കേരളത്തിലെ ഏക മഴനിഴ‌ൽക്കാട്ടിലേക്ക്

പൂക്കളില്ലാത്ത പൂക്കാലമായിരുന്നു ചിന്നാറിൽ. കാഴ്ചയിലെങ്ങും ഇലകൾ തീർക്കുന്ന വസന്തം. മരങ്ങളെല്ലാം കടുംപച്ച നിറം മാറ്റി ഇളംപച്ചയിലേക്കും കിളിപ്പച്ചയിലേക്കും പിന്നെ മഞ്ഞയുടെയും ചുവപ്പിന്റെയും പലപല വകഭേദങ്ങളിലേക്കും ഇലകൾ പൊഴിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ  ഏക മഴനിഴൽക്കാടായ ചിന്നാറിലേക്ക്, ജനുവരി ഫെബ്രുവരി മാസങ്ങളിൽ ചെന്നാലാണ് ഈ കാഴ്ചകൾ. മൂന്നാർ മറയൂർ വഴി തമിഴ്നാട്ടിലേക്കു പോകുമ്പോൾ ഒരു ഇടത്താവളമായിപ്പോലും അധികമാരും പരിഗണിക്കാത്ത ഈ വന്യജീവി സങ്കേതം പക്ഷേ, കേരളത്തിന്റെ അമൂല്യ സമ്പത്തുകളിൽ ഒന്നാണ്. ചിന്നാറിലെ പെരിയ കാഴ്ചകൾ കാണാൻ ഡീസൽ ഹൃദയമുള്ള സോണാലിക എക്സ്ട്രീം ആണു കൂട്ട്. 

അതെന്താപ്പോ ഈ മഴനിഴൽക്കാട്?

പലതരം കാടുകൾ കണ്ടിട്ടുള്ളവര്‍ക്കു ചിന്നാറിലെ കാട് പുതുമയായിരിക്കും. കേരളത്തിന്റെ ഏക മഴനിഴൽവനമാണിത്. സഹ്യപർവതത്തിന്റെ മറുപുറത്താണു ചിന്നാർ. ഇപ്പുറത്തുള്ള നമുക്കു സമൃദ്ധിയായി മഴ കിട്ടുമ്പോൾ ചിന്നാറിലും മറയൂരി ലും മഴയുടെ ‘നിഴൽ’ മാത്രമേ കിട്ടുകയുള്ളൂ. കണക്കുകൾ പറയുന്ന കഥ നോക്കൂ–സഹ്യനിലേക്കുള്ള കയറ്റം തുടങ്ങുന്ന നേര്യമംഗലത്ത് 5883 മില്ലീമീറ്റർ മഴ കിട്ടുമ്പോൾ ഇറക്കമായ ചിന്നാറില്‍ വെറും 500 മില്ലീമീറ്ററിനു താഴെ മാത്രം.

ലോട്ടറിയടിച്ചയാളെ നോക്കി ദീർഘശ്വാസമുതിർക്കുന്ന അയൽക്കാരനെപ്പോലെയാണു ചിന്നാർ ചുരുക്കത്തിൽ എന്നു കരുതി തനി വരണ്ട കാടാണിതെന്നു കരുതേണ്ട. നാടിനും കാടിനും നറും നീരു പകരുന്ന നിത്യഹരിത ചോലക്കാടുകള്‍ മുതൽ ചിന്നാറി നു മാത്രം സ്വന്തമായ കുറ്റിമുൾക്കാടും ഉൾപ്പെടുന്ന ആറുതരം കാടിന്റെ വൈവിധ്യം ആരെയും അമ്പരപ്പിക്കും. ആ കാടും കാടറിവുകളും അനുഭവിച്ച് രണ്ടു ദിവസം.

താനാ വന്ത സന്ദനമേ

 കാട്ടുപോത്തുകൾ മേഞ്ഞു നടക്കുന്ന ചന്ദനക്കാടുകള്‍ കണ്ടപ്പോഴാണ് ഇളയരാജയുടെ ആ ഗാനം ചുണ്ടിലെത്തിയത്.

