48 മണിക്കൂർ കൊണ്ട് കന്യാകുമാരി ചുറ്റികാണാം

യാത്രകൾ ഇഷ്ടമില്ലാത്ത ആളുകൾ ഇന്ന് വളരെ കുറവാണ്. ജോലി തിരക്കുകൾ മാറ്റിവെച്ചു ഒന്നോ രണ്ടോ ദിവസം കുടുംബവുമൊത്തു യാത്രക്കൊരുങ്ങാൻ എപ്പോഴും തയാറാണ് ഭൂരിപക്ഷം പേരും. ആഴ്ചാവസാനങ്ങൾ യാതൊരു പരിപാടികളുമില്ലാതെ വിരസമായി തള്ളി നീക്കാനുള്ള മനപ്രയാസത്തിൽ ഇരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വരൂ..തിരുവന്തപുരത്തു നിന്നും കന്യാകുമാരി വരെ റോഡ് മാർഗം ഒരു യാത്ര പോകാം, ആ യാത്രയിൽ നിരവധി കാഴ്ചകളുണ്ട് നിങ്ങൾക്ക് ആസ്വദിക്കാൻ..48 മണിക്കൂർ മാത്രം കയ്യിലെടുത്തുകൊണ്ടു മനോഹരമായ കാഴ്ചകളിലൂടെ വാഹനമോടിക്കാം. കടലും തിരയും ഉദയവും അസ്തമയവും പിന്നെയും ഒട്ടേറെ കാഴ്ചകൾ കണ്ട് മടങ്ങാം. തയാറെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്തോളൂ...യാത്ര തുടങ്ങാം.

ചിതറാൾ

തിരുവനന്തപുരത്തു നിന്നുള്ള യാത്രയിൽ ആദ്യ ലക്ഷ്യം ചിതറാളിലെ ജൈന ക്ഷേത്രമാണ്. ദേശീയപാതയിൽ  മാർത്താണ്ഡത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഇവിടുത്തെ പ്രധാനാകര്‍ഷണം ഒമ്പതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ജൈനമതസ്ഥരുടെ ക്ഷേത്രമാണ്. ‌അക്കാലത്തെ വാസ്തുവിദ്യയുടെ തിരുശേഷിപ്പുകൾ ഇന്നും ദൃശ്യമാണിവിടെ. ട്രെക്കിങ് പ്രിയരെ ഏറെ ആകർഷിക്കും ഈ ഗുഹാക്ഷേത്രം. കരിങ്കല്ലിൽ കൊത്തിയ ധ്യാനനിരതനായ തീർത്ഥങ്കരന്റെ ശില്പവും ഗുഹാശില്പങ്ങളിലെ ധർമദേവതയുമെല്ലാം തിരുചരണാത്തുപള്ളി എന്ന ചിതറാളിലെ വൈവിധ്യമാർന്ന കാഴ്ചകളാണ്. വേനൽകാലങ്ങളിൽ ഇവിടെ അധികം സമയം ചിലവഴിക്കുന്നത് അസാധ്യമായിരിക്കും. കഠിനമായ ചൂട്  വലയ്ക്കാനിടയുണ്ട്. അതുകൊണ്ടു തന്നെ ചിതറാളിലെ കാഴ്ചകൾക്ക് തൽക്കാലം ഒന്ന് വിരാമമിടാം. ഇനി അടുത്ത കേന്ദ്രത്തിലേക്ക്..

