വയനാട്ടിൽ പുഴമീൻ ചാകര; നല്ല മീൻ കഴിക്കാൻ വയനാട്ടിലേക്കു പോകാം

സ്വന്തമായി കടലില്ലെങ്കിലെന്താ? കടലുള്ള ജില്ലക്കാർ പോലും നല്ല മീൻ കഴിക്കാൻ വയനാട്ടിലേക്കു മല കയറിയെത്തുന്ന കാലമായിക്കഴിഞ്ഞു. അമ്മാതിരി മീനുകളല്ലേ വയനാട്ടിലെ അണക്കെട്ടുകളിൽനിന്നു പുറത്തേക്കു ചാടുന്നത്. കാരാപ്പുഴയും ബാണാസുരയും തുറന്നപ്പോൾ വയനാട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ കോഴിക്കോടുനിന്നും കണ്ണൂരിൽനിന്നും മലപ്പുറത്തുനിന്നും ആളുകളെത്തുന്നു.  

തോളിൽത്തൂക്കിയിട്ടും കമ്പിൽ കൊളുത്തിയിട്ട് ചുമന്നുമാണ് യുവാക്കൾ മീനും കൊണ്ടു പോകുന്നത്. മീനിന്റെ വായിലൂടെ കയ്യിട്ടു പിടിച്ച് തൂക്കിയെടുത്താലും രണ്ടാൾ ചേർന്നു പിടിക്കണം. ഡാമിൽനിന്നു കുത്തിയൊഴുകുന്ന വെള്ളത്തോടൊപ്പം കുതിച്ചുചാടുന്ന മീനുകൾ പാറക്കെട്ടിലും കോൺക്രീറ്റ് തൂണുകളിലും തലയിടിച്ച് മിക്കവാറും അബോധാവസ്ഥയിലാണ് പുഴയിലൂടെ ഒഴുകിയെത്തുക.ചുമ്മാ പുഴയിലിറങ്ങി നിന്ന് തൂക്കിയെടുത്താൽ മതി. അത്രയും എളുപ്പമാണു വയനാട്ടിലെ മീൻപിടിത്തം. 

മീനിനെ കാണാനും ആളുകൾ

ഷട്ടറുകൾക്കിടയിലെ വിള്ളലിലൂടെ കിലോക്കണക്കിനു തൂക്കമുള്ള മീനുകളാണ് തുടർച്ചയായി ഒഴുകി വരുന്നത്. ബാണാസുരയിലാണ് ഏറ്റവും വലിയ മീനുകളെ കിട്ടിയത്. കഴിഞ്ഞ തവണ ഡാം തുറന്നപ്പോഴും ധാരാളമായി മീൻ ഒഴുകി വന്നത് പ്രദേശത്ത്  ചാകര പ്രതീതി സൃഷ്ടിച്ചിരുന്നു. ഡാം തുറക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതു മുതൽ ആളുകളുടെ ഒഴുക്കായിരുന്നു ഇങ്ങോട്ട്. ഡാം തുറന്നതോടെ മീൻ പിടിക്കുന്ന കാഴ്ച കാണുവാനായിരുന്നു പിന്നീടുള്ള തിരക്ക്.

 പുഴയിലിറങ്ങുന്നതിന് നിരോധനമുള്ളതിനാൽ അൽപം മാറിയാണ് ആളുകൾ വലയും മറ്റ് സന്നാഹങ്ങളുമൊരുക്കി മീനിനു വേണ്ടി ആദ്യം കാത്തിരുന്നത്. ഡാം തുറന്നതോടെ അതിൽ മീനുകളും കൂട്ടത്തോടെ എത്തിയപ്പോൾ ആളുകൾ നിരോധിത മേഖലയൊക്കെ മറന്ന് ഡാമിന്റെ ഷട്ടറിനു സമീപം വരെ എത്തി. മൂന്ന് ഷട്ടറുകളിൽ നിന്നുമായി വൻ മൽസ്യങ്ങളുടെ കുതിച്ചു ചാട്ടം ഏറെ ഹർഷാരവത്തോടെയാണ് ജനം വരവേറ്റത്. ഇങ്ങനെ ഓരോ മീൻ ചാടുമ്പോഴും ആളുകൾ പുഴയിലേക്ക് ചാടി ഇതിനെ കൈക്കലാക്കുകയായിരുന്നു. മീൻ വരവ് അധികരിച്ചതോടെ ആളുകളുടെ എണ്ണവും വർധിച്ചുകൊണ്ടിരുന്നു. 

മീൻപിടിച്ചു കാശുണ്ടാക്കിയവർ 

കേട്ടവർ കേട്ടവർ മീൻ പിടിത്തത്തിനായി ഡാം പരിസരത്തേക്ക് എത്തിക്കൊണ്ടിരുന്നു. അയൽ ജില്ലകളിൽ നിന്നടക്കം നൂറു കണക്കിന് ആളുകളാണ് ഇത്തരത്തിൽ എത്തിയത്. ചുരുങ്ങിയത് 20 കിലോ മുതൽ തൂക്കമുള്ള മീനുകളാണ് ഒട്ടു മിക്കവർക്കും ലഭിച്ചത്. അതോടെ മീൻ വിൽപനയും തകൃതിയായി. 5000രൂപ മുതലുള്ള മോഹ വിലകളാണ് ഓരോ മൽസ്യത്തിനും ചോദിച്ചു കൊണ്ടിരുന്നത്. എന്നാൽ നിരോധിത മേഖലയിൽ പ്രവേശിച്ചത് കൂടുതൽ നേരം കണ്ടു നിൽക്കാൻ പൊലീസ് സമ്മതിച്ചില്ല. ഇവിടെ മീൻ പിടിയ്ക്കുവാനിറങ്ങിയവരെ വൻ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ കര കയറ്റി വിട്ടു. തുടർന്ന് വീണ്ടും നിരോധിത മേഖലക്കപ്പുറം നിന്ന് ആളുകൾ മീൻ പിടിത്തം തുടർന്നു.