താനാ വന്ത സന്ദനമേ

ഉന്ന തഴുവ് ദിനം സമ്മതമേ

പാട്ട് ഇങ്ങനെയാണെങ്കിലും ഒരു ചന്ദനമരത്തെപ്പോലും തഴുകാൻ വനം വകുപ്പ് അനുവദിക്കുകയില്ല. എല്ലായിടത്തും വേലി കെട്ടി തിരിച്ചിട്ടുണ്ട്. എന്നാലും ‘വേലിക്കകത്തു’ പെടാതെ പ്രതിപക്ഷസ്വരമുയർത്തുന്ന ചില മരങ്ങളുണ്ട്. അവയ്ക്കു പക്ഷേ, ‘അച്ചടക്കനടപടി’ യെന്ന മുൾവേലി ചുറ്റിയിട്ടുണ്ട്. ‘ആം ആദ്മി’ക്കാർ വന്നു വെട്ടിക്കൊണ്ടു പോവരുതല്ലോ. അല്ലെങ്കിലും ചന്ദനത്തിന് ഒറ്റയ്ക്കു വളരാൻ പറ്റില്ല. ഇതൊരു പരാദസസ്യമാണ്. 

പോകുന്ന വഴിക്കാണ് ലക്കം വെള്ളച്ചാട്ടം. ഉത്തരേന്ത്യൻ സുന്ദരീ സുന്ദരൻമാര്‍ ആസ്വദിച്ചു കുളിക്കുന്നു. ലക്കത്തിൽ നിന്നു നുരഞ്ഞു പതഞ്ഞൊഴുകുന്ന പാമ്പാറാണു റോഡിനു സമാന്തരമായി ഒഴുകി ചിന്നാറിലേക്കെത്തുന്നത്.  ഒരു പക്ഷിക്കണ്ണിലൂടെയെന്നവണ്ണം പാമ്പാറും  അങ്ങകലെ വരണ്ട കാടു കളെ മാറിലേന്തുന്ന മലകളും തൂവാനം വെള്ളച്ചാട്ടവും കാണാം. നല്ല ഉയരമുള്ള സ്ഥലത്തു നിർത്തി ഫോട്ടോയെടുത്തു. ഇവിടത്തെ സൂയിസൈഡ് പോയിന്റാണത്രേ ഇത്. എല്ലാ ഹിൽസ്റ്റേഷനുകളിലും മിനിമം ഒരു സൂയിസൈഡ് പോയിന്റ് എങ്കിലുമുണ്ടാകും. സുന്ദരമായ ഇത്തരം സ്ഥലത്തു വന്നു ആത്മഹത്യ ചെയ്യുന്നവനെ വെടിവച്ചു കൊല്ലണം. മൂന്നരത്തരം!!!

ചിന്നാറിലേക്കുള്ള  ചെറിയ മലയോരപാതകളിൽ എക്സ്ട്രീം അനായാസമാണ് ഫുൾലോഡിൽ മുന്നേറിയത്. മൂന്നാംനിരയിലും നല്ല സ്പേസുള്ളതു കൊണ്ട് മറയൂരിലെ സുഹൃത്തിനും ഗൈഡുകൾക്കും സുഖമായിരിക്കാൻ പറ്റി. 

ആദ്യം ആനമലയിലേക്ക്

ചിന്നാര്‍ ഫോറസ്റ്റ് ഓഫിസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഷാജി സാർ ചുരുളിപ്പെട്ടി ലോഗ് ഹൗസിലായിരുന്നു താമസമൊരുക്കിയതെങ്കിലും ട്രാവലോഗ് ടീം എത്തിയപ്പോൾ സന്ധ്യ മയങ്ങി. ആനകളുടെ സ്വൈരവിഹാരം കാരണം  അന്ന് വനംവകുപ്പിന്റെ കെട്ടിടത്തിൽ തങ്ങി. ‘ആനശല്യം’ രൂക്ഷമാ ണെന്നാണ് ഒരു ലോറിക്കാരൻ പറഞ്ഞത്. നാട്ടുകാരെക്കൊണ്ടു തോറ്റു എന്നു കക്കാനിറങ്ങിയവൻ പറയുന്നതു പോലെ തോന്നി. ആനശല്യമാണത്രേ....കാട് ആനകളുടെ വീടല്ലേ സാർ അവർ മേഞ്ഞു നടക്കട്ടെ. 

