കായലിനുള്ളിൽ സായിപ്പിന്റെ മണ്ണിൽ

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ മനോഹരമായൊരു തുരുത്തുണ്ട്. കണ്ടുപരിചയിച്ച കേരളീയ ഗ്രാമങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു ദ്വീപ്, മൺറോ തുരുത്ത്. 

പണ്ടു പണ്ട് ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പ്... ഏതാണ്ട് ഖസാക്കിന്റെ ഇതിഹാസം വായിച്ചുതുടങ്ങും  പോലെയാണ് അഷ്ടമുടിക്കായലിലെ ഒരു തുരുത്തിന്റെ കഥയും ആരംഭിക്കുന്നത്. കാലം അത്രയ്ക്കങ്ങ് പഴക്കമില്ല. 18–ാം നൂറ്റാണ്ടിന്റെ മധ്യം, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയം. അന്ന് തിരുവിതാംകൂർ ദിവാനായിരുന്നു കേണൽ മൺട്രോ എന്ന സായിപ്പ്. തന്റെ അധികാരപരിധിയിലുള്ള ഒറ്റപ്പെട്ട് കിടന്നിരുന്നൊരു തുരുത്ത് മലങ്കര മിഷണറി ചർച്ച് സൊസൈറ്റിക്ക് മതപഠന കേന്ദ്രം നിർമിക്കാനായി വിട്ടുകൊടുത്തു.

ദ്വീപിന് ദിവാന്റെ പേര് നൽകിയായിരുന്നു  ചർച്ച് സൊസൈറ്റി തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തിയത്. അങ്ങനെ പേരില്ലാതെ കിടന്നിരുന്ന ദ്വീപ് ‘മൺറോ തുരുത്ത്’ എന്നറിയപ്പെട്ടു തുടങ്ങി... കേരളത്തിന്റെ മണ്ണിൽ  സായിപ്പിന്റെ േപരിലൊരു സ്ഥലമോ എന്ന അതിശയമാണ് യാത്രയ്ക്ക് ആക്കം കൂട്ടിയത്. എട്ടുതുരുത്തും എണ്ണിയാലൊടുങ്ങാത്ത ഇടത്തോടുകളും കെട്ടുവള്ളവും ഗ്രാമീണതയും കൂടിച്ചേർന്ന മൺറോ തുരുത്തിന്റെ സൗന്ദര്യമാണ് മുന്നിൽ. ഇമ്പമാർന്ന പശ്ചാത്തലസംഗീതത്തോടെ  സത്യൻ അന്തിക്കാടിന്റെ സിനിമ തുടങ്ങും പോലെ...

വെൽക്കം ടു മൺറോ, നൈസ് റ്റു മീറ്റ് യു

അഷ്ടമുടിക്കായലും കല്ലടയാറും ചേരുന്നിടമാണ് മൺറോ തുരുത്ത്.  ഇടിയക്കടവ് പാലം കടന്ന് മൺറോയുടെ മണ്ണിലെത്തുമ്പോൾ അഷ്ടമുടിക്കായലിൽ‌ മുഖം കഴുകി സൂര്യൻ ഉറക്കമുണരുന്നതേയുള്ളൂ. മൺറോ തുരുത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ കടവത്രക്കടവ് ബോട്ട് ജെട്ടിക്കരികെ കാത്തുനിൽക്കുന്നുണ്ട്. ‘കല്ലടയാറിനു കുറുകെ പാലം വന്നതുകൊണ്ട് കാറിൽ നിങ്ങൾക്കിവിടെ എത്താനായി, പത്തിരുപതുകൊല്ലം മുമ്പായിരുന്നേൽ തോണിയില ദ്വീപിലേക്കെത്താൻ സാധിക്കുമായിരുന്നുള്ളൂ. കായലും ആറും ഇടത്തോടുകളും കയറും കൃഷിയും നിറഞ്ഞ മൺറോക്കാരുടെ ജീവിതക്കാഴ്ചകളിലേക്ക് സ്വാഗതം’. മനോഹരമായൊരു ആമുഖത്തോടെ ബിനു മൺറോയിലേക്ക് സ്വാഗതമരുളി. 

