ബൈക്കിൽ കെട്ടിവച്ചൊരു യാത്ര നടി ശ്വേത മേനോൻ

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രശസ്തി നേടിയ താരമാണ് ശ്വേത മേനോൻ. മലയാളചലച്ചിത്രത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചെങ്കിലും കളിമണ്ണ്, ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രങ്ങളിലെ അഭിനയം ശ്വേതയെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയാക്കി.

ബോൾഡായ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ തന്റെ നേരെ ഉയരുന്ന വിവാദങ്ങളും വിമർശനങ്ങളും ശ്വേതയെ ബാധിക്കില്ല.  മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ ശ്വേത മേനോന് ആരാധകരുമേറെയാണ്. ഷൂട്ടിങ്ങും തിരക്കുകളുമൊക്കെ ഉണ്ടെങ്കിലും കുടുംബവുമൊത്തുള്ള യാത്രകൾക്കും സമയം കണ്ടെത്താറുണ്ട്. ശ്വേതാമേനോന്റെ യാത്രകളും അനുഭവങ്ങളും മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

ഹരം പകരുന്ന സ്കൈ ഡൈവിങ്

സന്തോഷകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാനും സ്വസ്ഥമായി സമയം ചിലവഴിക്കാനും യാത്രകൾ നല്ലതാണ്. സുഖമുള്ള ഒാർമകൾ സമ്മാനിക്കുന്ന യാത്രകൾ എന്നും പ്രിയപ്പെട്ടതാണ്. യാത്രാവേളയില്‍ ശരീരം മാത്രമല്ല, മനസും സഞ്ചരിക്കും. ഒാരോ യാത്രയും നൽകുന്നത് അനുഭവങ്ങളുടെ സമ്പത്താണ്.

ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ ഒരുപാട് ഇടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എന്നിരുന്നാലും ശ്രീയും മകളും ഒപ്പമുള്ള യാത്രകളാണ് എനിക്ക് എന്നും പ്രിയപ്പെട്ടത്. അടുത്തിടെ ഞാൻ ഷോയുടെ ഭാഗമായി അമേരിക്കയിൽ പോയിരുന്നു. ചലച്ചിത്ര ലോകത്തിലെ സുഹൃത്തുക്കളിൽ മിക്കവരും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞുള്ള സമയം ഞങ്ങൾ ഫ്ളോറിഡയിലെ കാഴ്ചകൾ തേടിയിറങ്ങി.

യാത്രയിൽ പുതുമ നിറഞ്ഞ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്കൈ ഡൈവ് ചെയ്യാനുള്ള അവസരം ഒത്തുകിട്ടി. ആദ്യം നല്ല പേടിയുണ്ടായിരുന്നു. ഉയരത്തിലേക്കു പോകുന്തോറും ഹൃദയമിടുപ്പും കൂടി. നല്ലൊരു അനുഭവമായിരുന്നു. രസകരവും ഹരംപകരുന്നതുമായ സ്കൈ ഡൈവിങ് തന്നെ ഏറെ വിസ്മയിപ്പിച്ചുവെന്നും ശ്വേത മേനോൻ പറയുന്നു.

യാത്രയിൽ ശ്രീയും മകളും വേണം‌

‌ഞാനും ശ്രീയും ഒരുപാട് ഇടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ശ്രീ ജേണലിസ്റ്റ് ആയതുകൊണ്ട് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾക്കും പ്രത്യേകതകളും ഉണ്ടാകും. ശ്രീയോടൊപ്പമുള്ള യാത്രയിൽ സ്ഥലത്തിന്റെ മുഴുവൻ ചരിത്രവും പഠിക്കുവാൻ സാധിക്കും. കാലം എത്രകഴിഞ്ഞാൻ കേട്ടു പഠിച്ച ചരിത്രങ്ങളൊന്നും മറക്കുകയുമില്ല. അതിമനോഹരമായ കടൽത്തീരങ്ങളും, കുന്നുകളും പർവതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും,  മഴക്കാടുകളും, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനിൽക്കുന്ന സമ്പന്നമായ സംസ്കാരവും നിറഞ്ഞ ബാലി വിനോദസഞ്ചാരികളുടെ പറുദീസയെന്നു പറയുന്നതിൽ തെറ്റില്ല.

