നടി എസ്തറിന്റെ യാത്രകൾ

ബാലതാരം എന്ന ഇമേജിൽ നിന്നും നായികയുടെ റോളിൽ എത്തിയ എസ്തർ അനിൽ മലയാളികളുടെ പ്രിയങ്കരിയാണ്. ബിഗ്സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സുന്ദരിക്കുട്ടി അവതാരികയുടെ വേഷത്തിലും സൂപ്പർഹിറ്റാണ്. പഠനവും അഭിനയവും അവതരണവുമൊക്കെയായി തിരക്കിന്റെ ലോകത്തിലൂടെ സഞ്ചരിക്കുകയാണ് കുഞ്ഞുസുന്ദരി. തിരക്കുകൾക്കിടയിലും യാത്രകളും ‍ട്രെക്കിങ്ങുമൊക്കെ താരത്തിന് പ്രിയമാണ്. യാത്രകളിലൂടെ എസ്തർ ആസ്വദിച്ച സുന്ദരകാഴ്ചകളും വിശേഷങ്ങളും മനോരമ ഒാണ്‍ലൈനിൽ പങ്കുവയ്ക്കുന്നു.

യാത്രകൾ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ്. സമയം കിട്ടുന്നില്ല എന്നുമാത്രമാണ് പ്രശ്നം. ഒരാൾ ഷൂട്ടിൽ നിന്നും ഫ്രീയാകുമ്പോൾ മറ്റെയാൾക്ക് തിരക്കാകും  പ്ലാൻ ചെയ്യുന്ന ഒരോ യാത്രയും അങ്ങനെ നീണ്ടു പോവുകയാണ്. തിരക്കുകൾ എല്ലാം മാറ്റിവച്ച് ചെറിയൊരു ട്രിപ്പിന് അവസരം ഇൗയടുത്തു ഒത്തുവന്നു. ചെറായി ബിച്ചിലേക്കായിരുന്നു. രണ്ടുദിവസം ബീച്ചിൽ തകർത്തു. രാവിലെ ബീച്ചിൽ പോകും തീരത്ത് കുറെ സമയം ചിലവഴിക്കും പിന്നെ റൂമിലേക്ക് മടങ്ങും.

ചെറിയ ട്രിപ്പ് ആയിരുന്നെങ്കിലും ബീച്ച് സൗന്ദര്യം ശരിക്കും ആസ്വദിച്ച യാത്രയായിരുന്നു. വൈപ്പിന്‍ ദ്വീപിനടുത്തുള്ള ചെറായി ബീച്ചിലേക്ക് കൊച്ചി നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട്. കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചെറായി ബീച്ച്. ചെറായി ബീച്ചില്‍ നിന്നാല്‍ അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. രസകരമായ അനുഭവമാണ്. കാഴ്ചകൾ മാത്രമല്ല രൂചിയൂറും കടൽവിഭവങ്ങൾ വിളമ്പുന്ന നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്. ചെറിയ ട്രിപ്പായിരുന്നെങ്കിലും ഞങ്ങളെല്ലാവരും ശരിക്കും ആഘോഷിച്ചു.

എന്റെ നാട് വയനാട്

വയനാടാണ് എന്റെ വീട്. ഞങ്ങൾ ഒന്നരവർഷം ആയിട്ടുള്ളൂ കൊച്ചിയിൽ താമസമാക്കിയിട്ട്. വയനാട്ടുകാരി ആയതുകൊണ്ടാവും പ്രകൃതിയോട് വല്ലാത്തൊരു ഇഷ്ടമാണ്. കാടും പച്ചപ്പും കാട്ടാറുമൊക്കെ അപ്പനും അമ്മയ്ക്കും  ഞങ്ങൾക്കും ഒരുപാട് പ്രിയമാണ്. പ്രകൃതിയോടും ചെടികളോടുമുള്ള ഇഷ്ടം കൊണ്ട് വയനാട്ടിലെ വീട് തന്നെ പച്ചപ്പിനുള്ളിൽ പണിതുയർത്തിയ രീതിയിലാണ്. 