എന്നാലും കാടു കയറാനൊരു ആനക്കൊതി. ബിഎഫ്ഒ ക്ലെമന്റ് ഒരു വഴി പറഞ്ഞു. തൊട്ടപ്പുറത്ത് തമിഴ്നാട്ടിലെ  ആനമല ടൈഗർ റിസർവാണ്. അവിടെ എസ് വളവിൽ ആന കൾ നിൽപുണ്ടത്രേ. കേട്ട ‘കാൽ’ കേൾക്കാത്ത പാതി മുഴു വൻ പേരും എക്സ്ട്രീമിൽ ചാടിക്കയറി നേരെ ടൈഗർ റിസർ വിലേക്കു രാത്രിയാത്ര നടത്തി. പതിഞ്ഞ ശബ്ദത്തിലായി പിന്നെ സംസാരം. 

‘‘രാത്രി ആനയെക്കണ്ടാൽ എങ്ങനെയിരിക്കും?’’

‘‘ഇങ്ങനെയൊക്കത്തന്നെ ഇരുന്നാൽ മതി, പക്ഷേ മുള്ളരുത്’’– മറയൂർ സാൻഡർ റിസർവ് ഉദ്യോഗസ്ഥ ക്രിസ്റ്റോയുടെ മറുപടി.

‘‘ആന വന്നാൽ പേടിയുള്ളവരെല്ലാം എന്റെ ചുറ്റും നിന്നോണം’’ – എക്സ്ട്രീമിന്റെ സാരഥി തരുൺ.

‘‘അതു പറയുമ്പോൾ ശബ്ദത്തിനെന്താ ഒരു വിറ....റ...യ.....ൽ? – നോബിൾ 

‘‘ചുമ്മാ, ആനയെ കാണുന്നതിന്റെയൊരു ആംബിയൻസ് മനസ്സിൽ കണ്ടതാ’’– തരുൺ.

 വളവു കഴിഞ്ഞു പിന്നെയും മുന്നോട്ടു പോയി ജയലളിതാമ്മയെ വരെ കണ്ടു തിരിച്ചു പോന്നെങ്കിലും ആന പോയിട്ട് ആനപ്പൂടപോലും വഴിയിലില്ല.  

ചീകിവച്ചതുപോലെ മരങ്ങളെ തിരിടുന്ന പാതയോരത്ത് ലൈറ്റ് ഓഫ് ചെയ്ത് കുറച്ചു നേരം നിന്നു. 

താരകാറാണിമാർ

രസകരമായ രാത്രി. മാനത്തെ മട്ടുപ്പാവിലെ താരകാറാണി മാരെയും ‘വായ്നോക്കി’ കാടിനുള്ളിൽ നിന്നുള്ള ശബ്ദവീചികൾക്കു കാതോർത്ത് ഒരു രാത്രി. മൊബൈൽ ഫോണിനു റേഞ്ചില്ല. യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളില്ല, പുക ശല്യമില്ല. നല്ല തണുപ്പിൽ കഥകൾ പറഞ്ഞിരിക്കാം. ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാം, വല്ല പുലിയോ കടുവയോ വന്നു ചുണ്ണാമ്പുണ്ടോ ചേട്ടാ എന്നു ചോദിച്ചെങ്കിലായി. അല്ലാതെ ഒരു കുഞ്ഞു പോലും നിങ്ങളെ ശല്യപ്പെടുത്തില്ല. ഹൃദ്രോഗികളും ബിപിയുള്ളവരും ഇങ്ങോട്ടു പോരുക. ഒരാഴ്ച ഈ ശാന്തതയിൽ കഴിഞ്ഞാൽ രോഗങ്ങൾ കൂട്ടാർ വഴി തമിഴ്നാട്ടിലേക്കു പോകും. അധ്വാനിച്ചു ജീവിക്കുന്ന തമിഴർക്ക് ഇവയൊന്നും ഏശുകയില്ലല്ലോ.

അര്‍ക്കനെ പിടിച്ചവനേ....

