വ്യത്യസ്ത രുചികൾ തേടി 'ഈറ്റ് കൊച്ചി ഈറ്റ്'

കാടിന്റെ വന്യതയിലും പുഴയുടെ നനവിലും മഞ്ഞിന്റെ കുളിരിലും മുങ്ങി നിവരാനാണ് പലരും യാത്രകൾ പോകുന്നത്. എന്നാൽ ഇത്തരം കാഴ്ചകൾക്കൊന്നുമല്ലാതെ യാത്രപോകുന്ന ഒരു കൂട്ടരുണ്ട്. അവരുടെ യാത്രകൾക്കു ഒരു ലക്ഷ്യമേയുണ്ടാകാറുള്ളൂ, അത് ഭക്ഷണം കഴിക്കുക എന്നതായിരിക്കും. രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾ ആസ്വദിക്കുക എന്നതാണ് ഫുഡ് ട്രിപ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന യാത്രയുടെ ലക്‌ഷ്യം. ഭക്ഷണം കഴിക്കാനായി മാത്രം യാത്രയ്ക്കിറങ്ങി പുറപ്പെടുന്നവരുടെ ചില വിശേഷങ്ങളിലേക്ക് കടക്കാം.

ഈറ്റ് കൊച്ചി ഈറ്റിന്റെ ഫുഡ് ട്രിപ്പുകളെക്കുറിച്ചുള്ള അറിയിപ്പുകൾ നൽകുക അവരുടെ ഫേസ്ബുക് പേജിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയുമാണ്. താൽപര്യമുള്ളവർക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പറുകളും കൂടെ നൽകും. ആ ഫോൺ നമ്പറിൽ യാത്രയ്ക്കു തയാറായിട്ടുള്ളവർക്കു പേരും വിശദാംശങ്ങളും വാട്സാപ് ചെയ്യാം. അങ്ങനെ റജിസ്റ്റർ ചെയ്യുന്നവരുടെ ഒരു വാട്സാപ് ഗ്രൂപ്പ് ആരംഭിക്കുകയും ഫുഡ് ട്രിപ്പിനെ സംബന്ധിച്ചുള്ള നിർദേശങ്ങൾ അപ്പോൾ നൽകുകയും ചെയ്യും. റജിസ്ട്രേഷനു പ്രത്യേക ഫീസോ കാര്യങ്ങളോ ഒന്നും തന്നെയില്ല. റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിനനുസരിച്ചാണ് വാഹനങ്ങൾ ഏർപ്പാടാക്കുന്നത്. എത്രപേർ യാത്രയ്ക്കായി ഒരുമിക്കുന്നുവോ അവരെല്ലാവരും കൂടി യാത്രാച്ചെലവുകളും ഭക്ഷണത്തിനായി മുടക്കിയ തുകയും തുല്യമായി പങ്കുവെയ്ക്കുക എന്നതാണ് നിലവിൽ സ്വീകരിച്ചുവരുന്ന രീതി.

രുചിയിടം തേടി

പ്രശസ്തവും രുചികരവും സ്ഥിരം വിഭവങ്ങളിൽ നിന്നുള്ള മാറ്റങ്ങളും പ്രതീക്ഷിച്ചുകൊണ്ടാണ് പലരും ഒരു രുചിയിടം തേടുന്നതും കണ്ടുപിടിക്കുന്നതും യാത്ര തിരിക്കുന്നതും. ചിലപ്പോൾ ആ യാത്ര തനിച്ചാകാം, ചിലപ്പോൾ കൂട്ടത്തോടെയും. പക്ഷേ, ലക്ഷ്യമൊന്നു മാത്രമായിരിക്കും, അതു ഭക്ഷണമാണ്. രുചിതേടിയുള്ള ആ യാത്രകൾ നീളുന്നതു വീടിനപ്പുറത്തുള്ള ചായക്കടയിൽ നിന്നും തുടങ്ങി അയൽ സംസ്ഥാനങ്ങൾ വരെയാകാം. പല നാടുകൾക്കും പല രുചികളിൽ വിഭവങ്ങൾ വിളമ്പാനാകും. ആ രുചികൾ കണ്ടെത്തുന്നതും അതാസ്വദിച്ചു കഴിക്കുന്നതുമാണ് ഫുഡ് ട്രിപ്പ് നടത്തുന്നവർ ലക്ഷ്യമിടുന്നത്.

