ദിലീപിന്റെ 'ഒളിത്താവളം' കണ്ടെത്തിയതിനെക്കുറിച്ച് അരുൺ ഗോപി

എത്ര ബുദ്ധിമുട്ടുകളെയും പ്രശ്നങ്ങളെയും അതിജീവിച്ചു കൊണ്ടാണ് ഓരോ സിനിമയും പിറവിയെടുക്കുന്നത്! അത് പലരുടെയും സ്വപ്നങ്ങളും ആഗ്രഹങ്ങളും മറ്റു പലരുടെയും കച്ചവട താൽപര്യങ്ങളുമാണ്. ഇതെല്ലാം കൂടി ചേർന്നതാണ് സിനിമ. തന്റെ ആദ്യ സിനിമയുടെ പിറവിയ്ക്കായി അരുൺ ഗോപിയോളം ഓടി മടുത്ത ഒരു സംവിധായകനുണ്ടാകില്ല. രാമലീലയുടെ വിജയം ഈ സങ്കടങ്ങളെയൊക്കെ പുറന്തള്ളിയെങ്കിലും അതിനുമുൻപുണ്ടായ ഓരോ ഇടപെടലും സിനിമയ്ക്കു കൂടി വേണ്ടിയായിരുന്നിരിക്കണം എന്നാണ് അരുൺ ഗോപിയുടെ അഭിപ്രായം.

അരുൺ ഗോപി

സിനിമയ്ക്കു വേണ്ടി ഏറ്റവും മികച്ചത് കണ്ടെത്താൻ ശ്രമിക്കുന്ന സിനിമാ പ്രവർത്തകർ ഏറ്റവുമധികം അലഞ്ഞു നടക്കുക കൃത്യമായ ലൊക്കേഷനു വേണ്ടിയാകും. രാമലീല എന്ന ദിലീപ് സിനിമ കണ്ടവർക്കറിയാം, സിനിമയുടെ രണ്ടാം പകുതിയിലെ മനോഹരമായ ആ റിസോർട്ട്. നീലക്കടലിന്റെ പശ്ചാത്തലമുള്ള റിസോർട്ട് തിരക്കിപ്പോയ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് അരുൺ ഗോപി പറയുന്നു.

‘‘യാത്രകൾ സ്ഥിരമുണ്ട്, പക്ഷേ എന്നെ ഏറ്റവുമധികം ആധി പിടിപ്പിച്ചതും വേണ്ടെന്നു വയ്ക്കാൻ തോന്നിയതും പേടിപ്പിച്ചതും എന്നാൽ ആശ്ചര്യപ്പെടുത്തിയതുമൊക്കെ ഒരേ ഇടത്തേക്കുള്ള യാത്രയാണ്; രാമലീലയുടെ ലൊക്കേഷൻ തേടിയുള്ള ആ യാത്ര. വല്ലാത്തൊരു അനുഭവമായിരുന്നു ആ യാത്ര. അതിൽ എവിടെയൊക്കെയോ ദൈവത്തിന്റെ ഇടപെടലുണ്ടായിരുന്നു.

ഒറ്റപ്പെട്ട ഒരു ദ്വീപ് സിനിമയ്ക്ക് വേണമായിരുന്നു. മാലിദ്വീപിലായിരുന്നു ഞങ്ങളുടെ അന്വേഷണം. പലവിധ തിരക്കുകൾ കൊണ്ട് മാലിദ്വീപിലെ നേരത്തെ പറഞ്ഞു വച്ച ലൊക്കേഷൻ കാണാൻ ഷൂട്ടിങ് തുടങ്ങിയിട്ടും പറ്റിയിരുന്നില്ല. ഞാനെന്നല്ല, ആരും ലൊക്കേഷൻ കണ്ടില്ല. പറഞ്ഞു കേട്ട അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചില കാരണങ്ങളാൽ ഷൂട്ടിങ് മുടങ്ങിയ സമയത്താണ് അവിടെ പോകാൻ പറ്റിയത്. പക്ഷേ അതിനു മുൻപ്, ഷൂട്ടിങ് മുടങ്ങുമെന്ന പ്രതീക്ഷ ഇല്ലാതിരുന്നതിനാൽ നിർമാതാവ് ടോമിച്ചൻ മുളകുപാടം അദ്ദേഹത്തിന്റെ ഭാര്യയെയും കൂട്ടി ഈ ലൊക്കേഷൻ കാണാൻ പോയിരുന്നു.

