അദ്ഭുതങ്ങൾ കുടികൊള്ളുന്ന ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

ആർത്തവ സമയത്തു സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെ സംബന്ധിച്ച് നിരവധി വാഗ്വാദങ്ങൾ നടക്കുന്ന കാലമാണിത്. ഒരു വിഭാഗം അതിനെയെതിർക്കുമ്പോൾ മറ്റൊരു വിഭാഗം ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ്. ആർത്തവവും ആ സമയത്തെ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമൊക്കെ വലിയ ചർച്ചകളാകുമ്പോൾ ക്ഷേത്രത്തിലെ ആരാധനാമൂർത്തി തന്നെ രജസ്വലയായി പുറത്തുപോകുന്ന അദ്ഭുതകാഴ്ചക്കു വേദിയാകുന്ന ഒരു ക്ഷേത്രമുണ്ട് ആലപ്പുഴ ജില്ലയിൽ, ചെങ്ങന്നൂർ ശ്രീ മഹാദേവ ക്ഷേത്രം. അദ്ഭുതങ്ങൾ കുടികൊള്ളുന്ന ആ ക്ഷേത്രപുണ്യം തേടിയുള്ള  യാത്രയാണിത്.

ധാരാളം  ഐതീഹ്യങ്ങൾ കുടികൊള്ളുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ്. മഹാദേവ ക്ഷേത്രമെന്നാണ് പേരെങ്കിലും  ഭഗവതിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പാർവതീ സമേതനായ പരമേശ്വരനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പൗരാണികത നിറഞ്ഞുനിൽക്കുന്ന ഈ ക്ഷേത്രം നിര്‍മിച്ചത് വഞ്ഞിപ്പുഴ തമ്പുരാന്മാരാണെന്നാണ് പറയപ്പെടുന്നത്. പെരുന്തച്ചനാണ് ക്ഷേത്രത്തിന്റെ നിർമാണം നടത്തിയത്. എന്നാൽ അന്നു പണിത ആ ക്ഷേത്രം കത്തിപോകുകയും പിന്നീട് തഞ്ചാവൂരിൽ നിന്നെത്തിയ തച്ചുശാസ്ത്ര വിദഗ്ധർ പണിതതാണ് ഇന്നുള്ള ചെങ്ങന്നൂർ ശ്രീ മഹാദേവ ക്ഷേത്രം എന്നുമാണ്  ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. 

കേരളീയശൈലിയിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ നിര്‍മാണരീതി ഏറെ ആകർഷകമാണ്. വലിയ വട്ടശ്രീകോവിലാണ്  ഈ ക്ഷേത്രത്തിനുള്ളത്.  ദാരുശില്പങ്ങളാൽ നിറഞ്ഞ ക്ഷേത്രച്ചുവരുകളും നമസ്ക്കാര മണ്ഡപവും നാലമ്പലവും അഞ്ച് ആനകളെ എഴുന്നെള്ളിക്കാൻ കഴിയുന്ന ആനക്കൊട്ടിലും കൂത്തമ്പലവും ഗോപുരങ്ങളുമൊക്കെ ചെങ്ങന്നൂരിലെ ഈ മഹാദേവ ക്ഷേത്രത്തെ  മനോഹരമാക്കുന്നു.

രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തെ സംബന്ധിക്കുന്ന മഹാദ്ഭുതം. പൂജാസമയത്തു ദേവിയുടെ ഉടയാടകളിൽ  രജസ്വലയാകുന്നതിന്റെ അടയാളങ്ങൾ കണ്ടാൽ പിന്നെ മൂന്നു ദിവസത്തേക്ക് നടയടക്കുകയും നാലാം ദിനത്തിൽ ദേവിയെ ആഘോഷപൂർവം കൊണ്ടുപോയി മിത്രപുഴയിൽ ആറാട്ടുനടത്തി, കടവിലെ കുളിപ്പുരയിൽ  ആനയിച്ചിരുത്തുകയും ചെയ്യുന്നു. അതിനു ശേഷം പിടിയാന പുറത്ത് എഴുന്നെള്ളിക്കും. അന്നേരം മഹാദേവനും ദേവിയെ കാണാനായി എഴുന്നെള്ളും. ഭക്തർ പറയും നെയ്യ് വിളക്കും കാണിക്കയും പൂങ്കുലയുമായി ഭഗവതിയെ എതിരേൽക്കാൻ നിൽക്കുന്നു. ആഗ്രഹ സാഫല്യത്തിനും സന്താന ലബ്ധിക്കും വിവാഹം നടക്കാനുമെല്ലാം തൃപ്പൂത്താറാട്ട് ദിനത്തിലെ പ്രാർത്ഥനകൾ കൊണ്ട് സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഇത്തരത്തിൽ ഒരു അദ്ഭുതത്തിനു സാക്ഷിയാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ വേറെയില്ല. ലോകപ്രസിദ്ധമാണ് ചെങ്ങന്നൂർ ക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട്. 

ധനുമാസത്തിലെ തിരുവാതിര നാളിൽ തുടങ്ങി മകരമാസത്തിലെ തിരുവാതിര നാളുവരെ നീണ്ടു നിൽക്കുന്ന ഇരുപത്തിയെട്ടുദിവസത്തെ തിരുവുത്സവമാണ് മഹാദേവ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരാഘോഷം. ഈ ഇരുപത്തിയെട്ടു ദിനങ്ങളും ആ കര മുഴുവൻ ആഘോഷത്തിമർപ്പിലായിരിക്കും.

ചെങ്ങന്നൂർ നഗരത്തിൽ നിന്ന് 500 മീറ്ററും  റെയിൽവേ സ്റ്റേഷനിൽ നിന്ന്   ഒരു കിലോമീറ്ററും  മാത്രമാണ് മഹാദേവ ക്ഷേത്രത്തിലേക്കുള്ള ദൂരം. 

പമ്പാനദിയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര പരിസരവും വളരെ മനോഹരമാണ്. ക്ഷേത്രത്തിനു അരകിലോമീറ്റർ അകലെയായാണ് പമ്പാനദി ഒഴുകുന്നത്. പമ്പയുടെ കൈവഴിയായ മിത്രപുഴയിലാണ് ഉത്സവത്തിന്റെ അവസാനം മഹാദേവന്റെ ആറാട്ടും തൃപ്പൂത്താകുന്ന ദേവിയുടെ ആറാട്ടും ഈ മിത്രപ്പുഴകടവിലാണ് നടക്കാറ്.