കീശ കാലിയാക്കാതെ വിദേശ യാത്ര

കൈനിറയെ കാശുമായി യാത്രയ്ക്കിറങ്ങുന്നവർ വളരെ ചുരുക്കമാണ്. വലിയ ജീവിതച്ചെലവുകൾക്കിടയിൽനിന്നു മിച്ചം പിടിച്ച പണം കൊണ്ട് ആഗ്രഹിക്കുന്നയിടത്തേക്കു യാത്ര പോകുന്നവരാണ്  ഭൂരിപക്ഷവും. യാത്ര കഴിഞ്ഞു തിരികെയെത്തുമ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ തുക മിക്കവാറും ചെലവായിക്കാണും. അങ്ങനെ വന്നാൽ പലരുടെയും വാർഷിക ബജറ്റിൽ  താളംതെറ്റലുകളുമുണ്ടാകും. എന്നാൽ തിരികെയെത്തുമ്പോഴും പ്രതീക്ഷിച്ചതിലും കുറവേ പണം ചെലവായുള്ളുവെങ്കിൽ അതില്‍പരം സന്തോഷം വേറെയുണ്ടാകില്ലല്ലോ. മനോഹരമായ കാഴ്ചകൾ കണ്ട്‌, പണവും മിച്ചംപിടിച്ചു തിരികെ വരാൻ കഴിയുന്ന കുറച്ചു രാജ്യങ്ങളുണ്ട്. വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന എട്ടു രാജ്യങ്ങളിതാ..

അര്‍ജന്റീന 

ലാറ്റിൻ അമേരിക്കൻ രാജ്യമായ അര്‍ജന്റീന മനോഹരമായ ഭൂപ്രകൃതിയാൽ സഞ്ചാരികളെ മോഹിപ്പിക്കുന്നൊരിടമാണ്. കാൽപന്തുകളിയുടെ സ്വർഗമായ ഇവിടം നദികളും കടലുകളും കാനനങ്ങളും പർവതങ്ങളുമെല്ലാം നിറഞ്ഞ സുന്ദരഭൂമിയാണ്. വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ പറ്റിയ രാജ്യംകൂടിയാണ് അര്‍ജന്റീന. താമസത്തിനു വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് ഇവിടെ ഈടാക്കുന്നത്. ബ്യുനസ് ഐറിസിലെ  ഹോസ്റ്റലുകളിൽ താമസിക്കുന്നതിന് ഒരു രാത്രിക്കു 15 ഡോളർ മാത്രമാണ് ചെലവ്.

Argentina

ആഡംബര ഹോട്ടലിൽ അന്തിയുറങ്ങാനാണ് തീരുമാനിക്കുന്നതെങ്കിലും ചെലവ് വെറും 120 ഡോളർ മാത്രമേ വരുന്നുള്ളൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അര്‍ജന്റീനയിലെത്തുന്ന യാത്രക്കാരെ ഒട്ടൊന്നു വിഷമിപ്പിക്കും പണത്തിന്റെ വിനിമയം. അമേരിക്കൻ ഡോളറിന്റെ മൂല്യമനുസരിച്ചുള്ള തുക നൽകാതെ പലരും ഇവിടെയെത്തുന്ന സഞ്ചാരികളെ കുഴപ്പത്തിലാക്കാറുണ്ട്. അതുകൊണ്ടുതന്നെ അര്‍ജന്റീന കാണാനിറങ്ങുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.

സ്പെയിൻ 

ചെലവിന്റെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്പെയിൻ. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് വളരെ കുറവുള്ള ഒരു  രാജ്യമാണിത്‌. കൂടാതെ മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. വയറു നിറയെ ഭക്ഷണം കഴിക്കാൻ 10 - 15 ഡോളർ മാത്രമാണ് സ്പെയിനിലെ ചെലവ്.

spain

ബീയറിന് സൂപ്പർമാർക്കറ്റിൽ ഒരു ഡോളറും വൈനിനു ബാറുകളിൽ അഞ്ചു ഡോളറും മാത്രമാണ് നിരക്ക്. നല്ലതുപോലെ ഭക്ഷണം കഴിച്ചും കുടിച്ചും സ്പെയിനിന്റെ മനോഹാരിത കണ്ടു മടങ്ങുമ്പോഴും പോക്കറ്റ് കാലിയാകില്ല എന്നത് ഉറപ്പ്. 

അമേരിക്ക

ലോകത്തിലെ വമ്പൻ സാമ്പത്തികശക്തികളിൽ ഒന്നാണെങ്കിലും വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന രാജ്യമാണ് അമേരിക്ക. നാടൻ ഭക്ഷണശാലകളിലെ ഭക്ഷണവും ചെറിയ നിരക്കിൽ ലഭ്യമാകുന്ന താമസസൗകര്യങ്ങളും ബജറ്റ് ഹോട്ടലുകളും കൈയിലൊതുങ്ങുന്ന വിലയിൽ സാധനങ്ങൾ ലഭ്യമാകുന്ന കടകളുമൊക്കെ ഇവിടെയുണ്ട്.

അതുകൊണ്ടുതന്നെ നിറയെ കാഴ്ചകൾ നിറഞ്ഞ അമേരിക്ക പോലൊരു വിസ്മയ രാജ്യത്തിലെ സന്ദർശനം ഒരു തരത്തിലും ധനസ്ഥിതിയെ ബാധിക്കുകയില്ലെന്നു നിസ്സംശയം പറയാം. 