രാവിലെ കൺമിഴിക്കുമ്പോഴുള്ള ദൃശ്യം ജീവിതത്തിൽ മറക്കില്ല. കുട്ടിക്കാലത്തു വരച്ചു പഠിച്ച, മലമുകളിൽ ഉദിക്കുന്ന സൂര്യൻ ഇതാ കൺമുന്നിൽ. കാട് പല അടരുകളായി താഴെ. വാച്ച് ടവറിൽ കുറെ കൊച്ചു കുട്ടികൾ ഉദയം കാണാൻ കയറിയിരിക്കുന്നുണ്ട്. ഇതേ സൂര്യനെയല്ലേ ഹനുമാന്‍ പണ്ട് പഴമാണെന്നു കരുതി പറിക്കാൻ തുനിഞ്ഞത്? അതെയെന്നു ചില്ലകളനക്കിയൊരുത്തരം കിട്ടി.

തലയ്ക്കു മുകളിൽ ഒരു ഹനുമാൻ കുരങ്ങ്. കേരളത്തിൽ ചിന്നാറിൽ മാത്രമേ ഹനുമാൻ കുരങ്ങുള്ളൂ. എല്ലാം  കുരങ്ങൻമാരാണെങ്കിലും വാനരദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ മാത്രമേയുള്ളൂവെന്ന അഹങ്കാരത്തിൽ ഇവർ കൂട്ടമായിരുന്നു കായ്കനികൾ ഭക്ഷിക്കുകയാണ്. 

ചിന്നാർ വന്യജീവി സങ്കേതം

90,442 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ചിന്നാറിൽ മാത്രം കാണപ്പെടുന്ന ജീവികളാണ് ഹനുമാൻ കുരങ്ങ്, ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ എന്നിവ. ആന, പുലി, മാൻ, കേഴ, കൂര തുടങ്ങിയ താമസക്കാർ വേറെയും. ലോഗ് ഹൗസുകൾ, മച്ചാൻ എന്നു വിളിപ്പേരുള്ള മരമുകളിലെ കുടിൽ, പാരമ്പര്യ രീതിയിലുള്ള മൺവീട്, ഡോർമിറ്ററി ഇവ സഞ്ചാരി കള്‍ക്കായി തയ്യാറാണ്. ഡേ ട്രക്കിങ്, നൈറ്റ് ക്യാമ്പിങ്ങ് സൗകര്യങ്ങളുമുണ്ട്. ഇവയെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യണം (മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ 04865–231587).

സർക്കാർ ഉദ്യോഗസ്ഥരോട് സ്നേഹവും  ബഹുമാനവും തോന്നുക ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാണുമ്പോഴാണെന്ന് ഒരു സുഹൃത്ത് പറയാറുണ്ട്. കാരണം പ്രകൃതിയോടു സ്നേഹമുണ്ടെങ്കിലേ ഈ ജോലിയൊരുക്കുന്ന  ‘പ്രതികൂല സാഹചര്യങ്ങൾ’ ഇഷ്ടപ്പെടൂ. ചിന്നാറിൽ പ്രത്യേകിച്ചും. ആലപ്പുഴയിൽ  20 ദിവസം ആശുപത്രിയിലായിരുന്ന അമ്മയുടെ വിവരം അറിയാൻ പോലും വൈകിയെന്നു ബീറ്റ് ഫോറസ്റ്റ് ഓഫിസർ (മുൻപ് ഫോറസ്റ്റ് ഗാ‍ഡ് എന്നായിരുന്നു ഈ പദവിക്കു പേര്) ക്ലമന്റ്. ഇതു പോലുള്ള ഉദാഹരണങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ഇവിടം സ്വർഗമാണ് എന്നാണിവരുടെ നയം. ചിന്നാറിലെ ഉദ്യോഗസ്ഥരുടെ സഹൃദയത്വം നമ്മെ വീണ്ടും  ചിന്നാറിലെത്തിക്കും. 

