പ്രകൃതിയുടെ നിറഭംഗിയുള്ള ക്യാൻവാസ് (മനുഷ്യരുടെ ജന്മനാട്ടിൽ-10)

കിളിമഞ്ജാരോ എയർപോർട്ടിൽ നിന്ന് അരൂഷയിലേക്കുള്ള 52 കി.മീ ദൂരം പ്രകൃതിയുടെ നിറഭംഗിയുള്ള ക്യാൻവാസാണ്. ഏതൊരു പ്രകൃതിസ്നേഹിയും ആഫ്രിക്കയുടെ ആരാധകനായി മാറാൻ ഈയൊരു യാത്ര മതി. വൃത്തിയായി ടാർ ചെയ്ത റോഡിന് ഇരുവശവും പച്ചപ്പണിഞ്ഞ കൃഷിഭൂമികൾ. കാപ്പി, ബീൻസ്, നെല്ല്, ചോളം, കശുവണ്ടി, പഞ്ഞി- ഇങ്ങനെ വൈവിധ്യപൂർണ്ണമാണ് ടാൻസാനിയയിലെ കൃഷി. രാജ്യത്തിന്റെ വരുമാനത്തിന്റെ 33 ശതമാനവും കാർഷിക വിഭവങ്ങളുടെ കയറ്റുമതിയിലൂടെയാണ് നേടുന്നത്. വരൾച്ച, വെള്ളപ്പൊക്കം എന്നിവയ്ക്കു പുറമെ ആധുനിക കൃഷിരീതികളുടെ അഭാവവും ഇവിടുത്തെ കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. അല്ലെങ്കിൽ സ്വർണ്ണവർണ്ണമാർന്ന ഈ മണ്ണിൽ ആഫ്രിക്കക്കാർ പൊന്നുവിളയിച്ചേനെ.

ആട്ടിൻപറ്റത്തെ നയിച്ചു കൊണ്ടുവരുന്ന ഇടയന്മാരും തെരുവുനായ്ക്കളും കാർഷിക വിഭവങ്ങൾ കയറ്റി വരുന്ന, പ്രായാധിക്യം മൂലം എല്ലുന്തിയ ട്രാക്ടറുമൊക്കെ നമ്മളെ ഓർമ്മിപ്പിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. പക്ഷേ, ഇന്ത്യയുടെ പലഭാഗത്തും കാണാൻ കഴിയാത്ത ഹരിതാഭ ടാൻസാനിയയിലുണ്ട് എന്നതാണ് ഈ കാഴ്ചകളെ വ്യത്യസ്തമാക്കുന്നത്. ഹൈവേയിലൂടെ പായുന്ന ബസ്സുകളിൽ ചിലത് പഴഞ്ചനാണ്. എന്നാൽ അത്യാധുനിക എയർകണ്ടീഷൻഡ് ബസ്സുകളും ഇടയ്ക്കിടെ കാണാം. ഇവയിലേറെയും മറ്റുരാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നവയാണ്. ഉഗാണ്ടയിലെ കംപാലയിൽ നിന്നും, കെനിയയിലെ നെയ്‌റോബിയിൽ നിന്നുമൊക്കെ അരൂഷയിലേക്ക് ബസ് സർവീസുണ്ട്. അതിലേറെ അത്ഭുതപ്പെടുത്തുന്ന കാര്യം കിളിമഞ്ജാരോ എന്ന ചെറുകിട വിമാനത്താവളത്തിലേക്ക് യൂറോപ്പിൽ നിന്ന് ദിവസവും വിമാന സർവീസുണ്ട് എന്നുള്ളതാണ്. റോയൽ ഡച്ച് എയർവേയ്‌സിന്റെ കെഎൽഎം വിമാനമാണ് ആംസ്റ്റർഡാമിൽ നിന്നും പ്രതിദിന സർവീസ് നടത്തുന്നത്.