ഈറ്റ് കൊച്ചി ഈറ്റ്

ഫെയ്സ്ബുക്ക് എന്ന വലിയ സൗഹൃദ കൂട്ടായ്മയിൽ  നാളിതുവരെ കണ്ടിട്ടില്ലെങ്കിലും മിണ്ടിയും പറഞ്ഞും കൂട്ടുകൂടിയ നിരവധിപ്പേരുണ്ട്. ഒരേ താൽപര്യവും അഭിരുചിയും ഉള്ളവരെ ഒരുമിച്ചു ചേർക്കുന്നതിൽ  ഫേസ്ബുക്ക് വഹിക്കുന്ന പങ്കുചില്ലറയല്ല. അങ്ങനെ കൊച്ചിയിലെ ഭക്ഷണപ്രേമികൾ ഒന്നിച്ചു ചേർന്നൊരു കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. ഒന്നര ലക്ഷത്തിലധികം അംഗങ്ങളുള്ള ഭക്ഷണപ്രേമികളുടെ ഈ സംഘം ഇടയ്ക്കിടെ മികച്ച ഭക്ഷ്യശാലകൾ തേടി യാത്ര പോകാറുണ്ട്. കൊച്ചിയിലും പരിസരത്തും ഒതുങ്ങി നിന്നിരുന്ന ആ യാത്രകൾ ഇപ്പോൾ അയൽസംസ്ഥാനമായ തമിഴ്നാട്ടിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇതുവരെ കാണാത്തവർ, സ്വാദേറിയ ഭക്ഷണം എവിടെ കിട്ടും എന്ന ഒറ്റച്ചോദ്യത്തിൽ ഒത്തുകൂടുന്നു എന്നതു തന്നെയാണ് ഈ കൂട്ടായ്മയുടെ വിജയരഹസ്യം.

ഈറ്റ് കൊച്ചി ഈറ്റ് ഈയടുത്തിടെ മൂന്ന് ഫുഡ് ട്രിപ്പുകൾ നടത്തിയിരുന്നു. അതിൽ രണ്ടിടങ്ങൾ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ രുചി തേടിയായിരുന്നു. മധുരൈ  ലക്ഷ്യമാക്കിയാണ് ആദ്യ യാത്രയെങ്കിൽ രണ്ടാമത്തെ യാത്ര കോയമ്പത്തൂർ ആയിരുന്നു. ഇരുപതുപേരാണ്  ഭക്ഷണം കഴിക്കാനായുള്ള മധുരൈ യാത്രയിൽ പങ്കുചേർന്നത്.

തമിഴ്‌നാടിന്റെ ഭക്ഷ്യ തലസ്ഥാനം എന്നു പേരുള്ള മധുരൈയിലേക്കുള്ള യാത്രയും അവിടുത്തെ ഭക്ഷ്യശാലകളിൽ നിന്നുള്ള വ്യത്യസ്ത വിഭവങ്ങളുമായിരുന്നു ആ തീറ്റപ്രിയർ നോട്ടമിട്ടിരുന്നത്. പുലർച്ചെ നാലുമണിയ്ക്കു പുറപ്പെട്ട സംഘം, പത്തോളം ഭക്ഷ്യശാലകളിൽ നിന്നും ഇതുവരെ രുചിക്കാത്ത, പല രുചികളും അറിഞ്ഞാണ് മടങ്ങിയത്.  കഴിഞ്ഞ വർഷം നടത്തിയ കോഴിക്കോട് ട്രിപ്പിൽ ഇരുപത്തിയഞ്ച് പേർ പങ്കുചേർന്നിരുന്നു.കോയമ്പത്തൂരിലേക്കുള്ള ഈറ്റ് കൊച്ചി ഈറ്റിന്റെ യാത്രയിൽ 20 പേരാണ് ഉണ്ടായിരുന്നത്. 11 റെസ്റ്റോറന്റുകളിലെ പലതരത്തിലുള്ള, സസ്യമാംസാഹാരങ്ങൾ അകത്താക്കിയാണ് ഈ സംഘം തിരിച്ചു കൊച്ചിയിലെത്തിയത്.

