മണ്ണിന്റെ മണമുള്ള കടമക്കുടി

ഗ്രാമം..... മണ്ണിനോടു ചേർന്ന്, മനുഷ്യത്വം പുൽകി, മനുഷ്യർ ഒരുമിച്ചു താമസിക്കുന്നിടം. പാടങ്ങളും തോടുകളും അമ്പലങ്ങ ളും കാവും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും നന്മ നിറ ഞ്ഞ അയൽപക്കങ്ങളും വായനശാലകളും അന്തിക്കൂട്ടങ്ങളും നാട്ടുവഴികളും കൊണ്ട് സൗന്ദര്യം തുളുമ്പുന്നിടം.

എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു പഞ്ചാ യത്താണ് കടമക്കുടി. കടമക്കുടിയെക്കുറിച്ച് ഒരു പാടു കേട്ടി ട്ടുണ്ട്. ചിത്രങ്ങളിലൂടെ കടമക്കുടിയുടെ ഗ്രാമക്കാഴ്ചകൾ ആസ്വദിച്ചിട്ടുമുണ്ട്. ആ കാഴ്ചകളിലേക്ക് ഒരു ഒറ്റയാൻ യാത്ര. നാട്ടിൻ പുറകാഴ്ചകളിലേക്കും. വരാപ്പുഴ വഴി കേരളത്തിന്റെ കൊമ്പനിൽ ബസ് ഇറങ്ങിയാൽ പിന്നെയും 5 km കൂടി.... റോഡുകളിലെ വികസനത്തിന്റെ വേർതിരിവുകളായ വെള്ള വര അവസാനിക്കുന്നിടത്തു തുടങ്ങുന്നു കടമക്കുടി കാഴ്ച കൾ. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്നത് തനി നാടൻ കാഴ്ചകൾ. റോഡു വക്കിൽ സൊറ പറഞ്ഞിരി ക്കുന്ന ചെറുകൂട്ടങ്ങൾ....ഉച്ചത്തിലുള്ള പൊട്ടിച്ചിരികളുമായി കുട്ടിക്കൂട്ടങ്ങൾ. പള്ളിപ്രസംഗത്തിന്റെ കാമ്പും പൊരുളും കീറി മുറിച്ചു ഞായറാഴ്ച കുർബാന കഴിഞ്ഞു മടങ്ങുന്ന ചേച്ചി മാർ... പെരിയാറിന്റെ വരദാനമായ കടമക്കുടിയിലെ ഞായ റാഴ്ച കാഴ്ചകൾ ഇങ്ങനെ പോകുന്നു, ഞായറാഴ്ചയായതു കൊണ്ടു നല്ല തിരക്കുണ്ട്. കുടുംബമായി വന്നവർ, കൂട്ടുകാ രുമായി വരുന്നവർ, എല്ലാവരുടെയും മുഖത്ത് നിറഞ്ഞ കൗതുകം.

അതുവരെ ഒറ്റയ്ക്കായിരുന്ന ഞാൻ അവരുടെ കൂടെ കൂടി. നീലാകാശത്തിലൂടെ കൂട്ടമായി പറന്നു പോകുന്ന കിളികൾ എല്ലാവരിലും അദ്ഭുതം ഉളവാക്കിയ പോലെ തോന്നി. പാടവരമ്പത്ത് വരിയൊത്തു നിൽക്കുന്ന തെങ്ങുകൾ കണ്ടപ്പോൾ കൂട്ടത്തിലുള്ള കുടുംബത്തിലെ പ്രവാസിയായ മുതിർന്ന ചേട്ടൻ മനോഹരമായ ഒരു പാട്ടങ്ങു പാടി... നാളി കേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്.... നാഴിയിടങ്ങഴി മണ്ണുണ്ട്.... കടയിൽ വിലകൊടുത്തു നാളികേരം വാങ്ങുന്ന ഞാനുൾപ്പെടെയുള്ള ന്യൂജെനും ഏറ്റു പാടി. വെള്ള ത്തിൽ ഇരതേടുന്ന കൊക്കുകൾ പാട്ടുകേട്ട് തലപൊക്കി നോക്കി. ചെറുവള്ളത്തിൽ തുഴയുന്ന കർഷകർ കൈവീശി ക്കാണിച്ചു.

തെങ്ങിൽ ചെത്താൻ കയറിയവർ ഒരുവട്ടമൊന്നു തിരിഞ്ഞു നോക്കി. പാട്ടിനിടയിൽ കൂട്ടത്തിലുള്ള ഫാമിലിയി ലെ ആറു വയസ്സുകാരൻ കാലൊന്നു തെറ്റി ചെളിയിൽ ചവിട്ടി താണു, പാട്ടു നിന്നു. എല്ലാവരും നിശ്ശബ്ദരായി. അവന്റെ ചിരി മാത്രം ഉച്ചത്തിൽ കേട്ടു. പിന്നെ എല്ലാവരും അവന്റെ ചിരി യോടൊപ്പം ചേർന്നു. കാഴ്ചക്കാർ ഏറെയെത്തിയാലും കടമ ക്കുടിക്കാർ തിരക്കിലായിരിക്കും. സദാ സമയവും. അത് ആധി യും വ്യാധിയും പിടിച്ച നമ്മുടെ തിരക്കല്ല. ആധുനികന്റെ പരിഭ്രമമോ വിഭ്രാന്തിയോ ഇല്ലാതെ പ്രകൃതിയുടെ താളത്തോ ടു ചേർന്നുള്ള തിരക്ക്.... അതുകൊണ്ടുതന്നെയാവാം ഇതെ ല്ലാം കടമക്കുടിയുടെ സൗന്ദര്യക്കാഴ്ചകളാവുന്നത്. തിരക്കിൽ നിന്നൊക്കെ വിട്ട് ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യത്തിൽ മുഴുകി ശാന്തമായി മണ്ണിനോടു ചേർന്ന് പ്രകൃതിയോടൊപ്പം ഇരി ക്കാൻ പറ്റിയ ഇടം അന്വേഷിക്കുന്നവർക്കു നല്ല ഒരു ഉത്തരമാണ് കടമക്കുടി. കാറ്റിന്റെ തലോടലേറ്റ്.....കിളികളോടു കിന്നരിച്ച്..... കുറച്ചു നേരത്തേക്കെങ്കിലും ജീവിക്കാൻ പറ്റിയ ഇടം. കടമക്കുടി നമ്മളെ വിളിക്കുകയല്ല.... തിരിച്ചു വിളിക്കു കയാണ്, കഴിഞ്ഞ കാലത്തിലോട്ട്..... പിന്നിട്ട വഴികളിലോട്ട്. മണ്ണിനോടു ചേർന്ന് മനുഷ്യനാവാൻ... കാഴ്ചകളിലൂടെ ഒരു തിരിച്ചു പോക്ക്. അങ്ങനെ ഞാനും ആ വിളികേട്ട് ഇവിടെ യെത്തി. കുറച്ചു സമയം മൂടുപടങ്ങളില്ലാത്ത പച്ചമനുഷ്യനായി ജീവിച്ചു.