ഇടുക്കി, വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാട്

മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും. ഇടുക്കി അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.

ആനചാടിക്കുത്ത് വെള്ളച്ചാട്ടം

തൊടുപുഴയിൽ നിന്നു തൊമ്മൻകുത്ത് പോകും വഴി 20 കിലോമീറ്റർ അകലെ. റോഡിൽ നിന്ന് ഏകദേശം അര കിലോമീറ്റർ കാൽനടയായി സഞ്ചരിക്കണം.

മഴ മണ്ണിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ഒഴുക്കുവെള്ളത്തിന്റെ മുടിയാട്ടം തുടങ്ങും. ഇടുക്കിയിലെ പാറക്കെട്ടുകളിൽ വന്യമായ താളങ്ങളു‍ടെ ജലതരംഗങ്ങൾ തീർത്ത് അവ പതഞ്ഞൊഴുകും, ചിലപ്പോൾ വെള്ളനുര ചിതറി. മഴയുടെ പിന്നണിയുണ്ടേൽ നിറഭേദങ്ങളോടെ...

തൊടുപുഴയുടെയും മൂന്നാറിന്റെയും പരിസരങ്ങളിൽ കാഴ്ചക്കാർക്ക് ആവേശമാകുന്ന നിരവധി വെള്ളച്ചാട്ടങ്ങൾ മഴക്കാലം കഴിയുന്നതോടെ സജീവമാകും. വർഷകാലം ഇവ സന്ദർശിക്കുന്നത് സാഹസികമായ കാര്യമാണ്. ആനചാടിക്കുത്ത്, തൊമ്മൻകുത്ത്, ഞണ്ടിറുക്കി വെള്ളച്ചാട്ടം, അരുവിക്കുത്ത് വെള്ളച്ചാട്ടം, തൂവാനം വെള്ളച്ചാട്ടം, ചീയപ്പാറ വെള്ളച്ചാട്ടം... കുത്ത് എന്നാൽ വെള്ളച്ചാട്ടത്തിന്റെ നാട്ടുമൊഴി. ഇടുക്കിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഈ ജലപാതങ്ങളിലൂടെ ഒരു യാത്ര പോകാം.

തൊമ്മൻ കുത്തിലെ കാഴ്ചകൾ

ഏഴരത്തട്ടുകളിൽ ചെറുതടാകങ്ങൾ തീർത്ത് ഒഴുകുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടമാണ് കുട്ടത്തിൽ നാട്ടുകഥകൾ കൊണ്ട് സമ്പന്നമായത്. ഈ കുളങ്ങൾ ദേവസുന്ദരികളുടെ കുളിക്കടവുകളാണെന്നാണ് നാട്ടുമൊഴുകളിലൂടെ കൈമറിഞ്ഞ ഐതിഹ്യം.

തൊമ്മൻകുത്ത് വെള്ളച്ചട്ടം പാറക്കുഴികൾ നിറഞ്ഞതും വഴുക്കലുള്ളതുമായതിനാൽ അതിലിറങ്ങുന്നത് അപകടമാണ്. നിരവധി അപകടമരണങ്ങൾക്ക് സാക്ഷ്യം വഹിച്ച തൊമ്മൻകുത്ത് സന്ദർശിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. തൊമ്മൻകുത്തിൽ നിന്ന് ഒരു കിലോമീറ്റർ വനത്തിലൂടെ ട്രെക്ക് ചെയ്താൽ ഏഴു നിലക്കുത്തിൽ എത്താം. ട്രെക്കിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്.

ചില മുൻകരുതലുകൾ

.അധികൃതരുടെയും നാട്ടുകാരുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് വെള്ളച്ചാട്ടത്തിൽ സാഹസത്തിന് മുതിരരുത്.

.വെള്ളച്ചാട്ടങ്ങൾക്ക് സമീപം ലൈഫ് ഗാർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ മുന്നറിയിപ്പു നിർദേശങ്ങൾ അവഗണിക്കരുത്.

.മഴയുള്ള സമയത്ത് വനത്തിൽ മഴ പെയ്ത് നദികളിൽ മലവെള്ളം ഉയരാൻ സാധ്യത ഏറെയുള്ളതു കൊണ്ട് പുഴയിലിറങ്ങുന്നത് ഒഴിവാക്കണം.

.മദ്യപിച്ച് വെള്ളച്ചാട്ടത്തിൽ ഇറങ്ങരുത്.

.കുട്ടികളെ കൂടെക്കൂട്ടുന്നവർ, വെള്ളച്ചാട്ടത്തിനരികിലും പാറകളിലും കളിക്കാൻ അനുവദിക്കരുത്.