വിനോദസഞ്ചാരികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ഇന്നാട്ടുകാരുടേത്. ബാലി യാത്രയിൽ എന്നെ ഏറെ വിസ്മയിപ്പിച്ചത്  മഹാവിഷ്ണുവിന്റെ കൂറ്റന്‍ പ്രതിമയായിരുന്നു. 20 കിലോമീറ്റര്‍ അകലെ നിന്നു പോലും പ്രതിമ കാണാന്‍ സാധിക്കും. കേരളത്തിനോട് ചേർന്ന ഭൂപ്രകൃതിയാണ് ബാലിയിൽ. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലർത്തുന്നവരാണ് ബാലിക്കാർ. എവിടെ നോക്കിയാലും പച്ചപ്പിന്റെ ഭംഗി ആസ്വദിക്കാം. അവിടുത്തെ സംസ്കാരവും ജീവിതരീതിയുമൊക്കെ ഒരുപാട് ഇഷ്ടമായി.

ഷൂട്ടിന്റെ ഭാഗമായിരുന്ന മാലദ്വീപിലേക്കുള്ള യാത്ര. ബാലിപോലെ തന്നെ ഹരംപകരുന്ന കാഴ്ചകളായിരുന്നു മാലദ്വീപിലും. ഷൂട്ട് കഴിഞ്ഞുള്ള മൂന്നു അവധി ദിവസങ്ങൾ മകളുമായി ശരിക്കും ആസ്വദിച്ചു.

പഞ്ചാരമണൽ വാരിവിതിറിയ ബീച്ചിൽ അവളോടൊപ്പം കുറെ നേരം ഒാടികളിച്ചു. രണ്ടായിരത്തോളം വരുന്ന കൊച്ചുകൊച്ചു ദ്വീപുകൾ ചേർന്ന മാലദ്വീപിലെ കടൽകാഴ്ചകളാണ് വിസ്മയിപ്പിക്കുന്നത്. ഞങ്ങള്‍ പാരഡൈസ് റിസോർട്ടിലായിരുന്നു താമസിച്ചത്. ബീച്ച് സൗന്ദര്യം ശരിക്കും ആസ്വദിക്കാൻ സാധിച്ചു.

ബൈക്കിന് പിന്നിൽ കെട്ടിവയ്ച്ചൊരു യാത്ര

‌കുട്ടിക്കാലത്തെ യാത്രകളും ഏറെ രസകരമായിരുന്നു. ഞാൻ ജനിച്ചതും പഠിച്ചതുമൊക്കെ ഉത്തരേന്ത്യയിലായിരുന്നു. അച്ഛൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ. അവധിക്കാലം ചിലവഴിക്കാൻ യാത്രകളൊന്നും അങ്ങനെ പ്ലാൻ ചെയ്യാറില്ല. സ്വന്തമായി യെസ്ഡി ബൈക്കുണ്ടായിരുന്നു. അചഛന് അവധികിട്ടുന്ന സമയം നോർത്തിലെ ചുറ്റിയടി മുഴുവനും ഇൗ ബൈക്കിലായിരുന്നു. അച്ഛൻ എപ്പോഴും പറയാറുണ്ട്.

എവിടെ പോയാലും ഒരു കാറ്റടിച്ചാൽ ഞാൻ ഉറങ്ങിപോകുന്ന ആളാണെന്ന്. ബൈക്കിലുള്ള ഞങ്ങളുടെ യാത്രയായിരുന്നു രസകരം. അമ്മയോട് ചേർന്ന് എന്നെ ഇരുത്തിയിട്ട് സീറ്റിന്റെ പുറകിലത്തെ പിടിയോട് ചേർത്ത് വീഴാതിരിക്കാനായി എന്നെ കയറുകൊണ്ട് കെട്ടിവയ്ക്കുമായിരുന്നു.

അപ്പോൾ ഉറങ്ങിയാലും ടെൻഷനടിക്കേണ്ടായിരുന്നു. വാഹനം ഒാടിക്കുമ്പോൾ അച്ഛന് എന്നെ ശ്രദ്ധിക്കാനായി ബൈക്കിന്റെ മിറ‌റും അഡ്ജസ്റ്റ് ചെയ്തുവയ്ക്കും. കുട്ടിക്കാലത്തെ യാത്രയൊക്കെയും ഇങ്ങനെയായിരുന്നു. ഇലഹബാദിൽ നിന്നും കാൺപൂർ വരെ ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്.