ട്രക്കിങ് പല കാടുകളിലൂടെ

‌രാവിലെ ട്രക്കിങ് തുടങ്ങും. ഉഷ്ണ മേഖല ഇലപൊഴിയും കാടിലൂടെ നടന്ന് തിരികെ ചിന്നാറിലെ മാത്രം പ്രത്യേകത യായ പുഴയോര വനത്തിലൂടെ വരാം. എത്രമാത്രം സുന്ദരമാണിവിടമെന്നോ! ഇതുപോലൊരു പെയിന്റിങ് ചെയ്യാൻ പ്രകൃതിക്കു മാത്രമേ പറ്റുകയുള്ളൂ. ചിന്നാർ വന്യജീവി സങ്കേതത്തിലെ നദികളാണു ചിന്നാർ, പാമ്പാർ എന്നിവ. ഇവ രണ്ടും കൂട്ടാറിൽ ചേർന്ന് തേനാറായി അമരാവതി ഡാമിലേക്കു യാത്രയാകും. കൂട്ടത്തിൽ സുന്ദരി ചിന്നാ റാണ്. നിറയെ കല്ലുകളുള്ള, നല്ല തെളിനീരൊഴുകുന്ന, അധി കം ആഴമില്ലാത്ത ഈ കുഞ്ഞാറിനു  തണലായി കൂറ്റൻ മരങ്ങൾ. ഈ സുന്ദരിയുടെ മാറിൽ ഇത്തിരി നേരം വിശ്രമിക്കാ മെന്നു വച്ചാൽ സൂക്ഷിച്ചു വേണം. പുള്ളിപ്പുലികൾ മയങ്ങുന്ന മരങ്ങൾക്കു താഴെയാകും ചിലപ്പോൾ നിങ്ങളിരിക്കുക. വലിയൊരു മാനിന്റെ തലയോട്ടി സാക്ഷി. രണ്ടു മേനി പ്രാവുകൾ ഒരു മേനിയായി മുട്ടിയുരുമ്മിയിരിക്കുകയാണു മുകളിൽ. കുറെ നേരം നോക്കിയിരുന്നു. 

എന്റെ പൊന്നു സദാചാരക്കാരെ, ഞങ്ങളൊന്നു സൊള്ളിക്കോട്ടേ എന്നു മെല്ലെ മൊഴിഞ്ഞ് അവ മേൽക്കൊമ്പിലേക്കു പറന്നു കയറി. നീണ്ട വെള്ള വാലുള്ള നാകമോഹൻ കിളി ആറിനപ്പുറത്തു പാറിക്കളിക്കുന്നു. ആറു ചാടിക്കടന്നു ചെന്ന പ്പോൾ മരീചിക നീങ്ങിപ്പോകുന്നതുപോലെ നാകമോഹൻ വാലാട്ടി പറന്നു പറന്നു പോയി. ‘‘മോഹനേട്ടാ അതു തമിഴ്നാടിന്റെ കാടാണ്. ഇന്ത കേരളപ്പുയലുകൾക്ക് അങ്കെ വരക്കൂ ടാത്’’.ട്രക്കിങ് കഴിഞ്ഞ്  ചമ്പക്കാട് ഇഡിസിയുടെ കീഴിലുള്ള അമിനിറ്റീസ് സെന്ററിൽ നിന്നു ചൂടോടെ ഭക്ഷണം കഴിച്ച് യാത്ര തിരിച്ചു. 