പാലം കടന്നെത്തിയ പുതിയ അതിഥികളുടെ വിശേഷങ്ങൾ കല്ലടയാറിനോടും  അഷ്ടമുടിക്കായലിനോടും പറയാനെന്നോണം  കാറ്റ് തിടുക്കം കൂട്ടി പോകുന്നുണ്ട്. ഇടത്തോടുകളിലൂടെയുള്ള തോണിയാത്രയാണ് മൺറോയുടെ മിടിപ്പറിയാൻ ഉത്തമം. സൂര്യൻ മുഖം ചുവപ്പിക്കും മുമ്പേ  കൈത്തോടുകളിലൂടെയുള്ള യാത്ര തുടങ്ങി. വഴികാട്ടിയായി ഡി.ടി.പി.സി ഗൈഡ് സുജിത്ത് കൂടെയുണ്ട്. വീതികുറഞ്ഞ ചെളിമണമുള്ള കൈത്തോടുകളുടെ മാറിലേക്ക് സുദർശനൻ ചേട്ടൻ മുളങ്കോൽ ആഞ്ഞിറക്കി.  ‘നവംബർ മുതൽ ഫെബ്രുവരി വരെയാണ് പ്രധാനമായും സഞ്ചാരികളെത്തുന്ന സമയം. കല്ലടയാറ് കൊണ്ടുവരുന്ന എക്കൽമണ്ണ് അടിഞ്ഞാണ് മൺറോ തുരുത്തിന്റെ പിറവി. എക്കലിനോളും വലിയ വളമില്ലാത്തതിനാൽ ഈ മണ്ണ് പൊന്നുവിളയുന്ന കാർഷികഭൂമിയായി.

കായലിൽ നിന്ന് തുരുത്തിലേക്ക് ഉപ്പുവെള്ളം കയറിത്തുടങ്ങിയതോടെ മൺറോക്കാരുടെ ജീവിതം പാടെ മാറി മറിഞ്ഞു. കൃഷി നശിച്ചു. ചുറ്റിലും വെള്ളമുണ്ടെങ്കിലും കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന ഇടമാണ് മൺറോ തുരുത്ത്. താഴ്ന്ന പ്രദേശത്തുള്ള വീടുകളിലേക്ക് വെള്ളം കയറും. പലരും കിടപ്പാടം പോലും ഉപേക്ഷിച്ച് മൺറോ വിട്ട് പോയി. 2050 ഒക്കെ ആകുമ്പോഴേക്ക് മൺറോ തുരുത്ത് പൂർണമായും കായലിനടിയിലാകും. ഈ കാഴ്ചകളുടെ മനോഹാരിതയ്ക്കപ്പുറത്ത് മൺറോതുരുത്തിന്  എണ്ണപ്പെട്ട നാളുകളേയുള്ളൂ.’  സുജിത്ത് പറയുന്നു. 

കഥപറയുന്ന കൈത്തോടുകൾ...

കൈത്തോടുകളിൽ വെള്ളം കുറവായതിനാൽ വള്ളം ഊന്നാൻ സുദർശനൻ ചേട്ടൻ നന്നേ പ്രയാസപ്പെടുന്നുണ്ട്.  തോടിന്റെ  ഇരുവശത്തുമുള്ള വീടുകളിൽ വേലിയേറ്റ സമയത്ത് വെള്ളം കയറും. ഇത് പ്രതിരോധിക്കാനായി  ചെളിവാരിയെടുത്ത് മതിലിൽ അടുക്കുകയാണ് ചെയ്യുന്നത്. തോണിയാത്രയ്ക്കിടെ ഈ ജോലിയിലേർപ്പെട്ട ആളുകളെ കണ്ടു. കുറച്ചുദൂരം പിന്നിട്ടിരിക്കുന്നു.  രോഹിണിചേച്ചിയുടെ കടയിൽ നിന്നൊരു ചായയും കുടിച്ച് യാത്ര തുടർന്നു. കല്ലുവിള ശ്രീകൃഷ്ണ സ്വാമീക്ഷേത്രം പിന്നിട്ട് മുന്നോട്ട്.

ചെമ്മീൻ കെട്ടുകൾ കടന്ന് മണക്കടവ് ഭാഗത്തേക്കടുക്കാറായപ്പോഴാണ് സുജിത്ത് മൺറോതുരുത്തുകാരുടെ 28ാം ഓണവിശേഷങ്ങൾ പറയുന്നത്. ‘ തിരുവോണത്തേക്കാൾ പ്രാധാന്യമുണ്ട് ഞങ്ങൾക്ക് തിരുവോണം കഴിഞ്ഞുള്ള ഇരുപത്തിയെട്ടാമത്തെ ദിവസത്തിന്. തുരുത്തിലാകെ ഉത്സവ പ്രതീതിയായിരിക്കും. കുടുംബക്കാരെല്ലാം ഒത്തുചേരുന്ന സമയം കൂടിയാണത്. അന്നാണ് പ്രശസ്തമായ കല്ലട ജലോത്സവം. വള്ളപ്പാട്ടിന്റെ താളം മുറുകുമ്പോൾ അഷ്ടമുടിക്കായലും കല്ലടയാറും ആവേശത്തോടെ അതേറ്റുപാടും.’ വർത്തമാനം ജലോത്സവത്തിന്റെ ആയതിനാലാവണം സുദർശനൻ ചേട്ടന്റെ തോണിതുഴയലിന് വേഗത കൂടിയിട്ടുണ്ട്. ഒപ്പം ചുണ്ടിൽ ചേർത്തൊരു വള്ളപ്പാട്ടും, 