കിളിമഞ്ജാരോ എയർപോർട്ടിൽ നിന്ന് അരൂഷയിലേക്ക്

അഞ്ചാറ് കിലോമീറ്റർ കഴിയുമ്പോൾ ചെറിയ കവലകൾ കാണാം. അതും നമ്മുടെ നാട്ടിൻപുറങ്ങളെ ഓർമ്മിപ്പിക്കുന്നു. മെഡിക്കൽഷോപ്പ്, പലചരക്കു കട, ചായക്കട, ബസ് സ്റ്റോപ്പ് എന്നിവയാണ് കവലയിലെ പ്രധാന 'സ്ഥാപന'ങ്ങൾ. നമ്മുടെ നാട്ടിലേതുപോലെ വെറുതെ സൊറ പറഞ്ഞ് കുത്തിയിരിക്കുന്നവരും ധാരാളം. ടാൻസാനിയ പോലെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതലുള്ളത് സ്‌കൂളുകളാണെന്നു തോന്നുന്നു. ഒരു ഗ്രാമത്തിൽ ഒരു സ്‌കൂൾ എന്ന മട്ടിലാണ് സ്‌കൂളുകളുടെ എണ്ണം. ദാരിദ്ര്യം, പോഷകഹാരക്കുറവ്, രോഗങ്ങൾ എന്നിവയുടെ ആധിക്യം മൂലം നിരവധി വിദേശ ഏജൻസികൾ ടാൻസാനിയയെ കൈയയച്ച് സഹായിക്കുന്നുണ്ട്.

പ്രൈമറി ഹെൽത്ത് സെന്ററുകളും സ്‌കൂളുകളും സ്ഥാപിക്കാനാണ് ഈ തുകയിൽ ഏറെയും വിനിയോഗിക്കപ്പെടുന്നത്. 2015 നു ശേഷമാണ് വിദ്യാഭ്യാസ മേഖലയിൽ ഉണർവുണ്ടായത്. ഇപ്പോൾ ഏതാണ്ട് 70 ശതമാനം പേരും സാക്ഷരരാണ്. എന്നാൽ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തുടർപഠനത്തിന് മിക്കവരും താൽപര്യം കാട്ടുന്നില്ല എന്നതാണ് അധികാരികളെ അലട്ടുന്ന പ്രശ്‌നം. ഉദാഹരണമായി, 96 ശതമാനം പുരുഷന്മാർ പ്രൈമറി വിദ്യാഭ്യാസം നേടുന്നുണ്ട്. പക്ഷേ, 31 ശതമാനം പുരുഷന്മാരേ അടുത്ത പടിയായ സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസത്തിന് എത്തുന്നുള്ളു. ഇപ്പോൾ ആ പ്രശ്‌നം പരിഹരിക്കാനുള്ള പ്രചാരണപരിപാടികളിലാണ് വിദ്യാഭ്യാസ വകുപ്പ്.

കിളിമഞ്ജാരോ എയർപോർട്ടിൽ നിന്ന് അരൂഷയിലേക്ക്

ജിം തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ വളരെ പതുക്കെയാണ് ഓടിക്കുന്നത്. എസി ഓൺ ചെയ്യുന്നത് മൂപ്പർക്ക് വലിയ താൽപര്യമില്ല. മറ്റെല്ലാ ചോദ്യങ്ങൾക്കും വിശദമായ ഉത്തരം തരുന്ന ജിം എസി ഓൺ ചെയ്യാമോ എന്നു ചോദിക്കുമ്പോൾ കേൾക്കാത്ത ഭാവം നടിക്കും. ഇനി, എങ്ങാനും എസി ഓൺ ചെയ്താൽ തന്നെ, അഞ്ചുമിനുട്ടു  കഴിയുമ്പോൾ ഓഫ് ചെയ്ത്, വിൻഡോ ഗ്ലാസ് തുറക്കും! അരൂഷയിലേക്കുള്ള യാത്ര തുടരവേ, വീണ്ടും തകർപ്പൻ മഴ പെയ്തു. തുള്ളിക്കൊരു കുടം മഴ. മഴ മേഘങ്ങൾ ഭീകര രൂപികളായി ആകാശമേലാപ്പിൽ തൂങ്ങിക്കിടന്നു.

അരൂഷ നഗരം

കിളിമഞ്ജാരോ എയർപോർട്ടിൽ നിന്നും പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു നഗരത്തിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി.'അരൂഷയെത്തി' - ജിം പറഞ്ഞു. ഇന്നും നാളെയും ഞങ്ങൾ തങ്ങുന്നത് അരൂഷയിലാണ്.

