കോട്ടയം ജില്ലക്കാര്‍ക്ക് കൗതുക കാഴ്ചയായി 'ആമ്പല്‍ വസന്തം'

കോട്ടയം ജില്ലക്കാര്‍ക്ക് കൗതുക കാഴ്ചയായി മലരിക്കലിലെ വയലുകളില്‍ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു. ഏക്കര്‍ കണക്കിന് പാടങ്ങളിലായാണ് സുന്ദരകാഴ്ചകളൊരുക്കി പൂക്കള്‍ പടര്‍ന്നു കിടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രളയജലം ആറാടിയിരുന്ന ഈ വയലുകളിലെ ഇന്നത്തെ കാഴ്ച ഇതാണ്. നോക്കെത്താ ദൂരം വരെ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍കുന്നു.

പാടങ്ങളില്‍ കൃഷി പുനരാരംഭിക്കുന്നതോടെ ആമ്പല്‍ പൂക്കള്‍ ഇല്ലാതാകുമെങ്കിലും മലരിക്കലിലെ പ്രകൃതി ഭംഗിക്ക് ഒരു കുറവും വരില്ല. ഇവിടം കേന്ദ്രീകരിച്ച് ഇകോ ടൂറിസം പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

സൂര്യാസ്തമനം ഏറ്റവും നന്നായി ആസ്വദിക്കാന്‍ പറ്റുത്ത സ്ഥലമാണ് മലരിക്കല്‍. ഇതോടൊപ്പം ജല ടൂറിസവും, ഗ്രാമീണ ടൂറിസവും വികസിപ്പിക്കുന്നതോടെ കോട്ടയത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാവും ഇവിടമെന്നത് ഉറപ്പാണ്.