നീലുവിന് ഇഷ്ടം വിനോദയാത്രകളല്ല

ടെലിവിഷൻ പരമ്പരകളിലെ തന്മയത്വം നിറഞ്ഞ അഭിനയത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായ അഭിനേത്രിയാണ് നിഷ സാരംഗ്. അഭിനയം മാത്രമല്ല യാത്ര പോകാനും നിഷയ്ക്ക് ഇഷ്ടമാണ്. സീരിയലിൽ സജീവമായതോടെ മറ്റൊന്നിനും സമയം കിട്ടുന്നില്ലെന്നാണു നിഷയുടെ പരാതി. ഒഴിവുസമയം നിഷ യാത്രകൾക്കായി മാറ്റിവയ്ക്കും. വിനോദയാത്രയല്ല, ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളോടാണ് താരത്തിനു പ്രിയമേറെയും.  നിഷ സാരംഗിന്റെ യാത്രാവിശേഷങ്ങള്‍...

യാത്രകൾ ഒരുപാട് ഇഷ്ടമാണെങ്കിലും മനസ്സിൽ സന്തോഷം നിറയ്ക്കുന്നത് ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളാണ്. മനസ്സിനു ശാന്തതയും സമാധാനവും ലഭിക്കുന്നത് ഭഗവാനെ ദർശിക്കുമ്പോഴാണ്. ജീവിതത്തിൽ അനുഗ്രഹങ്ങൾ വേണ്ടുവോളം നൽകിയ ഇൗശ്വരനെ കാണുന്നതിലും പുണ്യം വേറെയില്ലെന്നും നിഷ പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും നിഷ സന്ദർശിച്ചിട്ടുണ്ട്. കണ്ണൂർ ഭാഗത്തെ ക്ഷേത്രങ്ങളോടാണ് കൂടുതൽ പ്രിയം. 

പറശ്ശിനിക്കടവും കൊട്ടിയൂർ മഹാദേവക്ഷേത്രവുമൊക്കെ കഴിഞ്ഞാൽ പിന്നെയും പോകണമെന്നു തോന്നുന്നത് മാടായിക്കാവ് ഭഗവതിക്ഷേത്രത്തിലേക്കാണ്. മനസ്സിനെ വല്ലാത്ത ആകർഷിച്ച ക്ഷേത്രമാണ് മാടായിക്കാവ്.കേരളത്തിലെ ആദ്യത്തെ ര‌ണ്ട് ഭദ്രകാളി ക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമാണ് മാടായിക്കാവ് എന്ന് അറിയപ്പെടുന്ന തിരുവാർക്കാട് ‌ഭഗവതി ക്ഷേത്രം. കണ്ണൂരിൽ നിന്നു പഴയങ്ങാടിവഴിയുള്ള പയ്യന്നൂർ റൂട്ടിൽ എരിപുരത്താണ് ക്ഷേത്രം. ചരിത്രവും െഎതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന മാടായിപ്പാറ ക്ഷേത്രത്തിലേക്ക് കുന്നുകളും മലകളും താണ്ടിവേണം എത്താൻ. ഇവിടെ ശാക്തേയ പൂജയാണ് നടക്കുന്നത്. മത്സ്യവും ഇറച്ചിയുമൊക്കെ പൂജിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് മാടായിക്കാവ്.

ഭഗവാൻ കൃഷ്ണനെയും ശിവനെയുമാണിഷ്ടം

ഏറ്റവും കൂടുതൽ യാത്രചെയ്തിട്ടുള്ളത് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാണ്. എന്റെ ഇഷ്ട ഭഗവാൻ സാക്ഷാൽ ഉണ്ണിക്കണ്ണനാണ്. കണ്ണനെ കാണുന്നതിൽ പരം സന്തോഷം വേറെയില്ല. എണ്ണിയാൽ തീരാത്തത്ര തവണ ഗുരുവായൂരിൽ പോയിട്ടുണ്ട്. വിഷ്ണുവിന്റെ പൂർണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. വിശിഷ്ടവും അപൂർവവുമായ കല്ലുകൊണ്ടാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. ഗുരുവായൂരപ്പൻ എന്നാണ് പറയുന്നതെങ്കിലും ഉണ്ണിക്കണ്ണനായാണ് കൃഷ്ണനെ ഇവിടെ ആരാധിക്കുന്നത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ മണിക്കൂറുകളോളം ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ്.

മറക്കാനാവാത്ത പിറന്നാൾ ആഘോഷം

 അമേരിക്കയിൽ  നാഫാ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു  ജീവിതത്തിലെ മറക്കാനാകാത്ത യാത്ര. ബെസ്റ്റ് കോമേഡിയന്‍ ആർട്ടിസ്റ്റിനുള്ള അവാര്‍‍ഡ് ‍എനിക്ക് ലഭിച്ചു. വളരെയധികം സന്തോഷം തോന്നി. ഷോയുടെ ഭാഗമായി പലയിടത്തും പോയിട്ടുണ്ടെങ്കിലും അവിടെയുള്ള കാഴ്ചകള്‍ കാണാൻ സമയം കിട്ടാറില്ല. എന്നാൽ ഇത്തവണത്തെ യാത്ര ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു.

അവിടെ എന്റെ സുഹൃത്തുക്കളും ഉപ്പും മുളകും പരമ്പരയുടെ ആരാധകരും ചേർന്ന് സർപ്രൈസ് പിറന്നാൾ ആഘോഷമാണ് എനിക്കായി ഒരുക്കിയത്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും അടിച്ചുപൊളിച്ച പിറന്നാൾ ഞാൻ ആഘോഷിക്കുന്നത്. മനസ്സു നിറഞ്ഞ് സന്തോഷിച്ച നിമിഷങ്ങളായിരുന്നു. ഈശ്വരനോട് ഒരുപാടു നന്ദി പറഞ്ഞു. ദൈവാനുഗ്രഹമാണ് എന്നെ ഇൗ നിലയിൽ എത്തിച്ചത്. അതു ഞാൻ മറക്കില്ല.