അവധിക്കാലത്താണ് നാട്ടിലേക്കുള്ള യാത്ര. എന്റെ സുഹൃത്തുക്കളൊക്കെയും അവിടെയാണ്. മിക്കപ്പോഴും അവിടെ എത്തുമ്പോൾ യാത്ര പ്ലാൻ ചെയ്യാറുണ്ട്. യാത്രയിൽ എന്നെ ഏറ്റവും അധികം ആകർഷിച്ചത് കുറുമ്പലകോട്ടയിലേക്കുള്ള െട്രക്കിങ് ആയിരുന്നു. എന്റെ കുറച്ചു സുഹൃത്തുക്കളും അവരിലൊരാളുടെ പേരന്റസും ഉണ്ടായിരുന്നു. എന്റെ വീട്ടിൽ നിന്നും ആറു കിലോ മീറ്റർ ദൂരമുണ്ട്  കുറുമ്പാലകോട്ടയിലേക്ക്. ശരിക്കും വിസ്മയിപ്പിച്ച യാത്രയായിരുന്നു. .മനസ് നിറക്കുന്ന കാഴ്ചകളുടെ സുന്ദര ലോകമാണ് കുറുമ്പാല കോട്ട.

മഞ്ഞു മേഘങ്ങൾ മൂടിയ കാഴ്ച അദ്ഭുതപ്പെടുത്തുന്നതാണ്. ഇതിന്റെ ഉയരത്തിൽ നിന്നാല്‍ വയനാടിന്റെ പകുതിയോളം കാഴ്ചകൾ സ്വന്തമാക്കാം. മലനിരകളാൽ ചുറ്റപ്പെട്ട വയനാടൻ ഭൂപ്രകൃതിയുടെ മനോഹര ചിത്രങ്ങൾ ഒപ്പിയെടുക്കാൻ പറ്റിയ സ്ഥലം കൂടിയാണ് കുറുമ്പാലക്കോട്ട. ബാണാസുരസാഗർ ഞങ്ങൾ താമസിക്കുന്നതിനടുത്താണ്. വയനാട്ടിൽ കുറെ സ്ഥലങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ചെമ്പ്ര പീക്ക് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഒരിക്കൽ പോകണം.

അപ്രതീക്ഷിതമായി എത്തിയ വാൽപ്പാറ

ഒരു ദിവസം ഞങ്ങൾ വെറുതെ ഫാമിലിയായി കറങ്ങാനിറങ്ങി. അതിരപ്പിള്ളി വെള്ളച്ചാട്ടം ലക്ഷ്യമാക്കിയായിരുന്നു യാത്ര. അവിടെ എത്തിയതും കാഴ്ചക്കാരുടെ നല്ലതിരക്ക്. ഞങ്ങൾക്ക് ഒത്തിരി ആളുകൂടുന്നയിടം വല്ലാത്ത ബുദ്ധിമുട്ടാണ്.മറ്റൊന്നുമല്ല സ്വസ്ഥമായി കാഴ്ചകൾ ആസ്വദിക്കാനാവില്ല. അതുകൊണ്ട് ഞങ്ങൾ മുന്നോട്ടു യാത്ര തുടർന്നു. വാൽപ്പാറ എത്തി. തണുപ്പിന്റെ കാഠിന്യം കൂടി. അന്ന് വാൽപ്പാറയിൽ തങ്ങി. സുന്ദരഭൂമിയാണ് വാൽപ്പാറ.

കാടിന്റെ അരികു ചേർന്നുള്ള യാത്ര രസകരമായിരുന്നു. താരതമ്യേന വലുപ്പമുള്ള പട്ടണമാണ് വാൽപ്പാറ. മനോഹരമായ ഹിൽസ്റ്റേഷൻ. കോടമഞ്ഞ് ഇറങ്ങി വരുന്ന ഹെയർപിൻ വളവുകൾ അതിനിടയിൽ മനോഹരമായ ചായത്തോട്ടങ്ങൾ. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം! ചായത്തോട്ടങ്ങൾ മാത്രമല്ല വാൽപ്പാറയ്ക്ക് സ്വന്തമായുള്ളത്, കാപ്പിയുടെ സമൃദ്ധിയും ഇവിടെയുണ്ട്. വർണനയിലല്ല, വാൽപ്പാറയുടെ ഭംഗി കണ്ടുതന്നെ അറിയണം.

