ഉൗട്ടിയിൽ നിന്നും കൂനൂരിലേക്കൊരു ‍ട്രെയിൻ യാത്ര

കാറ്റിനു പോലും തേയിലയുടെ മണമുള്ള, നീലഗിരിയുടെ അഴകു മുഴുവൻ സ്വന്തമാക്കിയ ഭൂമി. തണുപ്പും പച്ചപ്പും മൂടൽ മഞ്ഞും സന്ദർശകരെ കൈമാടി വിളിക്കുമ്പോൾ, ഉറങ്ങാത്ത ആ താഴ്‌വരയിൽ നിന്നും മടങ്ങി വരാൻ പോലും സന്ദര്‍ശകർക്ക് മടിയാണ്. ഇത് കുനൂര്‍. ഡിസംബറിൽ അതിസുന്ദരിയാണ് ഈ നാട്. വിദേശികളടക്കമുള്ള നിരവധി സഞ്ചാരികളാണ് കുനൂരിൽ നിത്യസന്ദര്‍ശകരായി എത്തുന്നത്. കുനൂരിന്റെയും നീലഗിരിയുടെയും കാഴ്ചകളിലേക്ക്...

ഊട്ടിയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും കുനൂരിന് ഒരു പ്രത്യേക സൗന്ദര്യമാണ്. പ്രകൃതിയാണ് ഇവിടുത്തെ നായിക. പച്ച നിറത്തിനു ഇത്രയധികം ഭംഗിയോ എന്നാശ്ചര്യപ്പെട്ടു പോകുന്ന നിരവധി കാഴ്ചകളുണ്ടിവിടെ. ഹിൽ സ്റ്റേഷൻ ആയതുകൊണ്ടുതന്നെ നല്ല തണുപ്പും കാറ്റും ഇടയ്ക്കിടെ ഓടി മാറുന്ന മൂടൽമഞ്ഞും കുന്നൂരിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. നീലഗിരി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയായ കുന്നൂർ, സമുദ്രനിരപ്പിൽ നിന്നും 1850 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പലകാലങ്ങളിൽ ഇവിടെ വന്നു, സ്ഥിര താമസമാക്കിയ പല ദേശങ്ങളിൽ നിന്നുള്ള നിരവധി ആളുകളുടെ സംഗമഭൂമി കൂടിയാണിത്.

കുനൂരിലെ കാഴ്ചകൾ പോലെത്തന്നെ മനോഹരമാണ് അങ്ങോട്ടുള്ള യാത്രയും. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച നീലഗിരി മൗണ്ടൈൻ റെയിൽവേ.അവിയെ നിന്നും കൂന്നൂരിലേക്കുള്ള ട്രെയിൻ  യാത്രയും സുന്ദര കാഴ്ചകൾ നിറഞ്ഞതാണ്. മേട്ടുപ്പാളയത്ത് നിന്നാണ് തീവണ്ടി യാത്ര ആരംഭിക്കുന്നത്. കുനൂരിലെ മലകൾ താണ്ടി, ഊട്ടിയിലാണ് ആ യാത്ര അവസാനിക്കുന്നത്.

തേയിലത്തോട്ടങ്ങളാണ് ഈ നാടിന്റെ സമ്പത്ത്. തേയിലയും കൊളുന്തു നുള്ളുന്ന തൊഴിലാളി സ്ത്രീകളുമാണ് ആ നാടിന്റെ മുഖചിത്രം. കൂടാതെ പൂക്കൃഷിയും ചോക്ലേറ്റ് മണമുള്ള അടുക്കളയും കുന്നൂരിന്റെ സവിശേഷതകളാണ്. വിവിധ വിഭാഗങ്ങളിൽപ്പെട്ട, വിലയിൽ മുന്തിയ ഓർക്കിഡുകളും വിവാഹ വിപണിയിലും ആഘോഷങ്ങളിലും ഏറെ ആവശ്യക്കാരുള്ള, വിവിധ നിറത്തിലുള്ള പനിനീർ പുഷ്പങ്ങളും ഈ നാട്ടിലെ വരുമാന മാർഗത്തിനൊപ്പം നയന സൗകുമാര്യം പകരുന്ന കാഴ്ചകളുമാകുന്നു. വേനലിലും ശൈത്യത്തിലും  ഇവിടം സന്ദർശിക്കുന്നതാണ് ഉചിതം. കനത്തമഴയും കഠിനമായ തണുപ്പും അനുഭവപ്പെടുന്ന മഴക്കാലങ്ങളിൽ കുന്നൂരിലെത്തുന്ന സഞ്ചാരികൾ വളരെ കുറവാണ്.

യാത്ര ബസിലാണെങ്കിൽ ഗാന്ധിപുരത്തു നിന്നും ഊട്ടിയിലേക്കുള്ള ബസിൽ കയറിയാൽ മതിയാകും. ഏകദേശം മൂന്നര മണിക്കൂർ കൊണ്ട് കുന്നൂരിലെത്തി ചേരാം. നീലഗിരി മൗണ്ടൈൻ ട്രെയിനിൽ കയറണമെന്നു ആഗ്രഹമുണ്ടെങ്കിൽ മേട്ടുപ്പാളയത്തിൽ നിന്നും യാത്ര ആരംഭിക്കാം . നീലഗിരിയുടെ സൗന്ദര്യം ആസ്വദിച്ചു കുന്നൂരിൽ ചെന്നിറങ്ങാം.