ആഫ്രിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് മേരുവിന്റെ മടിത്തട്ടിൽ ഒതുങ്ങിക്കഴിയുന്ന നഗരമാണ് അരൂഷ. ലെബനൻ മുതൽ മൊസാംബിക് വരെ വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് റിഫ്ട് വാലിയുടെ കിഴക്കോട്ട് നീണ്ടു കിടക്കുന്ന  ശാഖയുടെ കിഴക്കേ അറ്റത്താണ് അരൂഷ നഗരം. സെരങ്കട്ടി, ഗൊരങ്‌ഗോരോ വന്യമൃഗസങ്കേതങ്ങളുടെ ഏറ്റവും അടുത്തുള്ള നഗരമാണിത്. ലേക് മന്യാര നാഷണൽ പാർക്ക് , തരങ്കിരേ നാഷണൽപാർക്ക്, അരൂഷ നാഷണൽ പാർക്ക് എന്നിവയ്ക്കടുത്തുള്ള പ്രധാന നഗരവും അരൂഷ തന്നെ. 4.5 ലക്ഷമാണ് ജനസംഖ്യ. ആഫ്രിക്കൻ, അറബ്-ആഫ്രിക്കൻ, ഇന്ത്യൻ, ഇന്ത്യൻ-ആഫ്രിക്കൻ എന്നിങ്ങനെ മിശ്ര ജനസമൂഹമാണ് ഇവിടെ അധിവസിച്ചു വരുന്നത്. പണ്ടുമുതലേ താമസിച്ചു വരുന്ന യൂറോപ്യന്മാരുടെയും അമേരിക്കക്കാരുടെയും ചെറിയ സമൂഹവുമുണ്ട്. സുഖപ്രദമായ കാലാവസ്ഥയാണ് എപ്പോഴും ഇവിടെ.അതുകൊണ്ട് വിദേശികൾക്ക് പണ്ടേ അരൂഷയോട് പ്രിയമാണ്.

കിളിമഞ്ജാരോ എയർപോർട്ടിൽ നിന്ന് അരൂഷയിലേക്ക്

1994 മുതൽ 2015 വരെ 'ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യുണൽ ഫോർ റുവാണ്ട' പ്രവർത്തിച്ചിരുന്നത് അരൂഷയിലാണ്. റുവാണ്ട നടത്തുന്ന കടുത്ത മനുഷ്യാവകാശധ്വംസനങ്ങളും ഐക്യരാഷ്ട്ര സഭ അനുശാസിക്കുന്ന അന്തർദേശീയ നിയമങ്ങളുടെ ലംഘനങ്ങളും അന്വേഷിച്ച്, ശിക്ഷ വിധിച്ചിരുന്നത് ഈ കോടതിയാണ്. 2015ൽ ഈ കോടതി നിർത്തലാക്കുന്നതുവരെ അന്തർദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു അരൂഷ. ഇപ്പോഴും ആഫ്രിക്കൻ മനുഷ്യാവകാശ കോടതി പ്രവർത്തിക്കുന്നത് അരൂഷയിലാണ്. കിളിമഞ്ജാരോ പർവത വാസികളായിരുന്ന അരൂഷ ചിനി ഗോത്രക്കാരാണ് അരൂഷയിലെ ആദ്യകാല നിവാസികൾ. അവരിൽ നിന്ന് കർഷക ഗോത്രമായ അരൂഷ മസായികൾ ഈ പ്രദേശം പിടിച്ചടക്കി. ഇവർ കന്നുകാലികളെ വളർത്തിയും കൃഷി ചെയ്തും ജീവിക്കുന്നവരായിരുന്നു. മസായികളുടെ നിയന്ത്രണത്തിലായിരുന്ന 1800 കളിൽ, ലോകത്തിലെ ഏറ്റവും മികച്ച കൃഷി ഭൂമികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