ഇറാൻ 

മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പൊതുവെ ചെലവു കുറഞ്ഞതാണ്. നിസ്സാരമായ തുക മതിയാകും  ഇറാൻ പോലൊരു രാജ്യം സന്ദർശിക്കാൻ. മികച്ച ഭക്ഷണവും നല്ല താമസ സൗകര്യവുമെല്ലാം കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നത്  ഇറാന്റെ ഏറ്റവും വലിയ സവിശേഷതയാണ്.

അത്യാഡംബരം നിറഞ്ഞ  ഹോട്ടലിൽ താമസിച്ചാലും വില കൂടിയ ഭക്ഷണം കഴിച്ചാലുമൊക്കെ പ്രതീക്ഷിക്കുന്നത്രയും ചെലവ് വരില്ലെന്നതാണ് ഇറാൻ സന്ദർശനത്തിലെ പ്രധാന നേട്ടം.

ദക്ഷിണാഫ്രിക്ക

വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതിയും  മനോഹരമായ കടൽത്തീരങ്ങളും മികച്ച കാലാവസ്ഥയുമൊക്കെ ദക്ഷിണാഫ്രിക്കയിലേക്കു സഞ്ചാരികളെ  ആകർഷിക്കുന്നു. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന ഈ രാജ്യം ചെലവിന്റെ കാര്യത്തിൽ അതിസാധാരണമാണ്. ഭക്ഷണവും താമസവും മദ്യവും എല്ലാം വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും. എത്ര ധൂർത്തടിച്ചു ചെലവാക്കിയാലും നിസ്സാരമായ തുക മാത്രമേ ചെലവാകുകയുള്ളു എന്നതാണ് ഇവിടേക്കു സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്ന്.

ഇറ്റലി 

സ്പെയിൻ പോലെ തന്നെ കുറഞ്ഞ തുക മുടക്കി കണ്ടു വരാൻ കഴിയുന്ന രാജ്യമാണ് ഇറ്റലി. ഭക്ഷണവും താമസവുമൊക്കെ  നിസ്സാര തുകയ്ക്കു ലഭ്യമാകുമെന്നാണ് ഈ യൂറോപ്യൻ രാജ്യത്തിന്റെ സവിശേഷത.

ചെറിയ തുക കൊണ്ട് ചുറ്റി നടന്നു കാണാൻ കഴിയുന്ന മനോഹരവും അതിസമ്പന്നവും വികസിതവുമായ ഒരു രാജ്യമാണ് ഇറ്റലി. അഞ്ചു  ഡോളറിനു വൈനും ഒന്നര ഡോളറിനു കാപ്പിയും തുടങ്ങി എല്ലാ ഭക്ഷണവും വളരെ കുറഞ്ഞ തുകയ്ക്കു ലഭിക്കുമെന്ന പ്രത്യേകതയും ഈ രാജ്യത്തിനുണ്ട്.

ഇന്ത്യ

നിറയെ കാഴ്ചകൾ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന അതിസുന്ദരമായ നാടാണ് നമ്മുടേത്. കടലുകളും തടാകങ്ങളും കായലുകളും പുഴകളും പർവതങ്ങളും മരുഭൂമികളും തുടങ്ങി വർണവൈവിധ്യമാർന്ന നിരവധിയിടങ്ങളുണ്ട്  ഇവിടെ. ഒന്നു ചുറ്റിനടന്നു കാണാനിറങ്ങിയാൽ സഞ്ചാരികളെ വിസ്‍മയിപ്പിക്കാൻ തക്കശേഷിയുണ്ട് നമ്മുടെ നാടിന്.

hampi

ചെലവ് വളരെ തുച്ഛമാണ്. കുറഞ്ഞ നിരക്കിൽ  താമസവും ഭക്ഷണവും  കിട്ടുമെന്നതുകൊണ്ടു തന്നെ യാത്ര കഴിഞ്ഞെത്തുമ്പോൾ പോക്കറ്റ് കാലിയാകില്ല.

ജപ്പാൻ

കൈയിലുള്ള പണത്തിനനുസരിച്ചു സൗകര്യങ്ങൾ തെരഞ്ഞെടുത്തു യാത്ര ചെയ്യാൻ പറ്റിയയിടമാണ് ജപ്പാൻ. ആഡംബരപൂർവം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താൽ തീർത്തും പാപ്പരായി തിരികെയെത്തിക്കാനും ചെലവു കുറച്ച് യാത്ര ചെയ്താൽ പോക്കറ്റ് കാലിയാകാതെ സന്തോഷത്തോടെ യാത്ര പൂർത്തിയാക്കാനും സഹായിക്കുന്ന ഒരു രാജ്യമാണിത്.

Japan

നമ്മുടെ കൈയിലുള്ള പണത്തിനനുസരിച്ചു യാത്ര ചെയ്യുന്നതാണ് യാത്രകളെ മധുരതരമാക്കാൻ ഏറ്റവും ഉചിതമായ മാർഗം. അതുകൊണ്ടു തന്നെ അങ്ങനെയുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നതാണ് മനഃസുഖത്തിനും നല്ലത്.