പൊൻമുടിയേറ്റം മനോഹരം: ചിത്രങ്ങൾ

മൂന്നാറിലെ ഏറ്റവും മനോഹരമായ സീസൺ ആരംഭിച്ചുകഴിഞ്ഞു. തെളിഞ്ഞ വെയിലുള്ള പകലുകൾ. നിറമുള്ള സന്ധ്യകൾ. തണുപ്പരിക്കുന്ന രാവുകൾ.

പുലരി നടത്തത്തിന് ഏറ്റവും പ്രിയങ്കരമായ മാസങ്ങൾ ജനുവരി വരെയും. മൂന്നാറിൽ താമസിച്ച് അവിടെനിന്നു ചുറ്റിക്കാണാൻ കഴിയും മനോഹരസ്ഥലങ്ങൾ ഹൈറേഞ്ചിൽ വേറെയുമുണ്ട്. അധികം സഞ്ചാരികളെത്താത്ത ചില മലമുകൾ പ്രദേശങ്ങൾ. അതിലൊന്നു പൊൻമുടി അണക്കെട്ടിന്റെ വിദൂരക്കാഴ്ച നൽകുന്ന കള്ളിമാലി വ്യൂ പോയിന്റ് ആണ്. 

ചിത്രങ്ങൾ: ജിബിൻ ചെമ്പോല

മൂന്നാറിൽനിന്ന് പൂപ്പാറ വഴി രാജക്കാട് എത്തി കള്ളിമാലി വ്യൂ പോയിന്റിലേക്കു പോകാം. മൂന്നാർ–പൊൻമുടി യാത്രയ്ക്കിടയിലെ 50 കിലോമീറ്ററും ദൃശ്യസമൃദ്ധമാണ്.  ഇതിനിടെ ആനയിറങ്കൽ അണക്കെട്ടുണ്ട്.  ചില സീസണിൽ‌  ബോട്ടിങ് അനുവദിച്ചിട്ടുള്ള ജലാശയമാണ്. 

തേയിലത്തോട്ടങ്ങൾ പിന്നിട്ട് രാജാക്കാട്ടെത്തിയാൽ ഗ്രാമപാതയിലേക്കു പ്രവേശിക്കാം. കള്ളിമാലി വ്യൂ പോയിന്റ് ഒരു ലോക്കൽ പിക്‌നിക് സ്പോട്ടാണ്.

ചിത്രങ്ങൾ: ജിബിൻ ചെമ്പോല

പകൽ അധികമാരും ഉണ്ടാകില്ല. സന്ധ്യയോടെ കുറച്ചു തിരക്കു വരും. അവിടെനിന്നാൽ വനമേഖലയുടെയും  പൊൻമുടി ജലാശയത്തിന്റെയും അപാരമായ ദൃശ്യമുണ്ട്.

ചിത്രങ്ങൾ: ജിബിൻ ചെമ്പോല

എപ്പോഴും കാറ്റടിച്ചുകൊണ്ടിരിക്കുന്ന സ്ഥലം. തിരികെ മൂന്നാറിനു മടങ്ങാൻ ആനച്ചാൽ വഴി പോകാം. ആനച്ചാലിൽ ചെന്നാൽ അടിമാലി ഭാഗത്തേക്കും തിരിയാം. 

ചിത്രങ്ങൾ: ജിബിൻ ചെമ്പോല

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. ഇടുങ്ങിയ വഴികൾ. ശ്രദ്ധാപൂർവം വണ്ടിയോടിക്കുക

2. കുട്ടികളെ ശ്രദ്ധിക്കുക

3. ഭക്ഷണപാനീയങ്ങളുടെ അവശിഷ്ടങ്ങൾ വഴിയിലോ വനമേഖലയിലോ ഉപേക്ഷിക്കാതിരിക്കുക.