ത്രില്ലടിപ്പിച്ച യാത്രകളെപ്പറ്റി നടി വരദ

മലയാള സിനിമയിലേക്ക് ആരും മോഹിക്കുന്ന തുടക്കം ലഭിച്ച നടിയായിരുന്നു വരദ. 'ബാലചന്ദ്രൻ അഡിഗ' എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അനശ്വരമാക്കിയ വാസ്തവത്തിലൂടെയായിരുന്നു വരദയുടെ അരങ്ങേറ്റം. പിന്നീട് നായികയായും സഹനടിയായുമെല്ലാം സിനിമയിൽ... അമല എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു സീരിയലിലേക്ക്... അമലയെ കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തിരക്കിട്ട അഭിനയ ജീവിതത്തിൽ നിന്നു കുഞ്ഞിന്റെ ജനനത്തോടെ പതിയെ പിന്മാറിയ വരദയിപ്പോൾ വീണ്ടും സജീവമാകുകയാണ്. അഭിനയം ഏറെയിഷ്ടപ്പെടുന്നതു കൊണ്ട് തന്നെയാണ് ഈ തിരിച്ചുവരവെന്ന്  സന്തോഷത്തോടെ മറുപടി പറയുന്ന ഈ നായിക, താൻ നടത്തിയ യാത്രകളെക്കുറിച്ചും അത്രതന്നെ ഇഷ്ടത്തോടെ സംസാരിക്കും. കുഞ്ഞ് ജനിച്ചതോടെ യാത്രകൾക്ക് ചെറിയൊരിടവേള നൽകിയ വരദ തന്റെ യാത്രാവിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവെയ്ക്കുന്നു.

"യാത്രകൾ പോകാൻ എനിക്ക് വളരെയിഷ്ടമാണ്. യാത്ര, അതെങ്ങോട്ടായാലും ഓരോ നിമിഷവും ആസ്വദിക്കാറുണ്ട്. ഇതുപോലെ സന്തോഷം നൽകുന്ന വേറെയൊരു കാര്യവും ഇല്ലെന്നു തന്നെ പറയാം. യാതൊരു വിധത്തിലുള്ള ടെൻഷനുകളുമില്ലാതെ, പുറകിലേക്ക് ഓടിമറയുന്ന കാഴ്ചകളെല്ലാം കണ്ടുകൊണ്ട്...ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമുള്ള യാത്ര. അതുനൽകുന്ന സുഖാനുഭവങ്ങൾ ജീവനുള്ള കാലത്തോളം വിസ്‌മൃതിയിലാവുകയില്ല എന്ന് തന്നെയാണ് എനിക്ക് തോന്നാറുള്ളത്." വരദയുടെ യാത്രായിഷ്ടം അങ്ങനെ തുടങ്ങുന്നു.

ഹണിമൂൺ യാത്ര

കുഞ്ഞു ജനിച്ചതിനു ശേഷം ദീർഘദൂരയാത്രകൾ കുറവാണ്. നേരത്തെയുള്ള പല യാത്രകളും യാതൊരു തയാറെടുപ്പുകളുമില്ലാതെയായിരിക്കും. പെട്ടെന്നൊരു യാത്ര പോകണമെന്ന് തോന്നിയാൽ ഞാനും ജിഷിനും വണ്ടിയുമെടുത്തിറങ്ങും. ആ യാത്രകൾ സമ്മാനിക്കുന്ന കാഴ്ചകളും അനുഭവങ്ങളും അതിന്റെ സുഖവും പറഞ്ഞറിയിക്കുന്നതിനുമപ്പുറമാണ്. ഏറ്റവും ഇഷ്ടപ്പെട്ട യാത്രയേതെന്നു ചോദിച്ചാൽ ആദ്യം മനസിലേക്കോടിയെത്തുക ഹണിമൂൺ യാത്രയാണ്.

