കള്ള് മാത്രമല്ല ഭായി രുചിയൂറും വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്

നാടൻ വിഭവങ്ങളുടെ പറുദീസയാണ് ഓരോ കള്ളുഷാപ്പുകളും. നല്ല എരിവും ഉപ്പും പുളിയും മസാലകളും നിറഞ്ഞ കറികളും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും കൊണ്ട് ഭക്ഷണപ്രേമികളുടെ പ്രിയയിടമായി കള്ളുഷാപ്പുകൾ മാറിയിട്ട് കാലമേറെയായി. രുചിയാസ്വാദകർ നിരവധി പേരുണ്ടെന്ന സത്യം മനസിലാക്കി കള്ളുഷാപ്പുകളെല്ലാം  മുഖം മിനുക്കിയിന്ന് ഫാമിലി റെസ്റ്റോറന്റുകളായി മാറി. സ്ത്രീകൾക്ക് അന്യമായ അത്തരമിടങ്ങളിപ്പോൾ അവധി ദിനങ്ങൾ ആഘോഷിക്കാനും ഭക്ഷണം ആസ്വദിക്കാനുമുള്ള രുചിയിടങ്ങളായി മാറിയിരിക്കുന്നു. അത്തരത്തിൽ രുചികൊണ്ട് ഭക്ഷണപ്രേമികളെ തന്റെ തട്ടകത്തിലേക്കു മാടിവിളിക്കുന്ന കള്ളുഷാപ്പാണ് കുമരകം കിളിക്കൂട്  കള്ളുഷാപ്പ്.

Representative Image

കുമരകം പക്ഷി സങ്കേതത്തിലേക്ക് പോകുന്ന വഴിയിൽ ചക്രംപടി  എന്ന സ്ഥലത്താണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്.  താറാവ് റോസ്‌റ്റ്, ഞണ്ട് റോസ്‌റ്റ്, കരിമീൻ പൊള്ളിച്ചത്, ചെമ്മീൻ മസാല, വരാല് കറി, കക്ക റോസ്റ്റ്,  തുടങ്ങി അതിഥികളുടെ നാവിൽ വെള്ളമൂറിക്കുന്ന നിരവധി തനിനാടൻ വിഭവങ്ങൾ ഇവിടെ വിളമ്പുന്നുണ്ട്.

Representative Image

സഞ്ചാരികൾ ഏറെയെത്തുന്ന കുമരകത്ത്, ഭക്ഷണം തേടി ഏറെപ്പേരെത്തുന്ന  ഇടമാണ് കിളിക്കൂട്  ഷാപ്പ്. മത്സ്യങ്ങളും താറാവുമാണ്   ഈ രുചിപ്പുരയിലെ  പ്രധാന വിഭവങ്ങൾ. കുരുമുളകിന്റെ സ്വാദും എരിവും മുമ്പിൽ നിൽക്കുന്ന താറാവ് റോസ്റ്റാണ് കിളിക്കൂട് ഷാപ്പിലെ പ്രധാന രുചിക്കാരൻ. 

Representative Image

അപ്പത്തിന്റെ കൂട്ടുക്കാരനായ താറാവ് മപ്പാസിനും ആരാധകർ ഏറെയാണ്. മഞ്ഞൾപൊടിയും ഉപ്പും ഗരംമസാലയും ചേർത്ത് വേവിക്കുന്ന താറാവിലേക്കു സവാളയും ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വഴറ്റിയതിനു ശേഷം മസാലപ്പൊടികൾ ചേർത്ത് മൂപ്പിച്ച്, തേങ്ങാപ്പാലും കശുവണ്ടി അരച്ചതും ചേർക്കും. അതിനുശേഷം കുറച്ചു സമയം കൂടി അടുപ്പിലെ ചെറുതീയിൽ വെയ്ക്കുന്നു. തിളക്കുന്നതിനു മുൻപ് അടുപ്പിൽ നിന്ന് മാറ്റണം, ഇല്ലെങ്കിൽ തേങ്ങാപ്പാൽ പിരിഞ്ഞു പോകും. നല്ല പതുപതുത്ത അപ്പത്തിൽ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത്  കൊഴുത്ത താറാവ് മപ്പാസിൽ മുക്കി കഴിക്കുമ്പോൾ ആ രുചിയുടെ സൃഷ്ടാവിനു മനസുകൊണ്ടും ഹൃദയം കൊണ്ടും നന്ദി പറഞ്ഞുപോകും ആരും. 