ഈറ്റ് കൊച്ചി ഈറ്റ് എന്നത് ഒരു സംഘം നടത്തുന്ന യാത്രയെങ്കിൽ രുചിതേടി തനിച്ചു യാത്ര ചെയ്യുന്നവരും ഇപ്പോൾ കുറവല്ല. പല നാടുകളിലെ പല പല സ്വാദുകൾ പരീക്ഷിക്കാനും അറിയാനും ഇത്തരം യാത്രകൾ സഹായിക്കുമെന്നതിനൊപ്പം, ഈ സഞ്ചാരികൾ പറഞ്ഞു തരുന്ന ഭക്ഷണ അറിവുകളും വിഭവങ്ങളും ഇതേ അഭിരുചിയുള്ളവരെ ഏറെ സഹായിക്കുകയും ചെയ്യും. ഏതെങ്കിലുമൊരു നാട്ടിൽ എത്തിച്ചേർന്നാൽ അവിടുത്തെ ഏറ്റവും മികച്ച ഭക്ഷ്യശാലയും രുചിയേറിയ വിഭവവും ഏതെന്നു വളരെ എളുപ്പത്തിൽ മനസിലാക്കാൻ ഭക്ഷണ പ്രിയരായ സഞ്ചാരികളും അവരുടെ യാത്രക്കുറിപ്പുകളും സഹായിക്കുമെന്നു  ചുരുക്കം. കേരളത്തിലെ ഏറ്റവും മികച്ച  സൗഹൃദ കൂട്ടയ്മയായി മാറിയിരിക്കുന്നു ഈറ്റ് കൊച്ചി ഈറ്റ്.

ഫൂ‍ഡ് ട്രിപ്പിന് ഒരുങ്ങുന്നവർക്കായി ഇവ ശ്രദ്ധിക്കാം

വ്യത്യസ്ത സംസ്കാരങ്ങൾ നിറഞ്ഞ നാട്ടിലെ വിഭവങ്ങളുടെ രുചിയറിഞ്ഞുള്ള യാത്ര ശരിക്കും വിസ്മയമാണ്. രുചിതേടി യാത്രചെയ്യുമ്പോൾ വയറുനിറക്കാനായി കഴിക്കാതെ വ്യത്യസ്ത വിഭവങ്ങൾ രുചിച്ചറിയാനായി മാത്രം ഒാർഡർ ചെയ്യാം.  യാത്ര ഇങ്ങനെ പ്ലാൻ ചെയ്താൽ ഒറ്റ ദിവസം കെണ്ട് ഒന്നിൽ കൂടുതൽ ഹോട്ടലുകളിലെ വിഭവങ്ങളെ അറിയാം.

ഒാരോത്തരും വ്യത്യസ്ത വിഭവങ്ങൾ ഒാർഡർ ചെയ്താല്‍ എല്ലാവർക്കും രുചിച്ചറിയാം. വയർനിറഞ്ഞു എന്ന തോന്നലും വേണ്ട.

പലഭാഗത്തു നിന്നും ഒത്തുചേർന്ന് ഫൂ‍ഡ് ട്രിപ്പില്‍ പങ്കുചേരുന്നവർ കൂട്ടമായി യാത്ര ചെയ്യുമ്പേൾ സൗഹൃദം ബലപ്പെടുത്തുവാനും അന്നാട്ടുകാരുടെ സ്പെഷ്യൽ വിഭവങ്ങൾ ചേദിച്ചറിയാനും അവസരം കിട്ടും.