ആയിരം തടാകങ്ങളുടെ നാട്ടിൽ വിനീത് ശ്രീനിവാസൻ

ഗായകൻ, അഭിനേതാവ്, സംവിധായകൻ, ഗാനരചയിതാവ്, കഥാകാരൻ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കൈവെയ്ക്കുകയും അവിടെയെല്ലാം  ഒരു സ്ഥാനമുറപ്പിക്കുകയും ചെയ്ത പ്രതിഭാധനനാണ് വിനീത് ശ്രീനിവാസൻ. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയ്ക്ക് ശേഷം ചെറിയൊരിടവേളയിലാണ് വിനീതും കുടുംബവും. യൂറോപ്പിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദർശിച്ച വിനീതും ഭാര്യ ദിവ്യയും മകൻ വിഹാനും ഫിൻലാൻഡിന്റെ കാഴ്ചകൾ ആസ്വദിക്കുകയാണിപ്പോൾ. 'ആദ്യമായാണ് ഫിൻലാൻഡിൽ' എന്ന കുറിപ്പോടെയാണ് വിനീത്, ഹെൽസിങ്കിയിൽ നിന്നുള്ള തങ്ങളുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ഫിൻലാൻഡ്‌ ആയിരം തടാകങ്ങളുടെ നാട്

ഫിൻലാൻഡിന്റെ തലസ്ഥാനവും അതിനൊപ്പം തന്നെ ആ രാജ്യത്തിലെ ഏറ്റവും വലിയ നഗരവും കൂടിയാണ് ഹെൽസിങ്കി. ബാൾട്ടിക് സമുദ്രത്തിന്റെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഹെൽസിങ്കി കത്തീഡ്രൽ പോലുള്ള ദേവാലയങ്ങളും പോർട്ടും സ്വോമെൻലിന്ന എന്ന ദ്വീപുമൊക്കെയാണ് അവിടുത്തെ പ്രധാന കാഴ്ചകൾ. അതിമനോഹരമായ, ഏറ്റവും വൃത്തിയുള്ള പട്ടണമാണ് ഹെൽസിങ്കി. ഒട്ടും തന്നെ മലിനമാക്കപ്പെടാത്ത പുഴയും കടലുമൊക്കെ ഈ  നഗരത്തിന്റെ പ്രത്യേകതകളാണ്. ശബ്ദമലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞ, വാഹനങ്ങളിൽ അനാവശ്യമായി ഹോൺപോലും മുഴക്കാത്ത, നിശബ്ദത പാലിക്കപ്പെടുന്ന നാട് എന്ന സവിശേഷത കൂടി ഹെൽസിങ്കിക്കുണ്ട്. 

നിരവധി പ്രത്യേകതകളുള്ള, വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ഫിൻലാൻഡ്‌. ആയിരം തടാകങ്ങളുടെ നാട് എന്ന വിളിപ്പേരുണ്ട് ഫിൻലാൻഡിന്. കാരണം, കണക്കെടുത്താൽ  ഏകദേശം രണ്ടു ലക്ഷത്തിലധികം തടാകങ്ങൾ ആ രാജ്യത്തുണ്ടെന്നാണ് പറയപ്പെടുന്നത്. ശൈത്യം വളരെ തീവ്രതയിൽ അനുഭവപ്പെടുന്ന നാടുകൂടിയാണിത്. പർവ്വതങ്ങളില്ലാത്ത, ചെറുകുന്നുകൾ  മാത്രമുള്ള, വനങ്ങൾ കൊണ്ടു സമ്പന്നമായ, മൊട്ടക്കുന്നുകളും താഴ്‍വരകളും നിറഞ്ഞ ഫിൻലാൻഡിലെ കാഴ്ചകൾ അതീവ സുന്ദരവും ഹൃദ്യവുമാണ്.

ബെൽജിയവും നെതർലാൻഡും ജര്‍മനിയും കടന്ന്...

കുറച്ചുനാളുകൾക്ക് മുമ്പ് വിനീത് ശ്രീനിവാസൻ ഭാര്യയും കുഞ്ഞുമൊത്ത് ബെൽജിയവും നെതർലാൻഡും ജര്‍മനിയും കണ്ടുള്ള യാത്രയിലായിരുന്നു. വിനീതിനൊപ്പം യാത്രയ്ക്ക് കൂട്ടായി എപ്പോഴും എത്തുന്നത് ഭാര്യയും മകനുമാണ്. കുടുംബവുമൊത്തുള്ള അടിച്ചുപൊളിച്ചൊരു യാത്രയാണ് താരത്തിനേറെയിഷ്ടം. മനോഹരമായ ആ യാത്രയുടെ നിരവധി ചിത്രങ്ങളും വിനീത്, സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിന്നു. വർഷങ്ങൾക്കുമുൻപ് കൊളോൺ സന്ദർശിച്ചിട്ടുള്ളതിന്റെ മനോഹരമായ ഒരോര്‍മക്കുറിപ്പോടയുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ''1999 ലാണ് കൊളോൺ എന്ന ഈ പട്ടണം ഞാൻ ആദ്യമായി കണ്ടത്. യൂറോപ്പിൽ ഞാൻ ആദ്യമെത്തിയതും ഈ പട്ടണത്തിൽ തന്നെ. എന്റെ ജീവിതത്തിൽ, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ പള്ളിയാണ് എന്റെ പുറകിൽ കാണുന്നത്''. എന്നുപറഞ്ഞുകൊണ്ടാണ് ആ കുറിപ്പ് അവസാനിക്കുന്നത്.

ഗോഥിക് നിർമാണ ശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള ഈ ദേവാലയത്തിന്റെ നിർമാണം 1248 ലാണ് ആരംഭിച്ചതെന്നു പറയപ്പെടുന്നു. ഇതുവരെ നിർമാണം പൂർത്തീകരിച്ചിട്ടില്ലെന്നതാണ് കൊളോൺ ദേവാലയത്തെ സംബന്ധിച്ച ഏറെ കൗതുകകരമായ ഒരു വസ്തുത.  515 അടി ഉയരമുണ്ട് ഈ ദേവാലയത്തിന്റെ ഗോപുരങ്ങൾക്ക്.  15 അടി ഉയരമുള്ള മുഖ്യ അൾത്താര കറുത്ത മാർബിളിലാണ് നിർമിച്ചിരിക്കുന്നത്. വിശുദ്ധരുടെ തിരുശേഷിപ്പുകളും വലിയ മണികളും ചിത്രപ്പണികളുമെല്ലാം നിറഞ്ഞ കൊളോണിലെ ഈ ദേവാലയം കാഴ്ചക്കാരിൽ വിസ്മയം സൃഷ്ടിക്കുക തന്നെ ചെയ്യും. യുനെസ്കോയുടെ പൈതൃകപട്ടികയിൽ സ്ഥാനമുള്ള പള്ളി കൂടിയാണിത്.

യാത്രയെ സ്നേഹിക്കുന്ന വിനീത് ശ്രീനിവാസന്റെ യാത്രകൾ അവസാനിക്കുന്നില്ല. വിസ്മയങ്ങൾ നിറഞ്ഞ ലോകത്തിന്റെ കാഴ്ചകള്‍ ഇനിയും ആസ്വദിക്കാനുണ്ട്.