Image Source : Rihiveli Site

അവർ അതൊരു ട്രിപ്പ് ആക്കി. അവിടെ ചെന്ന് സൺ ഐലൻഡ് കണ്ടു എന്നാൽപ്പിന്നെ അത് തീരുമാനിച്ചാലോ എന്ന നിലയിലെത്തി കാര്യങ്ങൾ. ആ സമയത്താണ് സിനിമ ഷെഡ്യൂൾ ആവുന്നത്. മാലിദ്വീപിൽ ഫ്‌ളൈറ്റ് ഇറങ്ങി ആ ദ്വീപിൽനിന്ന് പത്തു മിനിറ്റ് ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് സൺ ദ്വീപിൽ എത്തുക. ഷൂട്ടിങ് ഷെഡ്യൂൾ ആയ സമയത്ത് ടോമിച്ചൻ വിളിച്ചു, ‘ലൊക്കേഷൻ കണ്ടിട്ട് പൊയ്ക്കൂടെ’ എന്ന ചോദ്യത്തിൽ, പോയേക്കാം എന്നുതന്നെ ഉറപ്പിച്ചു. അങ്ങനെ ഫ്‌ളൈറ്റിൽ മാലി ദ്വീപിലെത്തി. അവിടെനിന്ന് സൺ ഐലൻഡിലെത്തി. എനിക്ക് വാനോളമാണ് പ്രതീക്ഷകൾ. ചുറ്റും മനോഹരമായ കടൽ നിറഞ്ഞ ഒറ്റപ്പെട്ട ഒരു ദ്വീപ്, അവിടെ ഏകാന്തമായി നിൽക്കുന്ന റിസോർട്ട്. അങ്ങനെയൊക്കെ... ഫ്‌ളൈറ്റ് നിലത്തേക്ക് ‌ഇറങ്ങുമ്പോൾ തന്നെ ആ പ്രതീക്ഷ ഒന്നുകൂടി വർധിച്ചു. കാരണം ദൂരെനിന്ന് നോക്കുമ്പോഴുള്ള മാലിദ്വീപിന്റെ ഭംഗി അതിശയിപ്പിക്കും. എത്രയോ എണ്ണിയാലൊടുങ്ങാത്ത ദ്വീപുകൾ... അതിൽ ചിലതിൽ മാത്രമേയുള്ളൂ റിസോർട്ടുകൾ.

Image Source : Rihiveli Site

സൺ ദ്വീപിൽ ചെല്ലുമ്പോൾ എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. സൺ ഐലൻഡ് നമ്മുടെ തിരുവനന്തപുരത്തിന്റെ അത്രയുമുണ്ട്. ഒരുപാട് മുറികളുള്ള ഒരു റിസോർട്ട്, അവിടെ ഉള്ള സ്റ്റാഫുകൾക്ക് പഠിക്കാൻ സ്‌കൂൾ, അങ്ങനെ എല്ലാ സൗകര്യവുമുള്ള, വേണമെങ്കിൽ ഒരു ജില്ലയായി പ്രഖ്യാപിക്കാവുന്ന ദ്വീപ്. ഇത്തരം ഒന്നായിരുന്നില്ല എന്റെ മനസ്സിൽ. പക്ഷേ രണ്ടു ദിവസം കഴിഞ്ഞാൽ തിരികെയുള്ള ഫ്‌ളൈറ്റ് പിടിക്കണം, വേറെ അന്വേഷിക്കാൻ സമയമില്ല. അപ്പോൾ അതുതന്നെ തിരഞ്ഞെടുത്തേ പറ്റൂ.

മനസ്സാകെ ഇടിഞ്ഞതു പോലെയായി. കാരണം അതു കണ്ടാൽ ആരായാലും പറയും, എന്നാൽ പിന്നെ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്‌താൽ പോരായിരുന്നോ എന്ന്. അതൊക്കെ ഓർക്കുമ്പോൾ ആകെ നിരാശയായി. പക്ഷേ വേറെ നിവൃത്തിയില്ല. അങ്ങനെ ഉറപ്പിച്ച് തിരികെ പോകാനുള്ള സമയമെത്തി. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഫ്‌ളൈറ്റ്. സൺ ദ്വീപിൽനിന്ന് ഞങ്ങൾ രാവിലെ ഇറങ്ങി. മാലിദ്വീപിൽ നിന്നാണ് നാട്ടിലേക്കുള്ള ഫ്‌ളൈറ്റ്. അവിടെ നമ്മുടെ എം.കെ. മുനീറിന്റെ ഒരു സുഹൃത്തുണ്ട്, ഷിജു. അദ്ദേഹത്തോട് ഞാനെന്റെ വിഷമം പറഞ്ഞു. അന്ന് ഞായറാഴ്ചയാണ്. എട്ടു മണിയായപ്പോൾ ഞങ്ങൾ മാലിയിൽ എത്തിയിരുന്നു.