അരൂഷയിലെ സ്റ്റേഡിയം 

ആ സമ്പൽസമൃദ്ധി യൂറോപ്യന്മാരെ ഇവിടേക്ക് ആകർഷിച്ചു. 1900ൽ ജർമ്മൻകാർ ഇവിടെ എത്തി ആധിപത്യം സ്ഥാപിച്ചു. 16 വർഷത്തിനു ശേഷം അരൂഷ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. അവർ ഇവിടേക്ക് തീവണ്ടി ഗതാഗതവും ആരംഭിച്ചു. ഇക്കാലത്ത് അരൂഷ ഒരു യൂറോപ്യൻ നഗരം പോലെ സമ്പൽസമൃദ്ധമായിരുന്നു എന്ന് പഴമക്കാർ എഴുതിയിട്ടുണ്ട്. ആഫ്രിക്ക സന്ദർശിക്കുന്ന വിദേശികൾ അരൂഷയിൽ മാസങ്ങളോളം തങ്ങുക പതിവായിരുന്നു. ഇപ്പോൾ നാഷണൽ പാർക്കുകളായി മാറിയ കാടുകളിൽ നായാട്ടും ആഘോഷങ്ങളുമായി ബ്രിട്ടീഷുകാർ രസിച്ചുവാണു. എന്നാൽ 1940 കളോടെ ആ പ്രതാപമൊക്കെ നശിച്ച് അരൂഷ 2000 പേർ മാത്രം താമസിക്കുന്ന നഗരമായി മാറി. 1950 കളിലും സ്ഥിതി വ്യത്യമായിരുന്നില്ല. 1961ൽ ടാൻസാനിയയ്ക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള രേഖകൾ ബ്രിട്ടീഷുകാർ ഒപ്പുവെച്ചത് അരൂഷയിൽ വെച്ചാണ്. അതോടെ അരൂഷ വീണ്ടും ശ്രദ്ധാകേന്ദ്രമായി.

.അരൂഷയിൽ ഹോട്ടൽ മുറിയിൽ നിന്ന് കാണുന്ന മൗണ്ട് മേരു 

ഗൊരങ്ഗോരോ, സെരങ്കട്ടി വന്യമൃഗ സങ്കേതങ്ങളും കിളിമഞ്ജാരോ കൊടുമുടിയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയതോടെയാണ് അരൂഷയുടെ ഭാഗ്യം തെളിഞ്ഞത്. ഇന്നിപ്പോൾ അരൂഷ വീണ്ടും യൂറോപ്യന്മാരുടെ സിറ്റിയായി മാറിയോ എന്നു സംശയം തോന്നും. അത്രയധികമാണ് ഇവിടം സന്ദർശിക്കുന്ന സായ്പന്മാരുടെ എണ്ണം.  വിവിധ വന്യമൃഗ സങ്കേതങ്ങളും കണ്ടും,കിളിമഞ്ജാരോയെ കൺനിറയെ പാർത്തുമാണ് വിനോദ സഞ്ചാരികൾ മടങ്ങുക.

അരൂഷ നഗരം

 ആകാശം ഇപ്പോഴും തെളിഞ്ഞിട്ടില്ല. സമയം വൈകീട്ട് നാലുമണി. ജിമ്മിന്റെ വാഹനം അരൂഷയിലെത്തി. ഒരിടത്തരം പട്ടണം. ചെറുകിട വ്യാപാര സ്ഥാപനങ്ങളും  ഹോട്ടലുകളുമാണ്  പ്രധാന വീഥിക്ക് ഇരുവശവുമുള്ളത്. ഉന്തു വണ്ടിയിൽ പഴം-പച്ചക്കറി വില്പനക്കാരും, റോഡരികിൽ കണ്ണാടിപ്പെട്ടിയിൽ  വാച്ചും കത്തിയും പ്രദർശിപ്പിച്ച് വിൽപ്പന നടത്തുന്നവരുമൊക്കെ സജീവമാണ്. പ്രധാനറോഡിൽ ഒരു മൂലയിലായി കാണുന്ന ആറേഴ് നിലയുള്ള കെട്ടിടത്തിനു മുന്നിൽ ജിം വാഹനം നിർത്തി. 'ഇതാണ് അരൂഷ ക്രൗൺ ഹോട്ടൽ. ഇന്നും നാളെയും ഇവിടെയാണ് നിങ്ങൾക്ക് മുറി ബുക്ക് ചെയ്തിരിക്കുന്നത്'- ജിം അറിയിച്ചു. ലഗേജുകളുമായി റിസപ്ഷനിലെത്തി. 'ഇവർക്ക് രാവിലെ 5.30ന് ഗൊരങ്‌ഗോരോയിലേക്ക് പുറപ്പെടേണ്ടതാണ്. അതുകൊണ്ട് 5 മണിക്ക് പ്രഭാത ഭക്ഷണം കൊടുക്കണം' -ജിം റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. അവർ ശരിയെന്നു തലയാട്ടി.