ഷൂട്ടിങ്ങും യാത്രയും

ഷൂട്ടിന്റെ ഭാഗമായി നിരവധിയിടങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടത് രാജസ്ഥാനായിരുന്നു. ഒാള് സിനിമയുടെ ഷൂട്ടിന്റെ ഭാഗമായിരുന്നു രാജസ്ഥാൻ പോയത്. രാജസ്ഥാനിലെ ആളുകൾ വലിയ മനസ്സിനുടമകളാണ്, നല്ലസ്നേഹമുള്ളവരും. എന്തൊക്കെ കുറവുകൾ അന്നാട്ടുക്കാർക്ക് ഉണ്ടെങ്കിലും എന്തിലും ഹാപ്പിയാണ് അക്കൂട്ടർ. ഞങ്ങളുടെ ഷൂട്ട് രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ വച്ചായിരുന്നു. അവിടേക്ക് പോകുവാനായി എല്ലാവർക്കും അനുമതി കിട്ടില്ല.  ഒരു പ്രത്യേക വിഭാഗം ആദിവാസികൾ താമസിക്കുന്ന ഗ്രാമമാണ്. സ്പെഷ്യൽ അനുമതി കിട്ടിയാലെ പ്രവേശനമുള്ളൂ. ഷൂട്ടിന്റെ ഭാഗമായതുകൊണ്ട് ആ ഗ്രാമവും നാട്ടുകാരെയും കാണാൻ സാധിച്ചത് വലിയ അനുഗ്രഹമായാണ് ‍ഞങ്ങൾ കരുതുന്നത്.

അവിടുത്തെ വീടുകളെല്ലാം മണ്ണും കൊണ്ടും കല്ലുകൊണ്ടും നിർമിച്ചതാണ്. ചില വീടുകൾക്ക് മേല്‍ക്കൂരയുമില്ല.  അവരുടെ പ്രധാന വരുമാനമാർഗ്ഗം ആടു വളർത്തലും പശുവുമൊക്കെയാണ്.  ഞങ്ങൾ ചായ ആവശ്യപ്പെട്ടപ്പോൾ അവർ ഉടൻതന്നെ ആടിനെ കറന്ന് ചായ ഉണ്ടാക്കിയാണ് നൽകിയത്. വളരെ രസകരമായിതോന്നി. അവിടുത്തെ സംസ്കാരവും എന്നെ ഒരുപാട് ആകർഷിച്ചു. മണലാരണ്യങ്ങള്‍ക്കു പുറമേ തടാകങ്ങളും, കുന്നുകളും മാനം മുട്ടെ ആകാശത്തെ ചുംബിച്ചെന്നോണം ഉയര്‍ന്നു നില്‍ക്കുന്ന രാജകൊട്ടാരങ്ങളും നിലകൊള്ളുന്ന ചരിത്രമുറങ്ങുന്ന ഭാരതത്തിന്റെ അതിമനോഹരമായ സംസ്ഥാനമാണ് രാജസ്ഥാന്‍. എത്ര കണ്ടാലും അവിടുത്തെ കാഴ്ചകൾ അവസാനിക്കില്ല. രാജസ്ഥാനിലെ ഷോപ്പിങ്ങും എനിക്ക് ഇഷ്ടപ്പെട്ടു. ബ്ലാക്ക് മെറ്റലിൽ തീർത്ത് ഒരുപാട് മാലകളും മറ്റും വാങ്ങി.

ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് ഞങ്ങൾക്ക് യാത്രപോകണമെന്നുണ്ട്. തിരക്കാണ് മുന്നിലെ വില്ലൻ. തിരക്കെല്ലാം മാറ്റിവച്ച് പോകണം. അടുത്തുതന്നെ പോകണമെന്ന് മനസ്സിൽ കടന്നു കൂടിയ സ്ഥലം ഗോവയാണ്. കാരണം വേറെ ഒന്നുമല്ല. ഞാൻ ഫിലിം ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഒരുദിവസത്തേക്ക് ഗോവ പോയി തിരിച്ചു വന്നിരുന്നു. ഒരിടവും സന്ദർശിക്കാനായില്ല. അവിടുത്തെ കാഴ്ചകളാസ്വദിക്കാൻ ഒരിക്കൽ ഗോവയിലേക്ക് പോകണം.  യാത്രകളെ ഇഷ്ടപ്പെടുന്ന എസ്തർ പറഞ്ഞു നിർത്തി.