ഞാൻ ഉദ്ദേശിച്ച ദ്വീപല്ല എനിക്കു ലഭിച്ചതെന്ന് ഷിജുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു ദ്വീപിനെക്കുറിച്ചു പറഞ്ഞു. റിഹിവേലി എന്നൊരു ദ്വീപ്. മാലിയിൽനിന്നു മൂന്നു മണിക്കൂർ കടൽയാത്രയുണ്ട്. വേഗം പോയാൽ രണ്ടു മണിക്കൂർ കൊണ്ടെത്താം. അപ്പോൾത്തന്നെ എട്ടു മണി കഴിഞ്ഞു, ഇപ്പോൾ ഇറങ്ങിയാൽ 10 മണിയാകുമ്പോൾ എത്താം. അത് കണ്ടുകഴിഞ്ഞ് അര മണിക്കൂർ കൊണ്ടിറങ്ങിയാലും പന്ത്രണ്ടരയ്ക്ക് തിരികെയെത്താം.

ഫ്‌ളൈറ്റ് രണ്ടിനാണെങ്കിലും ഒന്ന് കഴിയുമ്പോഴേക്കും എയർപോർട്ടിൽ ചെക്കിൻ ചെയ്യുകയും വേണം. എന്തുവേണമെന്ന് അറിയില്ല. പോകണമെങ്കിൽ പോകാമെന്നു ടോമിച്ചൻ. അങ്ങനെ രണ്ടും കൽപ്പിച്ചു ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു. പക്ഷേ ഞായർ ആയതുകൊണ്ട് ബോട്ടുകാരില്ല. അവസാനം ബോട്ടെടുത്ത് ഇറങ്ങിയപ്പോൾ മണി ഒൻപതായി. ആ സമയത്ത് കടലൊക്കെ വല്ലാതെ റഫ് ആണ്, ഇതുവരെ ഇല്ലാത്തതു പോലെ. അവരും പറയുന്നുണ്ടായിരുന്നു എത്രയോ വർഷങ്ങൾക്കു ശേഷമാണ് മാലിയിലെ കടൽ അത്രത്തോളം റഫ് ആയി കണ്ടതെന്നൊക്കെ.

Image Source : Rihiveli Site

സത്യം പറഞ്ഞാൽ എല്ലാവരും നന്നായി ഭയന്നിരുന്നു. പക്ഷേ പുറത്തു കാണിക്കാൻ വയ്യ. അതുകൊണ്ടു ഞാനെല്ലാവരെയും ‘ഏയ് കുഴപ്പമൊന്നുമില്ല’ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. നല്ല പേടിയുണ്ട്. കടൽ എടുത്തടിച്ചതു പോലെയാണ് പെരുമാറ്റം, ഏതു നേരവും കടലിൽ വീഴുന്ന പോലെ ഒക്കെയാണ് ബോട്ടിന്റെ പോക്ക്. പക്ഷേ ലൊക്കേഷൻ കിട്ടാതെ മടങ്ങുന്ന കാര്യമോർത്തപ്പോൾ എങ്ങനെയെങ്കിലും പോകാൻ തോന്നി എന്നതാണ് സത്യം. 

പതിനൊന്നു മണി കഴിഞ്ഞപ്പോഴാണ് റിഹിവേലി ദ്വീപിലെത്തുന്നത്. പാറക്കെട്ടുകൾക്കിടയിലൂടെ ബോട്ട് ചെരിഞ്ഞൊക്കെയാണ് തീരത്തേക്ക് എത്തുക. എന്തായാലും അവിടെ ചെന്നിറങ്ങി ദ്വീപ് കണ്ടതോടെ സന്തോഷം കൊണ്ട് മനസ്സൊക്കെ നിറഞ്ഞു. ഞാൻ എന്തായിരുന്നോ മനസ്സിൽ കണ്ടത്, അത് പകർത്തി വച്ചിരിക്കുന്ന ഒരു ദ്വീപ്. കടലിന്റെ നടുവിൽ ഒരു സ്വർഗം. അവിടെ ആകെ ആ റിസോർട്ട് മാത്രമേയുള്ളൂ, വേറെ ഒന്നുമില്ല.