അരൂഷ നഗരം

താൻ രാവിലെ 5.30ന് എത്താമെന്നും പ്രഭാതഭക്ഷണം കഴിച്ച് റെഡിയായി ഇരുന്നുകൊള്ളാനും ജിം പറഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിയോടെ ഗൊരങ്‌ഗോരോ വന്യമൃഗസങ്കേതത്തിൽ കടക്കുമെന്നും പിന്നീട് വൈകുന്നേരം വരെ ഭക്ഷണമൊന്നും കിട്ടില്ലെന്നും ജിം അറിയിച്ചു. അതുകൊണ്ട്, അഞ്ചു ഡോളർ തനിക്കു തന്നാൽ ഉച്ചഭക്ഷണം പാർസലായി കൊണ്ടുവരാമെന്നാണ് ജിമ്മിന്റെ വാഗ്ദാനം. എല്ലാം സമ്മതിക്കുക തന്നെ. അങ്ങനെ ആളൊന്നുക്ക് 5 ഡോളറും വാങ്ങി നല്ല രാത്രി ആശംസിച്ച് ജിം പോയി. ഞങ്ങൾ മുറിയിലെത്തി. തരക്കേടില്ലാത്ത മുറി എന്നേ പറയാനുള്ളു. ഒരിക്കലും കഠിനമായ ചൂടനുഭവപ്പെടാത്ത സ്ഥലമായതുകൊണ്ടാവാം, എയർകണ്ടീഷണറൊന്നുമില്ല. പകരം, ചെറിയൊരു എയർകൂളറുണ്ട്.  മുറിയുടെ ചുറ്റും കണ്ണാടി ജനലുകളുണ്ട്. കർട്ടൻ മാറ്റി നോക്കിയപ്പോൾ ആദ്യം കണ്ടത് ഒരു സ്റ്റേഡിയമാണ്. (ഈ പരമ്പരയുടെ ആദ്യ അദ്ധ്യായത്തിൽ ഞാൻ അക്കഥ എഴുതിയിരുന്നത് ഓർക്കുമല്ലോ) പിന്നെ കണ്ണുയർത്തിയപ്പോൾ, തെളിഞ്ഞു തുടങ്ങുന്ന ആകാശത്തിൽ,  മേഘങ്ങളുടെ ചലനങ്ങൾക്കൊപ്പം ഒരു മഹാപർവതത്തിന്റെ മുനമ്പ് ദൃശ്യമായി.

അരൂഷ നഗരം 

 മൗണ്ട് മേരു! ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി ഇതാ എന്റെ ജനലിനപ്പുറത്ത്. ശിരസിൽ തൊപ്പിപോലെ മഞ്ഞിന്റെ മേലാപ്പുമായി മൗണ്ട് മേരു. ഞാൻ ഹർഷപുളകിതനായി. എന്റെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരന് വാട്‌സപ്പ് സന്ദേശമയച്ചു. 'സക്കറിയ സാർ... ഞാൻ  അരൂഷയിലെ ഒരു ഹോട്ടൽ മുറിയുടെ ജനൽ കർട്ടൻ നീക്കി ഇപ്പോൾ ആ ദൃശ്യം കണ്ടു. ഇതേ നഗരത്തിലെ മറ്റേതോ ഹോട്ടൽ മുറിയിലിരുന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് സാർ കണ്ട അതേ മേരു പർവതം. സാറിന്റെ ആഫ്രിക്കൻയാത്ര എന്ന പുസ്തകത്തിൽ ഞാൻ വായിച്ചു മോഹിച്ച അതേ മേരു പർവതം എനിക്ക് സാറിനെ ഓർക്കാതിരിക്കാനായില്ല...' രാത്രി വൈകിയാണ് മറുപടി വന്നത്. 'ബൈജു, ഞാനൊരു വിവാഹചടങ്ങിലായിരുന്നു. എന്തൊരു കാഴ്ചയാണത്, അല്ലേ? ആഫ്രിക്ക ഏതൊരു സഞ്ചാരിക്കും മറക്കാനാവാത്ത കാഴ്ചകൾ സമ്മാനിക്കും...'ഞാൻ ജനൽ കർട്ടൻ മാറ്റി അന്ധകാരത്തിലേക്കു നോക്കി. ഇരുട്ടിലെവിടെയോ ശിരസുയർത്തി നിൽപ്പുണ്ട്. ആ പർവതരാജൻ.