കരേറുന്നു കുമരകം; പച്ചപിടിച്ച് വിനോദസഞ്ചാരവും

കുമരകം ∙ വെള്ളപ്പൊക്കത്തിൽ കൈവിട്ടുപോയ കുമരകത്തെ ടൂറിസം തിരിച്ചുവരവിന്റെ പാതയിൽ. വെള്ളപ്പൊക്കത്തിനുശേഷം വഞ്ചിവീട് യാത്രയ്ക്കായി ഇന്നലെ വിദേശികളും എത്തി. ഇവരെ വിനോദ സഞ്ചാര വകുപ്പു ഡപ്യൂട്ടി ഡയറക്ടർ ബിജു വർഗീസും ഹൗസ് ബോട്ട് ഓണേഴ്സ് ഭാരവാഹികളായ സി. പി. പ്രശാന്തും ഷനോജും ജീവനക്കാരും ചേർന്നു വരവേറ്റു. മൂന്നു ദിവസം മുൻപു കൂത്താട്ടുകുളത്തുനിന്നുള്ള സംഘം കായൽ യാത്ര നടത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ കേടുപാടു സംഭവിച്ച ഹോട്ടലുകളും റിസോർട്ടുകളും ഹോം സ്റ്റേകളും നന്നാക്കി പുതുമയോടെ സഞ്ചാരികൾക്കായി വീണ്ടും തുറന്നു.

ഉത്തരേന്ത്യയിൽനിന്നുള്ളവരാണ് ഇപ്പോഴുള്ളത്. അടുത്തദിവസങ്ങളിൽ വിദേശികളെ പ്രതീക്ഷിക്കുന്നു. ഒരാഴ്ചയിലേറെയുണ്ടായ വെള്ളപ്പൊക്കം മൂലം 100 കോടി രൂപയുടെ നഷ്ടമാണു കുമരകത്തെ ടൂറിസം മേഖലയ്ക്കുണ്ടായത്. 29 റിസോർട്ടുകൾ ഉള്ളതിൽ 27 എണ്ണത്തിന്റെയും പ്രവർത്തനം നിലച്ചിരുന്നു.

110 വഞ്ചിവീടുകളിൽ ഒന്നു പോലും കായൽയാത്ര നടത്തിയില്ല. വിനോദ സഞ്ചാരികളെ കുമരകത്തേക്ക് ആകർഷിക്കുന്നതിനായി ‘കുമരകം ഈസ് സേഫ്’ പ്രചാരണവുമായി റിസോർട്ടുകൾ രംഗത്തിറങ്ങുന്നതോടെ കൂടുതൽ വിനോദ സഞ്ചാരികൾ കുമരകത്ത് എത്തുമെന്നാണു പ്രതീക്ഷ. വിനോദ സഞ്ചാര വകുപ്പും സഞ്ചാരികളുടെ വരവിനായി പ്രചാരണതന്ത്രവുമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം ടൂറിസം വകുപ്പ് ജില്ലാതലത്തിൽ യോഗം വിളിച്ചു സ്ഥിതി ചർച്ച ചെയ്തു.