Image Source : Rihiveli Site

നീല നിറത്തിലുള്ള കടൽ. ചെറിയ റിസോർട്ട്, നടന്നു പോകുന്ന അകലത്തിൽ വേറെ ഒരു ദ്വീപ്. റിസോർട്ടിലാണെങ്കിൽ എസി പോലുമില്ല, കാരണം അവിടെ അതിന്റെ ആവശ്യമില്ല. ബാക്കി എല്ലാ സൗകര്യവും ആ റിസോർട്ട് അധികൃതർ അവിടെ എത്തുന്നവർക്ക് നൽകുന്നുണ്ട്.

ഇപ്പൊ ഇറങ്ങിയാലേ നമുക്ക് നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് പിടിക്കാൻ പറ്റൂ എന്നൊക്കെ ടോമിച്ചൻ പറയുന്നുണ്ട്. അങ്ങനെ ആ ദ്വീപ് ഒന്ന് ഓടി നടന്നു കണ്ട ശേഷം ഞങ്ങൾ തിരികെ ബോട്ടിൽ കയറി. അതൊരു സ്വകാര്യ റിസോർട്ടാണ്. എന്തായാലും തിരികെ നാട്ടിൽ വന്നിട്ട് ബാക്കി കാര്യം ശരിയാക്കാം എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങി. മാലിക്കാരുടെ പെരുമാറ്റം പലപ്പോഴും അത്ര സുഖമുള്ളതാവില്ല. പോകുന്ന വഴിയിൽ ഒരു ദ്വീപിൽ തന്നെയാണ് എയർപോർട്ട്. അവിടെ ഇറക്കാൻ പറഞ്ഞിട്ട് ബോട്ടുകാരൻ കേട്ടില്ല. യാത്ര തുടങ്ങിയ ഇടത്തു മാത്രമേ നിർത്തൂ എന്നായിരുന്നു അയാളുടെ ഡിമാൻഡ്. അപ്പൊഴേക്കും ഒരു മണി കഴിഞ്ഞു. കാശ് കൊടുക്കാം എന്ന് പറഞ്ഞിട്ടു പോലും അയാൾ കേട്ടില്ല. പിന്നെ അടുത്ത ബോട്ടെടുത്ത് എയർപോർട്ടുള്ള ദ്വീപിലെത്തിയപ്പോഴേക്കും ഒന്നരയായി.

Image Source : Rihiveli Site

ഈ ലൊക്കേഷൻ യാത്ര വല്ലാത്തൊരു അനുഭവമായിരുന്നു. ഷൂട്ടിങ് നിർത്തി വച്ചിരുന്ന സമയമായതുകൊണ്ടാണ് ഇത്തരമൊരു അനുഭവവും ആ റിസോർട്ടും ലഭിച്ചത്. പിന്നീട് ഷൂട്ടിങ് സമയത്ത് ദിലീപേട്ടൻ, കാവ്യ, മീനാക്ഷി, പ്രയാഗ അങ്ങനെ എല്ലാവരും ബോട്ടിൽ കയറി റിഹിവേലിയിലേക്ക് പോകുമ്പോൾ എല്ലാവർക്കും ഞാൻ മുന്നറിയിപ്പു നൽകി. കടൽ വളരെ റഫ് ആണ്, ഭയപ്പെടരുത് എന്നൊക്കെ, പക്ഷേ കടൽ ഭയങ്കര കൂൾ ആയിരുന്നു, അതും പറഞ്ഞ് എല്ലാവരും കളിയാക്കുകയും ചെയ്തു.

എല്ലാവരും ഒരിക്കലെങ്കിലും റിഹിവേലി ദ്വീപിൽ പോകണം. അത്ര മനോഹരമാണ് ആ അനുഭവം. വൃത്തിയുള്ള തെളിഞ്ഞ കടൽ, തണുപ്പ്, ആവശ്യമുള്ള സ്വകാര്യത, തുടങ്ങിയ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം പലരും എന്നോടു ചോദിച്ചിരുന്നു എവിടെയാണ് ഈ ദ്വീപെന്ന്. സഞ്ചാരികളെ ഈ ദ്വീപ് കൊതിപ്പിക്കും, ഉറപ്പ്.’’