അമ്മൂമ്മക്കാവിലെ കല്ലെടുത്തുവയ്ക്കലും മാലിമേൽ ക്ഷേത്രവും

സുഖപ്രസവത്തിനും കുഞ്ഞിന്റെ ആയുരാരോഗ്യത്തിനും അനുഗ്രഹം ചൊരിഞ്ഞു കുടികൊള്ളുന്ന മാലിമേൽ ദേവി. പശുക്കിടാവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ഇവിടുത്തെ ഭദ്രകാളി അഭീഷ്ട വരദായിനിയും ഐശ്വര്യപ്രദായിനിയുമാണ്. തന്നെ ആരാധിക്കുന്നവർക്കു സൗഭാഗ്യം സമ്മാനിച്ചുകൊണ്ട് കുടികൊള്ളുന്ന മാലിമേൽ ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ അമ്മൂമ്മക്കാവിനെക്കുറിച്ചും കൂടുതലറിയാം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ കുറത്തിക്കാട് എന്ന സ്ഥലത്താണ് മാലിമേൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒമ്പതു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ആചാരങ്ങളും വഴിപാടുകളും ഏറെ വ്യത്യസ്തമാണ്. ഒരു പശുക്കിടാവിനെ രൂപത്തിലുള്ള ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തെയും ഇവിടുത്തെ പ്രതിഷ്ഠയെയും കുറിച്ചു ഒരു ഐതീഹ്യമുണ്ട്. കുറത്തിക്കാട്ടിലെ പുല്ലേലിൽനാടാലയിൽ തറവാട്ടിലെ കാരണവർ ശബരിമല ദർശനത്തിനു പോകുക പതിവായിരുന്നു.

ശാസ്താവിന്റെ തികഞ്ഞ ഭക്തനായ അദ്ദേഹം ശബരിമല ദർശനത്തിനു പോകും വഴി ദേവിയെ കണ്ടു തൊഴാനായി കോഴഞ്ചേരിയിലെ അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുകയും അവിടെ ഭജനമിരിക്കുകയും ചെയ്തുപോന്നു. കാരണവരുടെ ഭക്തിയിൽ സംപ്രീതയായ ദേവി ഒരു പശുക്കിടാവിന്റെ രൂപത്തിൽ  തിരികെയുള്ള യാത്രയിൽ അദ്ദേഹത്തിനൊപ്പം കൂടി. പുല്ലേലിൽനാടാലയിലെത്തിയ ദേവി കാരണവരുടെയും തറവാടിന്റെയും ഐശ്വര്യത്തിനായി അവിടെ കുടികൊള്ളാമെന്നു ഉറപ്പുനൽകുകയും ചെയ്തു. തന്റെ നാട്ടിലെത്തി തന്നെ കാത്തരുളാമെന്നു കല്പിച്ച ദേവിയ്‌ക്കു ഒരു ക്ഷേത്രം നിര്മിച്ചുനൽകി പൂജാദികര്മങ്ങളോടെ കാരണവർ കുടിയിരുത്തി എന്നാണ് ഐതീഹ്യം. 

ഗണപതിയ്ക്കും മഹാദേവനും നാഗങ്ങൾക്കും യക്ഷിയമ്മയ്ക്കുമൊപ്പം കാരണവരെയും ഇവിടെ യോഗീശ്വര ഭാവത്തിൽ ഉപദേവതയായി സങ്കൽപ്പിച്ചു കുടിയിരുത്തിയിട്ടുണ്ട്. ദാരികാവധം കഥകളി ആടാത്ത ക്ഷേത്രമെന്ന പ്രത്യേകതയും മാലിമേലിനുണ്ട്. മീനത്തിലെ രേവതി നാളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. 

ഉപദേവതാ സങ്കൽപ്പത്തിൽ മാലിമേൽ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ചൈതന്യമാണ് അമ്മൂമ്മക്കാവ്. സുഖപ്രസവത്തിനും കുഞ്ഞുങ്ങളുടെ രക്ഷയ്ക്കും അമ്മൂമ്മക്കാവിലെത്തുന്ന ഭക്തരായ സ്ത്രീകൾ പതിനായിരമാണ്. അമ്മൂമ്മകാവിലെ പ്രധാന വഴിപാടാണ് കല്ലെടുത്തു വെക്കുക എന്നത്. ഗർഭിണികളായ സ്ത്രീകൾ, ഏഴുമാസം തികയുന്നതിനു മുൻപ് ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ നടത്തിയതിനു ശേഷം അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്തു സൂക്ഷിക്കും. ഇത് ഗര്ഭിണിയ്ക്കും കുഞ്ഞിനും ഒരു സുരക്ഷാകവചമായി പ്രവർത്തിക്കുകയും സുഖപ്രസവം സാധ്യമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. പ്രസവശേഷം കുഞ്ഞിന്റെ ചോറൂണ് നടത്തി, ക്ഷേത്രത്തിൽ തിരികെയെത്തി അമ്മൂമ്മക്കാവിൽ സ്വർണത്തിലോ വെള്ളിയിലോ തീർത്ത മോതിരം സമർപ്പിച്ചു കല്ല് തിരികെ ഏൽപ്പിക്കണമെന്നാണ് വിശ്വാസം. 

ആദ്യകാലത്തു തദ്ദേശീയരും തറവാട്ടിലെ ഇളമുറക്കാരും മാത്രമാണ് ക്ഷേത്രത്തിൽ  നടത്തിയിരുന്നെങ്കിൽ ഇപ്പോൾ മറ്റുജില്ലകളിൽ നിന്നും കേട്ടറിഞ്ഞെത്തുന്ന വിശ്വാസികൾ നിരവധിയാണ്. ഭരണി നാളിൽ ദേവിയുടെ എഴുന്നെള്ളത്തും ആയില്യത്തിനു സർപ്പപൂജയും ചിങ്ങത്തിൽ ക്ഷേത്രത്തിലെ വല്യച്ഛൻമാർക്കു ഉത്രാട പൂജയും തിരുവോണത്തിനു അമ്മൂമ്മക്കാവിൽ പ്രത്യേക പൂജയുമുണ്ട്.

മാവേലിക്കരയിൽ നിന്നും കറ്റാനത്തിനു പോകുന്ന വഴിയ്ക്കാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുറത്തിക്കാട്. കുറത്തികാട് ഹൈസ്കൂളിന്റെ അവിടെനിന്നും ഒരുകിലോമീറ്റർ മാത്രം അകലെയാണ് മാലിമേൽ ക്ഷേത്രം.