പദ്‌മനാഭപുരം കൊട്ടാരം 

സംസ്ഥാനം മാറിയെങ്കിലും ഇന്നും കേരളത്തിന്റെ അധീനതയിലുള്ള കൊട്ടാരമാണ് പദ്‌മനാഭപുരം. തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയിൽ  തക്കല എന്ന സ്ഥലത്തു നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ മാറിയാണ് ചരിത്രമുറങ്ങുന്ന ഈ കൊട്ടാരക്കെട്ടുകൾ നിലനിൽക്കുന്നത്. പൗരാണിക കേരളത്തിലെ തനതു വാസ്തുവിദ്യയുടെ സമ്മോഹനമായ കാഴ്ചകളുണ്ടിവിടെ. ആറ് ഏക്കറോളം നീണ്ടു കിടക്കുന്ന കൊട്ടാരവും അതിനോട് ചേർന്നൊഴുകുന്ന വല്ലീനദിയും സുന്ദരമായ യാത്രാനുഭവമാകും പകർന്നുനൽകുക. പദ്മനാഭപുരത്തെ കാഴ്ചകൾ കണ്ടുതീർത്ത്..നേരം ഏറെ വൈകുന്നതിനുമുമ്പു കന്യാകുമാരിയിലെത്തിച്ചേരണം.

കന്യാകുമാരി  

ഒരുമിച്ചു ചേരാൻ കഴിയാതെ പോയ കന്യാദേവിയും ശുചീന്ദ്ര ദേവനും നഷ്ടപ്രണയത്തിന്റെ തീവ്രതപേറി നിൽക്കുന്ന ഭൂമികയാണ് കന്യാകുമാരി. അന്ന്  ഇരുവരുടെയും  കല്യാണനാളിൽ ഉപയോഗിക്കാൻ കഴിയാതെ  പോയ അരിമണികൾ ഒരിക്കലും ക്ഷയിക്കാത്ത കല്ലുമണികളായി ഇന്നും ആ കടൽത്തീരത്ത് പ്രണയം പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെയായിരിക്കണം  കാണാനെത്തുന്നവരുടെയെല്ലാം ജീവിതത്തിൽ പ്രണയത്തിന്റെ നിറങ്ങൾ നൽകി ദേവി അനുഗ്രഹിക്കുന്നത്. അർക്കന്റെ അസ്തമയം കാണാൻ ഈ കടലോളം മനോഹരമായ മറ്റിടങ്ങൾ കുറവാണ്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും സംഗമിക്കുന്ന ഈ ത്രിവേണീസംഗമ ഭൂമിയിൽ കന്യാകുമാരി കടൽത്തീരത്ത് ഒരു  സായന്തനം ചെലവിടണം. ശാന്ത സുന്ദരമായ ആ തീരം അന്നത്തെ യാത്രയുടെ മുഴുവൻ ആലസ്യത്തേയും ആ ഒറ്റകാഴ്ചകൊണ്ട് മായ്ചുകളയും. വിവേകാനന്ദ പാറയും മഹാത്മാഗാന്ധി മെമ്മോറിയലും തിരുവള്ളുവരുടെ പ്രതിമയുമെല്ലാം കന്യാകുമാരിയിലെ ആ യാത്രയിൽ പുതുകാഴ്ചകളൊരുക്കും.

കന്യാകുമാരിയിലെ ഉദയം കണ്ടുകൊണ്ടാകണം അടുത്ത പ്രഭാതത്തിൽ ഉണരേണ്ടത്. അത്തരത്തിലൊരു സ്ഥലം താമസിക്കാനായി തെരെഞ്ഞെടുക്കുന്നതാണ് ഉത്തമം. ഉദയത്തിനു ശേഷമുള്ള അന്നത്തെ  കാഴ്ചകളിൽ ആദ്യസ്ഥാനം വട്ടക്കോട്ടയ്ക്കു തന്നെയാകട്ടേ...

വട്ടക്കോട്ട

കന്യാകുമാരിയിലെ കടലോര കാഴ്ചകളിൽ അത്യാകർഷകമായ ഒരു കാഴ്ചയാണ് വട്ടക്കോട്ട. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വൃത്താകൃതിയിൽ പണിതിരിക്കുന്ന കോട്ടയാണിത്‌. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കോട്ട പൂർണമായും കരിങ്കല്ലിലാണ് നിർമിച്ചിരിക്കുന്നത്. തിരുവിതാംകൂറിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പണിതതാണിതെന്ന്  ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരുഭാഗത്തു കടലും മറുഭാഗത്തു പശ്ചിമഘട്ടവുമായി ആരെയും മോഹിപ്പിക്കുന്ന കാഴ്ചകളാൽ സമ്പന്നമാണിവിടം. തിരുവിതാംകൂറിലെ പടത്തലവനായിരുന്ന ഡി ലെനോയ് ആണ് ഈ കോട്ടയുടെ നിർമാണത്തിന് നേതൃത്വം വഹിച്ചത്. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത കോട്ടയാണിന്നിത്‌. കേട്ടറിഞ്ഞവർ കണ്ടറിയാനായി എത്തുന്നതുകൊണ്ടു തിരക്കുള്ളൊരു  വിനോദ സഞ്ചാരകേന്ദ്രമാണിവിടം.