.വഴുക്കലുള്ള പാറകളിൽ കയറി പോസ് ചെയ്ത് ഫോട്ടോ എടുക്കാൻ ശ്രമിക്കരുത്.

കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ, ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്. വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്. പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം. സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്തം ഒാരോ യാത്രികനുമുണ്ട്.

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

വനത്തിലൂടെ കാൽനടയായി സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. തൊമ്മൽകുത്തിൽ സഞ്ചാരികൾക്കായി ഏറുമാടം ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനഫീസ്. നവംബർ മുതൽ മേയ് വരെ വനത്തിൽ ട്രക്കിങ്ങിന് അവസരമുണ്ട്. അഞ്ചു പേർക്ക്

1,000 രൂപയാണു ഫീസ്.

മൺസൂൺ രൗദ്രം

മഴക്കാലത്ത്  തൊമ്മൻകുത്ത് വെള്ളച്ചാട്ടം പരന്നൊഴുകും.

സന്ദർശകർ ജാഗ്രത പാലിക്കുക.

അരുവിക്കുത്ത് വെള്ളച്ചാട്ടം

പാറക്കെട്ടിലൂടെ ഒലിച്ചിറങ്ങുന്ന അരുവിക്കുത്തിന്റെ കൈവരി കടന്ന് വെള്ളത്തിലിറങ്ങരുത്. 

ഞണ്ടിറുക്കി വെള്ളച്ചാട്ടം.

നെടുനീളത്തിൽ പ്രവഹിക്കുന്ന ജലധാര കാണാൻ പ്രവേശനം സൗജന്യം. ഞണ്ടിറുക്കി വെള്ളച്ചാട്ടംപൂമാലയിലാണ്

ചീയപ്പാറ വെള്ളച്ചാട്ടം

മൂന്നാർ യാത്രയിൽ അടിമാലി എത്തുന്നതിനു മുൻപ് റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം

തൂവാനം വെള്ളച്ചാട്ടം

ആറു കിലോമീറ്റർ കാട്ടിലൂടെ നടക്കണം. ഒരാൾക്ക് 200 രൂപ പ്രവേശന ഫീസ്.

വെള്ളച്ചാട്ടത്തിനുസമീപംവനംവകുപ്പിന്റെ ലോഗ്ഹൗസുണ്ട്. താമസത്തിന് രണ്ടു പേർക്ക് 3,000 രൂപ. അതിൽ കൂടുതൽ താമസിക്കാൻ ഒരാൾക്ക് ആയിരം രൂപ വീതം അധികം നൽകണം. പരമാവധി അഞ്ചു പേർക്ക് താമസിക്കാം.

അഞ്ചുരുളി

ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളമെത്തിക്കുന്നഅഞ്ചുരുളി ടണൽ മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകും

എങ്ങനെ എത്താം

തൊമ്മൻകുത്ത്

എറണാകുളം – വണ്ണപ്പുറം വഴി ഏകദേശം 72 കിലോമീറ്റർ. മൂവാറ്റുപുഴ–തൊടുപുഴ കരിമണ്ണൂർ വഴിയും പോകാം.

ആനചാടിക്കുത്ത്

തൊടുപുഴയിൽ നിന്നു തൊമ്മൻകുത്ത് പോകും വഴിയാണ് ആനചാടിക്കുത്ത്

ഞണ്ടിറുക്കി വെള്ളച്ചാട്ടം

എറണാകുളത്തു നിന്നു 85 കിലോമീറ്റർ. തൊടുപുഴയിൽ നിന്ന് ആലക്കോട്, കലയന്താനി വഴി യാത്ര ചെയ്താൽ വെള്ളച്ചാട്ടത്തിനടുത്തെത്താം.

അരുവിക്കുത്ത് വെള്ളച്ചാട്ടം

എറണാകുളത്തു നിന്നു 65 കിലോമീറ്റർ. തൊടുപുഴയിൽ നിന്ന് 5 കിലോമീറ്റർ. കൂത്താട്ടുകുളം– വഴിത്തല– കനാൽടോപ്പ് റോഡ് വഴി 20 കിലോമീറ്റർ.

തൂവാനം വെള്ളച്ചാട്ടം

മൂന്നാറിൽ നിന്നു ചിന്നാറിലേക്കു പോകും വഴി 45 കിലോമീറ്റർ അകലെ.

ചീയപ്പാറ വെള്ളച്ചാട്ടം

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കു സമീപം.  തൊടുപുഴ–മൂന്നാർ റൂട്ടിൽ 45 കിലോമീറ്റർ അകലെ.