ബാംഗ്ലൂരിലേക്കാണ് യാത്ര പോകാൻ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് ചിക്കമാംഗ്ലൂരിൽ താമസിക്കുന്ന ഞങ്ങളുടെയൊരു ബന്ധുവീട്ടിലേക്കു ചെല്ലണമെന്ന് പറഞ്ഞുകൊണ്ടവർ ക്ഷണിക്കുന്നത്. ചിക്കമാംഗ്ലൂർ എന്ന സ്ഥലത്തെക്കുറിച്ച് കേട്ടുപരിചയം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ അങ്ങോട്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നില്ല. ബാംഗ്ലൂർ മാത്രമായിരുന്നു മനസുനിറയെ. പക്ഷേ... പ്രതീക്ഷിച്ചതിലും എത്രയോ മനോഹരമായ കാഴ്ചകളാണ് ചിക്കമാംഗ്ലൂർ സമ്മാനിച്ചത്. 

ഇന്ത്യയിൽ കാപ്പിയുടെ ജന്മദേശം എന്നറിയപ്പെടുന്ന നാടാണ് ചിക്കമാംഗ്ലൂർ. അവിടെ ചെന്നപ്പോഴാണ് ആദ്യകാഴ്ചയിൽ തന്നെ മനസുകവരുന്ന സൗന്ദര്യമുള്ള നാടാണതെന്ന് മനസിലായത്. പുതുമഴ വീഴുമ്പോൾ ഉയർന്നുപൊങ്ങുന്ന ഭൂമിയുടെ മണം, അന്നേരം ഓരോ ജീവനും അനുഭവിക്കാൻ കഴിയുന്ന പുത്തനുണർവ്. ചിക്കമാംഗ്ലൂർ കണ്ടപ്പോൾ എനിക്കാദ്യം അനുഭവപ്പെട്ടത് ഒരു സുഖവും പുതുമയുമായിരുന്നു.

അന്തരീക്ഷം മുഴുവൻ കാപ്പിപ്പൂവിന്റെ വാസനയായിരുന്നു. പ്രണയത്തിന്റെ സുഗന്ധമേതെന്ന് അന്നേരമെന്നോട് ചോദിച്ചാൽ, ചിലപ്പോൾ ഞാൻ പറഞ്ഞേനേ...അതിനു വിടർന്നു നിൽക്കുന്ന കാപ്പിപ്പൂവിന്റെ മണമാണെന്ന്. തിളച്ച പാലിലേക്കോ വെള്ളത്തിലേക്കോ വീഴുമ്പോൾ.. ഉണക്കിപൊടിച്ച കാപ്പിക്കുരുക്കളും പരത്തും സ്വർഗീയ സുഗന്ധം. നാവിനെ രുചിയുടെ ലഹരിയിലാറാടിക്കുന്ന കാപ്പിരുചി. അതും വേണ്ടുവോളം ആസ്വദിച്ചറിഞ്ഞു. കാപ്പി മാത്രമല്ല, ചിക്കമാംഗ്ളൂരിന്റെ സൗന്ദര്യം, ക്ഷേത്രങ്ങൾ നിറഞ്ഞ ഭൂമിയാണത്. കരവിരുതുകൊണ്ടു കല്ലിൽ കൊത്തിയ മനോഹര ശില്പങ്ങൾ ഓരോ ക്ഷേത്രത്തിനും അഭൗമമായ സൗന്ദര്യമാണ്  നൽകിയിരിക്കുന്നത്. നാലുദിവസം നീണ്ടകറക്കവും കാഴ്ചകളും കണ്ട് മനസ്സുനിറഞ്ഞുകൊണ്ടായിരുന്നു മടക്കം.

കുളു-മണാലി

കല്യാണത്തിന് മുൻപ് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാൻ കുളു-മണാലി യാത്ര പോയിട്ടുണ്ട്. എനിക്ക് ചെറിയൊരു രംഗം  മാത്രമേയുണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ ഒരുപാട് സമയം അവിടെ ചെലവഴിക്കാൻ  ലഭിച്ചു. അന്നേരത്താണ് ആ നാടിന്റെ സ്വർഗതുല്യമായ കാഴ്ചകളിലേക്കിറങ്ങിയത്. മഞ്ഞുമൂടിയ നാട്... ഇത്തരം കാഴ്ചകൾ അപൂർവമായതു കൊണ്ടുതന്നെ സ്വർഗം താണിറങ്ങി വന്നതാണോ എന്നു തോന്നിപ്പോയി..ചുറ്റും മൂടൽമഞ്ഞു മാത്രം. കാഴ്ചകൾ ആസ്വദിക്കുന്നതിനിടയിൽ, ആ യാത്രയുടെ ഓർമ്മകൾ സൂക്ഷിക്കാനായി ഒരു ചിത്രം പോലുമെടുക്കാൻ അന്നേരത്ത് ആർക്കും തോന്നിയില്ലയെന്നതാണ് സത്യം. അതിമനോഹരമായിരുന്നു കുളു-മണാലി.