യാത്രയിലെ മറക്കാനാവാത്ത അനുഭവം

കുട്ടിക്കാലത്തെ ട്രെയിൻ യാത്രയായിരുന്നു ജീവിതത്തിൽ മറക്കാനാവാത്ത മറ്റൊരു അനുഭവം. അച്ഛന് അവധിയാകുമ്പോളാണ് നാട്ടിലേക്ക് അമ്മയുടെയും അച്ഛന്റെയും തറവാട്ടിലേക്ക് പോകുന്നത്. ചെന്നൈയിൽ ഫ്ളൈറ്റ് ഇറങ്ങിയിട്ടാണ് നാട്ടിലേക്കുള്ള ട്രെയിൻ കയറുന്നത്. എന്റെ യാത്രകള്‍ അധികവും ഫ്ളൈറ്റിലായിരുന്നു. ട്രെയിൻ യാത്ര അത്ര രസകരമല്ല. ഒരു തവണ നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു അമ്മയെയും അച്ഛനെയെയും നടുക്കിയ സംഭവം ഉണ്ടായത്.

ട്രെയിനുള്ളിൽ കുറച്ചു കുട്ടികളെ എനിക്ക് കൂട്ടുകാരായി കിട്ടി. ഞാൻ അവരോടൊപ്പം ഹൈ‍ഡ് ആന്റ് സീക്ക് കളിക്കുകയായിരുന്നു. ഒളിക്കാനായി ട്രെയിനിന്റെ ഡോറിന്റെവിടെ നിന്നു. ട്രെയിൻ ഒാടികൊണ്ടിരിക്കുവാണ്. പെട്ടെന്ന് ഞാൻ ‍ഡോറിൽ തൂങ്ങി നിന്നുപോയി. ആകാഴ്ച കണ്ട ഒരു ആങ്കിളാണ് എന്നെ രക്ഷപ്പെടുത്തിയത്. അല്ലെങ്കിൽ ഇൗയൊരു ഇന്റർവ്യു നൽകാൻ പോലും ഒരുപക്ഷേ ഞാൻ ഉണ്ടാവില്ലായിരുന്നുവെന്നും ശ്വേത പറയുന്നു.

വ്യത്യസ്ത വിഭവങ്ങൾ ടേസ്റ്റ് ചെയ്യും

യാത്രപോകുന്ന ഒാരോയിടത്തും അവരുടോതായ സംസ്കാരവും രുചിയും നിറഞ്ഞ സ്ഥലങ്ങളാണ്. എവിടെ പോയാലും അവിടുത്തെ സ്പെഷൽ വിഭവങ്ങൾ രുചിക്കാൻ ശ്രമിക്കാറുണ്ട്. ഞാൻ മീറ്റ് കഴിക്കാറില്ല. ചിക്കനും മീന്‍വിഭവങ്ങളുമാണ് കൂടുതൽ ഇഷ്ടം. ഏതു റെസ്റ്ററന്റിൽ പോയാലും വിഭവങ്ങളെപ്പറ്റി അവിടുത്തെ ഷെഫിനോട് ചോദിച്ചു മനസ്സിലാക്കാറുണ്ട്.

ഇനിയുമുണ്ട് കണ്ടുതീർക്കാൻ ഒരുപാടിടങ്ങൾ

ഇന്ത്യക്ക്കത്തും പുറത്തുമായി ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ഷൂട്ടിന്റെ ഭാഗമായി പോകുന്ന യാത്രകളെക്കാളും എനിക്കിഷ്ടം ശ്രീയോടൊപ്പമുള്ള യാത്രകളാണ് എന്റെ മനസ്സു നിറക്കുന്ന യാത്രകൾ. മകളെ ഒരുപാട് സ്ഥലങ്ങൾ കാണിക്കണമെന്നുണ്ട്.

ഇനിയുള്ള ഞങ്ങളുടെ യാത്ര രാജസ്ഥാനിലേക്കാണ്. ജയ്പൂർ പോയിട്ടുണ്ടെങ്കിലും രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിക്കാനായിട്ടില്ല. ശ്രീയും മകളുമൊത്ത് രാജസ്ഥാൻ കാഴ്ചകളിലേക്ക് പോകണം.