‘കൈകുഴഞ്ഞു വീണ നേരം

തോളുരഞ്ഞു വീണനേരം, 

ചാട്ടവാറുകൾ വീശി ചാട്ടവാറുകൾ...

മൂന്നുകോണിൽ നിന്ന് വന്നു 

ഇന്നലെ നാം പാടിയല്ലോ’...വള്ളപ്പാട്ടിനു താ ളം പിടിച്ച് മണക്കടവ് ഭാഗത്തേക്കെത്തി. ഇവിടെ നിന്നാൽ അഷ്ടമുടിക്കായലിന്റെ മനോഹരമായൊരു ദൃശ്യം കാണാം. കൈത്തോടുകളിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഇവിടെയാണ്. തിരിച്ച് പോകും വഴിയാണ് ഇടത്തോടിനടുത്തുള്ള വീട്ടുമുറ്റത്ത് കയറുപിരിക്കുന്ന പെണ്ണുങ്ങളെ കണ്ടത്.ചകിരി പിരിച്ചെടുത്ത് കയറുണ്ടാക്കുന്നത് നോക്കി കുറച്ചു നേരം നിന്നു. പണ്ടുകാലത്ത് കയറും കയറുൽപന്നങ്ങളും ധാരാളമായി ഉണ്ടാക്കിയിരുന്ന സ്ഥലമായിരുന്നു മൺറോ തുരുത്ത്. കയറിന്റെ പേരിൽ ഗ്രാമത്തിന്റെ ഖ്യാതി കടൽ കടന്നു. അന്ന് സജീവമായിരുന്ന കയർ സഹകരണസംഘങ്ങൾ സാമ്പത്തിക നഷ്ടം കാരണം അസ്തമിച്ചപ്പോൾ മൺറോയുടെ കയർ ചരിത്രം മണ്ണോടു ചേർന്നു. 

കല്ലടയാറിലൂടെ തുഴഞ്ഞ് അഷ്ടമുടിക്കായലിലേക്ക്

യാത്രയുടെ രണ്ടാം ഭാഗം ഇവിടെ തുടങ്ങുന്നു. കായലിനു നടുവിലെ കാഴ്ചകളിലേക്ക് പോകാൻ മോട്ടോർ ബോട്ട് റെഡിയാക്കി ഡ്രൈവർ ബെൻ കാത്തുനിൽക്കുന്നുണ്ട്. 13 വാർഡുകളാണ് മൺറോ തുരുത്തിലുള്ളത്. ഇതിൽ പെരിങ്ങാലം വാർഡിൽ ഒഴികെ ബാക്കിയെല്ലായിടത്തും വണ്ടി വരും. പെരിങ്ങാലം വാർഡിലുള്ളവരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് സർക്കാറിന്റെ  ബോട്ട് സർവീസോ അവരവരുടെ തന്നെ തോണിയോ ആണ്.  ഈ ബോട്ട് സർവീസ് ദിവസം മൂന്നു തവണ മാത്രമേയുള്ളൂ. പഞ്ചായത്ത് പ്രസിഡന്റ് ബിനുകരുണാകരന്റെ വീട് പെരിങ്ങലം വാർഡിലാണ്.  സ്വന്തം തോണിതുഴഞ്ഞാണ് പ്രസിഡന്റ്  പഞ്ചായത്തിലെത്തുന്നത്. കടവത്രക്കടവിൽ നിന്ന് പുറപ്പെട്ട ബോട്ട് നെൻമേലി, കിടപ്പറം ഭാഗം പിന്നിട്ട് പെരിങ്ങാലം ലക്ഷ്യമാക്കി കുതിച്ചു. 

കല്ലടയാറിലൂടെയുള്ള യാത്ര ഇടയ്ക്ക് വച്ച് കായലിലൂടെയായി.  

