പൊരിച്ച മീനും കക്കാത്തോരനും കൂട്ടിയൊരൂണ്; വെറും അമ്പതു രൂപ!

ആവിപറക്കുന്ന ചോറിൽ, കായത്തിന്റെ മണമുയരുന്ന സാമ്പാറുമൊഴിച്ചു ചാള പൊരിച്ചതും കക്ക തോരനും ചേർത്ത് ആദ്യത്തെ ഉരുള ചോറ് വായിലേക്ക് വെയ്ക്കുമ്പോഴേ അറിയാം ഓമന ചേച്ചിയുടെ കൈപുണ്യം. ഓരോ വറ്റിലും പറ്റിയിരിക്കുന്ന സാമ്പാറിന്റെയും പൊരിച്ച ചാളയുടെയും കക്കതോരന്റെയും രുചി നാവിനെ ദൃതംഗപുളകിതനാക്കി കടന്നുപോകുമ്പോഴായിരിക്കും പാത്രത്തിലെ മറ്റു കറികളിലേക്കു കണ്ണോടിക്കുക.  അവിയലും ഓലനും അച്ചാറും  കൈകാട്ടി വിളിക്കുന്നുണ്ട്.

അടുത്ത ഉരുള ഇവരെ കൂട്ടിയാണ്. മീൻകറിയും പുളിശ്ശേരിയും പച്ചമോരും ഊഴവും കാത്തു അക്ഷമരായിരിക്കുന്നു. കാന്താരി മുളകിന്റെയും ഇഞ്ചിയുടെയും കറിവേപ്പിലയുടെയും മോഹിപ്പിക്കുന്ന കൂട്ടുമായി വശീകരിക്കുന്ന പച്ചമോരും കുടിച്ചു, എല്ലാ കറികളും കൂട്ടി, വയറു നിറച്ചിറങ്ങുമ്പോൾ പോക്കറ്റിൽ നിന്നും നൂറിനുമുകളിൽ രൂപയെടുത്തു കയ്യിൽ കരുതുന്നവർക്ക് ഒരു വലിയ സർപ്രൈസ് കൂടി ഓമനച്ചേച്ചി കരുതിയിട്ടുണ്ട്. രുചി നിറച്ച ഇത്രയും വിഭവങ്ങൾക്കു വെറും 50 രൂപ മാത്രം.

ആലപ്പുഴയിലെ ചേർത്തല നഗരത്തിൽ പാളയത്തിൽ ഓമനയെന്ന വീട്ടമ്മയാണ് രുചികരമായ  വിഭവങ്ങളും കൂട്ടി, വിശന്നുവരുന്നവർക്കു ഇത്രയും കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്നത്. കൂട്ടിനു അയൽപക്കങ്ങളിലുള്ള സ്ത്രീകളുടെ സഹായവുമുണ്ട്. അമിത ലാഭം ഈടാക്കാതെ, വിശന്നുവരുന്നവർക്ക്‌ ഭക്ഷണം നൽകുക, കൂടെ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോകുക. അതുമാത്രമാണ് ഓമന ചേച്ചിയുടെ ലക്ഷ്യം. ഭർത്താവ് തിലകനാണ് 'വീട്ടിലെ ഊണ്' എന്ന പേരിൽ സ്വന്തം വീടിനോടു ചേർന്ന് ഇത്തരത്തിലൊരു ഭക്ഷണശാല തുടങ്ങിയത്. ഭർത്താവിന്റെ മരണശേഷം ആ കട ഓമന ചേച്ചി ഏറ്റെടുക്കുകയായിരുന്നു. ഉച്ചയൂണ് മാത്രമേ ഇവിടെ ലഭിക്കുകയുള്ളു. 

ഇത്രയും കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്നത് നഷ്ടമല്ലേ എന്ന് ചോദിച്ചാൽ, ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കി കൊണ്ട് ഓമനച്ചേച്ചി പറയും, ഇതുവരെ വലിയ നഷ്ടമൊന്നും പറ്റിയിട്ടില്ല. മുട്ടില്ലാതെ കഴിഞ്ഞു പോകാനും കഴിയുന്നുണ്ട്. പിന്നെന്തിനാണ് വില കൂട്ടുന്നത്? വീട്ടിലുണ്ടാക്കുന്ന അതേ രുചി..പൈസയും കുറവ്. വേറെ കടകൾ അന്വേഷിച്ചു പോകുന്നതെന്തിനെന്നു ഊണ് കഴിക്കാനെത്തുന്ന സ്ഥിരക്കാരും ചോദിക്കുമ്പോൾ മനസിലാകും ഓമനചേച്ചിയുടെ കടയ്ക്കു നഷ്ടങ്ങളുടെ കണക്കു പറയാനില്ലാത്തതെന്തു കൊണ്ടാണെന്ന്. 

അവിയലും അച്ചാറും മെഴുക്കുപുരട്ടിയും തോരനും മീൻ പൊരിച്ചതും കൂട്ടി ഊണുകഴിച്ചു, കൈകഴുകി കടയിൽ നിന്നിറങ്ങുന്നവർക്കെല്ലാം തെളിഞ്ഞ മുഖമാണ്. വയറു നിറഞ്ഞതിനൊപ്പം കീശ കാലിയാകാത്തതിന്റെ സന്തോഷമാണ് ആ മുഖങ്ങളിൽ. അത് കാണുമ്പോൾ ഓമന ചേച്ചിയും നിറഞ്ഞൊന്നു ചിരിക്കും, സംതൃപ്തമായ മനസോടെ...

ആലപ്പുഴ യാത്രയിൽ, ചേർത്തലയെത്തുമ്പോൾ വയറൊന്നു വിശന്നു വിളിക്കുന്നുണ്ടെങ്കിൽ മടിക്കാതെ കയറി ചെല്ലാം, ഓമനചേച്ചിയുടെ കടയിലേക്ക്. അരിപ്രാഞ്ചിയുടെ ഡയലോഗ് പോലെ..''കൊട്ക്ക്ണ കാശിനു ഇവ്ടെ കിട്ടണ ഊണ് മൊതലാ..''