Representative Image

താറാവ് രുചി മാത്രമല്ല, കരിമീൻ പൊള്ളിച്ചതും കിളിക്കൂട്  ഷാപ്പിന്റെ സ്പെഷ്യൽ ആണ്. പാതി വറുത്ത കരിമീൻ, എല്ലാ മസാലകളും സവാളയും തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയത്  ചേർത്ത് വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ്, വേവിച്ചെടുക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ തന്നെ പ്രയാസമാണ്. കഷ്ണങ്ങളാക്കിയ ഞണ്ട്, സ്പെഷ്യൽ മസാല ചേർത്ത് റോസ്‌റ്റ് ചെയ്തെടുത്തതും രുചിയിൽ ഏറെ മുമ്പിലാണ്.  ചെമ്മീൻ റോസ്റ്റും വരാല് പൊള്ളിച്ചതുമൊക്കെ ചോറിനും കപ്പയ്ക്കുമൊപ്പം നിരവധി ആവശ്യക്കാരുള്ള വിഭവമാണ്. ബീഫും പോർക്കും ചിക്കനും കക്കയും ഉൾപ്പെടെ നിരവധി വിഭവങ്ങൾ ഇവിടുത്തെ സൂപ്പർ താരങ്ങളാണ്. എത്ര രുചിച്ചാലും മതിവരാത്ത ഈ വിഭവങ്ങൾ ഏതൊരു ഭക്ഷണപ്രേമിയെയും കിളിക്കൂട് ഷാപ്പിന്റെ ആരാധകനാക്കിമാറ്റും.

Representative Image

ഭക്ഷണം പോലെ തന്നെ ആസ്വാദ്യകരമാണ് ഈ ഷാപ്പിന്റെയും ഇവിടുത്തെ പ്രകൃതിയുടെയും കാഴ്ച. പാടത്തിന്റെ കരയിൽ, അതിഥികൾക്ക് ഇരിക്കാനും ഭക്ഷണം രുചിക്കാനും കഴിയുന്ന വിധത്തിലുള്ള നിരവധി കുടിലുകൾ നിർമിച്ചിട്ടുണ്ട്‌. വെള്ളത്തിന് മുകളിലായാണ് ഈ കുടിലുകളുടെ സ്ഥാനം. നല്ല ഭക്ഷണവും മനോഹരമായ പ്രകൃതിയും രുചിപ്രേമികൾക്ക് ഏറെ ഹൃദ്യമായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക.

Representative Image

കള്ളുഷാപ്പിന്റെ കെട്ടിനും മട്ടിനുമപ്പുറത്ത് കുടുംബങ്ങളെ സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്ന ഭക്ഷ്യശാലയാണിതെന്ന് ആദ്യകാഴ്ചയിൽ തന്നെ വ്യക്തമാണ്. കള്ളുഷാപ്പിന്റെ ബഹളമോ, ആ അന്തരീക്ഷമോ ഇല്ലാതെ, കുടുംബത്തോടിപ്പമിരുന്ന് നല്ല ഭക്ഷണവും കൂട്ടത്തിൽ അല്പം നാടൻ കള്ളും രുചിക്കണമെന്നുണ്ടെങ്കിൽ അതിന് ഏറ്റവും മികച്ച ഒരിടമാണ് കുമരകം കിളിക്കൂട് കള്ളുഷാപ്പ്.