കായലിനു നടുവില്‍ കണ്ട ൽക്കാടിന്റെ കൂട്ടം.   ധ്യാനതീരമാണ് ആദ്യകാഴ്ച. ബെഥേൽ മാർത്തോമ ചർച്ചിന്റെ ഒരു ഭാഗത്ത് കായലിനോട് ചേർന്നാണ് ധ്യാനതീരം. കായൽക്കാഴ്ചകൾ കണ്ട് കാറ്റേറ്റ് നടക്കാൻ ഒരു പാത. അതാണ് ധ്യാനതീരം. വേടൻ ചാടി മലയാണ് അടുത്ത ലക്ഷ്യസ്ഥാനം. കായലിനുനടുവിലെ ഏറ്റവും ഉയരമുള്ള ഭാഗം കൂടിയാണിത്. ‘പണ്ട് ഈ മലയ്ക്ക് മുകളിൽ ഒ രു വേടനും വേടത്തിയും കുടുംബമായി താമസിച്ചിരുന്നു. ഒരിക്കൽ ഒരു മുനി അവിടെ വരികയും വേടത്തിയുമായി പ്രണയത്തിലാവുകയും ചെയ്തു.

മുനിയോടൊപ്പം തന്റെ പ്രിയതമ ഒളിച്ചോടിപ്പോയ വിഷമം താങ്ങാനാവാതെ വേടൻ മലമുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. അന്നു മുതൽ ഇൗ മല വേടൻ ചാടി മലയെന്നറിയപ്പെട്ടു.’ ബോട്ട് ഡ്രൈവർ ബെൻ പേരിനു പിന്നിലെ കഥ പറഞ്ഞു. കാറ്റ് ആഞ്ഞുവീശാൻ തുടങ്ങി. കായലോളങ്ങൾക്ക് കടൽത്തിരമാലയുടെ രൂപമായി. ബോട്ട് ആടിയുലഞ്ഞു. കായലിന്റെ തീരത്ത് പട്ടംതുരുത്തിൽ  ബ്രിട്ടീഷുകാരുടെ കാല ത്ത് അതായത് AD 1878 ൽ പണിതൊരു ക്രിസ്ത്യൻ പള്ളി കാണാം. ‘ആ പള്ളി നിൽക്കുന്ന ഭാഗത്ത് ഒരു ക്രിസ്ത്യൻ കുടുംബമേ ഇപ്പോഴുള്ളൂ. അതുകൊണ്ടു തന്നെ അവിടുത്തെ പെരുന്നാൾ കൊണ്ടാടുന്നത് ഹിന്ദുക്കളാണ്.’ ഇതു പറഞ്ഞ്  ബെൻ ഒന്നു പുഞ്ചിരിച്ചു.  

പെരുമൺ റെയിൽവേ പാലം കടന്ന് മുന്നോട്ടുനീങ്ങി. കാറ്റ് നിശ്ശബ്ദത കൈക്കൊണ്ടു. ഇവിടെയാണ് 1988ലെ ട്രെയിൻ അപകടമുണ്ടായത്. പാലത്തിനു താഴെ അതിന്റെ സ്മാരകം കാ ണാം. മുന്നിൽ രണ്ടു തുരുത്തുകൾ, പേഴും തുരുത്തും നീറ്റുതുരുത്തും. പേഴുംതുരുത്തിലാണ് ശ്രീ ഭദ്രാദേവീ ക്ഷേത്രം. കല്ലടയാറിന് ഇക്കരെയാണ് ക്ഷേത്രം. തിടമ്പേറ്റിയ ആനകൾ അക്കരെ നിന്ന് ആറുകടന്ന് ക്ഷേത്രത്തിലേക്കെത്തുന്നു എന്നത് ഇവിടുത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ആറിനു കുറുകെ ഇടച്ചാൽ പാലം വന്നെങ്കിലും ക്ഷേത്രത്തിലെ ആചാരം ഇന്നും അതേ പോലെ തുടരുന്നു. 

പേഴുംതുരുത്തിൽ യാത്ര അവസാനിക്കുകയാണ്. കായലോളങ്ങളി ൽ അസ്തമയചുവപ്പ് പടർത്തി സൂര്യൻ യാത്രപറയാനൊരുങ്ങി. അങ്ങുദൂരെ ഇടത്തോടുകളിലെവിടെ നിന്നോ ഓളത്തിനൊപ്പം താളം പിടിക്കുന്ന നാടൻപാട്ട് കേൾക്കാം. ഇടിയക്കടവ് പാലം കടന്ന് തുരുത്തിന് പുറത്തേക്കിറങ്ങുമ്പോൾ സായിപ്പിന്റെ മണ്ണിനോട്   പ്രണയം തോന്നുന്ന പോലെ...

ചിത്രങ്ങൾ : ശ്രീകാന്ത് കളരിക്കൽ, റ്റിബിൻ അഗസ്റ്റ്യൻ