മുപ്പന്തൽ 

കന്യാകുമാരിയിൽ നിന്നും വീശിയടിക്കുന്ന കാറ്റിനെ വൈദ്യുതിയാക്കി മാറ്റുന്ന മുപ്പന്തൽ എന്ന ഗ്രാമം കാഴ്ചക്കാരിൽ കൗതുകമുണർത്തും. നീണ്ടു പരന്നു കിടക്കുന്ന ഭൂമിയിൽ കാറ്റിനെ ആവാഹിക്കാനായി കണ്ണെത്താദൂരത്തോളം കാറ്റാടികൾ സ്ഥാപിച്ചിരിക്കുന്ന കാഴ്ച കണ്ണുകൾക്ക് ആനന്ദം നൽകുന്നതാണ്. ഒരു തടസവും കൂടാതെ അറബികടലിൽ നിന്നെത്തുന്ന കാറ്റിനെ ഇവിടെ വൈദ്യുതിയാക്കി മാറ്റുമ്പോൾ തെക്കനേഷ്യയിലെ തന്നെ ഏറ്റവും വലിയൊരു വൈദ്യുതി ഉല്പാദന പദ്ധതിയായി ഇതുമാറുന്നു.

തൃപ്പരപ്പ് വെള്ളച്ചാട്ടം

തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലെ തണുത്ത ജലത്തുള്ളികൾ മൂർദ്ധാവിൽ വീഴുമ്പോൾ യാത്ര സമ്മാനിച്ച ചെറിയൊരാലസ്യമൊഴിയും. കോതയാറിൽ നിന്നും ഏകദേശം രണ്ടായിരത്തോളമടി ഉയരത്തിൽ നിന്ന് ജലം താഴേക്ക് പതിക്കുന്നതാണ് തൃപ്പരപ്പ്‌ വെള്ളച്ചാട്ടം. കോതയാറും തൃപ്പരപ്പ് വെള്ളച്ചാട്ടവും അതിമോഹനമായ കാഴ്ച്ചകൾ സമ്മാനിക്കുന്നിടങ്ങളാണ്. ആറിന് കുറുകെ ഒരു തടയണയും ആറിന് മധ്യഭാഗത്തായി വിശാഖം തിരുന്നാൾ പണികഴിപ്പിച്ച ഒരു കല്മണ്ഡപവും കാണാവുന്നതാണ്. വര്ഷം മുഴുവൻ ജലപാതമുള്ളതു കൊണ്ട് തന്നെ നിരവധി സഞ്ചാരികൾ എത്തുന്ന ഒരിടമാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം.

ശുചീന്ദ്ര ക്ഷേത്രവും സെന്റ് തോമസ് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന തിരുവിതാംകോട് അരപ്പള്ളിയും വേളിമല മുരുകക്ഷേത്രവുമെല്ലാം ഈ യാത്രയിൽ ഇനിയും കണ്ടു തീർക്കാനുള്ള കാഴ്ചകളാണ്.  തിരുവനന്തപുരം-കന്യാകുമാരി യാത്ര നൽകിയ അതിസുന്ദരമായ അനുഭവങ്ങളുമായി ഇനി മടക്കയാത്രയാണ്. കാണാത്ത കാഴ്ചകൾ കാണാനായി ഇതുപോലുള്ള ആഴ്ചാവസാനങ്ങളിൽ ഒരു വരവ് കൂടി വരേണ്ടി വരും.