ചരിത്രാതീത കാലത്തേക്ക്

ചിന്നാറിൽ നിന്നു മറയൂർ റോഡിൽ അരമണിക്കൂർ യാത്ര ചെയ്താൽ ‘ഇരുമ്പുയുഗത്തിലെത്താം’ ക്ഷമിക്കണം.  ആലാംപെട്ടി ഡോൾമെൻ സൈറ്റിലെത്താം. ഇഡിസി സെന്ററിൽ നിന്നു ടിക്കെറ്റെടുത്ത് ചെറിയൊരു ട്രക്കിങ്. സംഘകാലത്തേ തെന്നു കരുതപ്പെടുന്ന മുനിയറകളുണ്ട് ഇവിടെ. ‘ആത്മാക്കളെ’ ഇതിലാണ് അടക്കം ചെയ്തിരിക്കുന്നതത്രേ. ആദ്യം മൃതദേഹം മറവു ചെയ്യും. പിന്നീട് അസ്ഥിയും മറ്റും മുനിയറയിൽ നിക്ഷേപിക്കും. ഇതാണു രീതി. മുകളിലേക്കു പോയാൽ മടത്തല പെയിന്റഡ് റോക്ക് ഷെൽട്ടറുകളിൽ ഉണ്ട്.  ആദിമ മനുഷ്യന്റെ ആദ്യ വീടുകളിലൊന്ന്. ശിലയില്‍ കാളയുടെയും കുതിരയുടെയുമൊക്കെ ചിത്രങ്ങൾ വരച്ചു വച്ചിട്ടുണ്ട്. നവീന ശിലായുഗത്തിലും ഇരുമ്പുയുഗത്തിലുമായി പൂർത്തിയാക്കിയ താണത്രേ ഈ ചിത്രങ്ങൾ. കാഴ്ചക്കാർക്ക് ഈ ചിത്രങ്ങളുടെ പഴക്കവും മൂല്യവും അറിയില്ലെന്നു ഗൈഡ് പറഞ്ഞു. ഒരു ചിത്രം അത്ര വ്യക്തമല്ല. ഒരിക്കൽ ഏതോ ടൂറിസ്റ്റ് പെപ്സി ആ ചിത്രത്തിനുമേൽ ഒഴിച്ചു. അന്നു മുതൽ  ചിത്രം മങ്ങി വരികയാണ്. വന്യമൃഗങ്ങളെ പേടിച്ച് മനുഷ്യൻ ഉയരങ്ങളിലായിരുന്നത്രേ താമസം. ഇത്ര ഉയരത്തിൽ  ഇവ വരുമോ എന്ന ചോദ്യത്തിന് ഗൈഡ് രണ്ട് അടയാളങ്ങൾ ഉത്തരമായി കാണിച്ചു തന്നു. 

1 സമീപത്തെ മരത്തിൽ രണ്ടാൾ പൊക്കത്തിൽ പുലി മാന്തിയ വരകൾ (അവന്റെ സാമ്രാജ്യം അടയാളപ്പെടുത്തിയതാണത്രേ)

2 ആനപ്പിണ്ഡങ്ങൾ

ഇപ്പോൾപോലും അവിടം സുരക്ഷിതമല്ല. അപ്പോൾ അന്നത്തെ മനുഷ്യന്റെ ജീവിതം?? ഇവരോടൊക്കെ മല്ലിട്ടല്ലേ ഇവിടെയെത്തിയത്. ഹോ..... മനുഷ്യൻ ഒരു മഹാമൃഗം തന്നെ. നമിച്ചാശാനേ നമിച്ചു. താഴെ എക്സ്ട്രീം കാത്തു നിൽക്കുന്നു. തിരിച്ചിറങ്ങുമ്പോൾ എക്സ്ട്രീമിന്റെ സുഖകരമായ സീറ്റിങ്ങും കാൽനീട്ടിയിരിക്കാവുന്ന സ്ഥല സൗകര്യവുമായിരുന്നു മനസ്സിൽ. മൊബൈൽ ഫോണിനു റെഞ്ച് കിട്ടിത്തുടങ്ങിയിരുന്നു. കിളികളുടെ ശബ്ദം മിസ്ഡ് കോൾ അലേർട്ടിന്റെ ബഹളത്തി നു വഴി മാറി.  തുരുതുരാ മെസ്സേജുകൾ. തിരിച്ചു കയറിപ്പോകാൻ തോന്നി. ഉയരങ്ങളിലേക്കു നോക്കി മനസ്സിൽ പറഞ്ഞു– ഹെന്റെ ആദിമമനുഷ്യാ, ഇങ്ങക്ക്  ഇതിന്റെ എടങ്ങേറൊന്നുണ്ടായിരുന്നില്ലല്ലോ അല്ലേ?

നേര്യമംഗലം പാലം കടന്നു തിരികെ വരുമ്പോൾ ഷാജി സാറിന്റെ ഫോൺ എങ്ങനെയുണ്ട് ചിന്നാർ ? ഒരു ചെനച്ച വാളൻപുളി ഒരു തരി ഉപ്പ് ചേർത്തു വായിലിട്ട് അലിയിച്ചിറക്കു ന്നതുപോലുണ്ട് എന്നായിരുന്നു മറുപടി