താജ്മഹലും യമുനയുടെ തീരവും ഏതൊരാളെയും പോലെ എന്നെയും പ്രണയാതുരയാക്കിയിട്ടുണ്ട്. ആ അദ്ഭുത സൗന്ദര്യത്തിലേക്കു നോക്കിയിരുന്ന്...തന്റെ പ്രണയിനിയെ ഓർത്തോർത്തു മരിച്ച ഷാജഹാൻ അന്നേരങ്ങളിൽ എന്നെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയ്ക്ക് മാത്രം സ്വന്തമായ കാഴ്ചകളിൽ എനിക്കേറെയിഷ്ടം ആ യമുനയുടെ തീരവും മുംതാസിന്റെ താജ്മഹലുമാണ്. 

എന്നും പ്രിയപ്പെട്ടതാണ് മൂന്നാര്‍

മൂന്നാറിന്റെ തണുപ്പും തേയിലചെടികളുടെ പച്ചപ്പും കാണാൻ ഇഷ്ടമേറെയുള്ളതുകൊണ്ട് തന്നെ ഇടയ്ക്കിടെ അങ്ങോട്ടു പോകാറുണ്ട്. സുഖകരമായ കാലാവസ്ഥ തന്നെയാണ് മൂന്നാറിലേക്കുള്ള പ്രധാനാകര്‍ഷണം. ചാറ്റൽ മഴയും തണുപ്പും കൊണ്ട്...കട്ടൻ ചായയുടെ മണവും രുചിയുമറിഞ്ഞുകൊണ്ട് അവിടുത്തെ പ്രഭാതങ്ങളെ അടുത്തറിയാൻ എനിക്കെപ്പോഴും ഇഷ്ടമാണ്. അതുകൊണ്ടു തന്നെ എത്രതവണ മൂന്നാർ സന്ദർശിച്ചിട്ടുണ്ടെന്ന് ഓർമയില്ല. 

യാത്രകളെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നവോ അതിലുമധികമായി സ്നേഹിക്കുന്ന. യാത്ര പോകാൻ ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണ് ജിഷിൻ. അതുകൊണ്ടു തന്നെ തിരക്കുകൾക്കിടയിൽ ഞങ്ങൾക്ക് മാത്രമായി കുറച്ചുസമയം കിട്ടുമ്പോൾ...വെറുതെ വാഹനമോടിച്ച് എങ്ങോട്ടേലും പോകാൻ ഞങ്ങളിരുവരും ഒരുപോലെ   ആഗ്രഹിക്കാറുണ്ട്. കുഞ്ഞുണ്ടായതോടെ അത്തരം യാത്രകൾക്ക് പരിധികളുണ്ടായി. കാലാവസ്ഥയും കുഞ്ഞിന്റെ കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ടുള്ള യാത്രകൾ മാത്രമേ ഇപ്പോൾ ഉണ്ടാകാറുള്ളൂ. അങ്ങനയൊക്കെയാണെങ്കിലും ഒരു നീണ്ട യാത്രയ്ക്കുള്ള പദ്ധതികൾ ഞങ്ങൾ തയാറാക്കുന്നുണ്ട്. കാലങ്ങളായി മനസിന്റെയൊരു കോണിലുള്ള  ആഗ്രഹമാണ് കശ്മീർ യാത്ര. കുഞ്ഞു കുറച്ചുകൂടി വലുതായിട്ടു പോകണോ..അതോ മോനെ അമ്മയെ ഏല്പിച്ചുകൊണ്ടു യാത്ര പോകണോ എന്ന ആലോചനയിലാണ് ഞാനും ജിഷിനും. കുസൃതി നിറച്ചു ചിരിച്ചുകൊണ്ട് വരദ പറഞ്ഞുനിർത്തി.