്പെടുന്ന ഇവിടെ ധാരാളം ടിബറ്റൻ ബുദ്ധസന്യാസിമാർ താമസമുണ്ട്. ലിറ്റിൽ ലാസ എന്ന വിളിപ്പേരുള്ള ഇവിടം ലോകപ്രശസ്ത ബുദ്ധമത പഠന കേന്ദ്രം കൂടിയാണ്. 

വാരണാസി 

ലോകത്തിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നയിടമാണ് വാരണാസി. ഗംഗയുടെ തീരവും വിശ്വനാഥന്റെ കാശിക്ഷേത്രവും വിശ്വാസികളെ പുളകം കൊള്ളിക്കുന്ന നാടാണിത്.

ചെറുതെരുവുകളും തിരക്കേറിയ നഗരവീഥികളും ഇടയ്‌ക്കൊക്കെ ശ്വാസം മുട്ടിക്കുമെങ്കിലും കാഴ്ചകൾക്ക് യാതൊരു പഞ്ഞവുമില്ലാത്തതുകൊണ്ടു തന്നെ വാരണാസി സന്ദർശനം സഞ്ചാരികൾക്കൊരു പുത്തനനുഭവം തന്നെയായിരിക്കും. ബനാറസ് ഹിന്ദു സർവകലാശാലയും ബനാറസ് സാരികളുമൊക്കെ സഞ്ചാരികൾക്കു മുമ്പിൽ ആ നാടിന്റെ തനിമ വിളിച്ചോതും.

അമൃത്‍‍സർ 

സുവർണ നഗരമെന്നൊരു വിളിപ്പേരുണ്ട് അമൃതസറിന്. അതാക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന കാഴ്ചകൾ നിരവധിയുണ്ട് ആ നഗരത്തിൽ. അന്നാട്ടിലെ കാഴ്ചകൾ കാണാനായിറങ്ങുമ്പോൾ, താമസം ഗുരുദ്വാരകളിലാക്കുന്നതാണുത്തമം. ആൺകുട്ടികൾക്ക് നാമമാത്രമായ തുക താമസത്തിനായി ഈടാക്കുമ്പോൾ പെൺകുട്ടികൾക്കു താമസം സൗജന്യമാണ്. അധിക ചെലവില്ലാതെ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന നാടാണ് അമൃതസർ.