100 കിലോമീറ്റർ നടന്ന ആ യാത്ര... നദിയാമൊയ്തു പറയുന്നു

മലയാളികളുടെ പ്രിയങ്കരിയായ നദിയാമൊയ്തുവിന് ഒരാമുഖത്തിന്റെ ആവശ്യമില്ല.  മലയാളത്തിലും തമിഴിലും ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഇൗ താരറാണിക്ക് ആരാധകരേറെയുണ്ട്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര ലോകത്തിൽ തുടക്കക്കാരിയായി. മോഹന്‍ലാല്‍ - നദിയ മൊയ്തു താരജോടികളെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചെന്നതിനു തെളിവായിരുന്നു ചിത്രത്തിന്‍റെ വിജയവും. 

നീണ്ട കാലം സിനിമാ രംഗത്തുനിന്നു വിട്ടു നിന്ന നദിയ 2011-ൽ മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തു വീണ്ടും സജീവമായി. എവർഗ്രീൻ നായികയെന്ന വിശേഷണവും നദിയയ്ക്കു സ്വന്തമാണ്. അഭിനയം മാത്രമല്ല യാത്രകളോടും  പ്രിയമാണ്. കുടുംബവുമൊത്തുള്ള പ്രിയപ്പെട്ട യാത്രകളെക്കുറിച്ച് നദിയാമൊയ്തു മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു.

‘കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്റെ യാത്രകളൊക്കെയും കുടുംബത്തോടൊപ്പമാണ്. ഇഷ്ടപ്പെട്ടവരോടൊപ്പം ഇഷ്ടപ്പട്ടയിടത്തേക്കുള്ള യാത്ര നൽകുന്ന സന്തോഷത്തിൽ പരം വേറെ എന്താണുള്ളത്. യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പുത്തൻകാഴ്ചകളും അറിവും പകരുന്ന ഒാരോ യാത്രയും എനിക്കു പ്രിയപ്പെട്ടതാണ്.

തിരക്കുകളിൽനിന്നു വീണുകിട്ടുന്ന അവസരം യാത്രയ്ക്കായി മാറ്റി വയ്ക്കുക പതിവാണ്. ഷൂട്ടിങ്ങിന്റെ ഭാഗമായി ഒരുപാട് ഇടങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ കാഴ്ചകള്‍ക്കായി ഞാൻ സമയം കണ്ടെത്താറില്ല. ഷൂട്ട് കഴിഞ്ഞാൽ നേരെ വീട് അതായിരുന്നു എന്റെ ലക്ഷ്യവും ആഗ്രഹവും. ഭർത്താവിനോടും കുട്ടികളോടുമൊപ്പം സമയം ചെലവഴിക്കാനാണ് എപ്പോഴും ഇഷ്ടം.

യാത്രകളുടെ ലിസ്റ്റ് എടുത്താൽ, കണ്ടയിടങ്ങൾ എണ്ണിയാൽ തീരില്ല. ഒരുപാടു സ്ഥലങ്ങളിലേക്കു യാത്രപോയിട്ടുണ്ട്. വർഷത്തിൽ ഒരു ട്രിപ്പ് നിർബന്ധമാണ്. ജോലിയുടെ ടെൻഷനും കുട്ടികളുടെ തിരക്കുകളും ഒക്കെ മാറ്റി വച്ചിട്ടുള്ള യാത്ര നൽകുന്ന പുത്തനുണർവും ഉന്മേഷവുമൊക്കെയാണ് ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നത്. 

ഏറ്റവും ഇഷ്ടപ്പെട്ട യാത്ര

ഏറ്റവും ഇഷ്ടപ്പെട്ടതും എന്നെ അത്ഭുതപ്പെടുത്തിയതുമായ യാത്ര കെനിയയിലേക്കുള്ളതായിരുന്നു. വൈല്‍ഡ് ലൈഫ് സഫാരിയാണ് ഏറെ ആകർഷിച്ചത്. മൃഗങ്ങളെ ഒരുപാടു സനേഹിക്കുന്ന ഒരാളല്ല ഞാൻ. ജന്തുജാലങ്ങളെകുറിച്ച് കൂടുതൽ അറിയാനും ശ്രമിച്ചിട്ടില്ല. അതിൽനിന്നു വ്യത്യസ്തമായി എന്നെ  തികച്ചും അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ സമ്മാനിച്ച യാത്രയായിരുന്നു കെനിയയിലേത്. 2013 ലായിരുന്നു യാത്ര. അന്ന് കുട്ടികൾ ചെറുതായിരുന്നു. ഒരാൾക്ക് പതിനേഴും മറ്റേയാൾക്ക് പന്ത്രണ്ടും വയസ്സ്. പ്രകൃതിയും വനസമ്പത്തും ഏറ്റവും കൂടുതലുള്ള കെനിയയിൽ ഇത്രയും സുന്ദരകാഴ്ചകൾ ഉണ്ടോയെന്ന് തോന്നിപ്പോയി. മസായ്മാര വൈൽഡ് സഫാരി ശരിക്കും വിസ്മയിപ്പിച്ചു.

മൃഗങ്ങളെ അവയുടെ വിഹാരരംഗങ്ങളില്‍ നേരിട്ടുകാണുക ഒരു അപൂര്‍വ അനുഭവമായിരുന്നു. പുലിയും സിംഹവും ഉൾപ്പടെ മിക്ക മൃഗങ്ങളെയും അടുത്തു കാണാൻ സാധിച്ചു. കാലാവസ്ഥ മാറുമ്പോൾ മൃഗങ്ങൾ കൂട്ടമായി മാറാ നദി കടന്ന് താന്‍സാനിയയിലെ സെറീന്‍ഗെറ്റി നാഷനല്‍ റിസര്‍വിന്റെ ഭാഗത്തേക്കു നടത്തുന്ന യാത്രയാണ് മസായ്മാരയുടെ മറ്റൊരു സവിശേഷത. മൃഗങ്ങളുടെ ന‍ദി കടന്നുള്ള പലായനം മണിക്കൂറുകളോളം ഞങ്ങൾ കണ്ടു നിന്നു. ജൂണ്‍ മിഡ് സീസണ്‍ ആയും ഏപ്രില്‍ ലോ സീസണായുമാണ് കണക്കാക്കുന്നത്.

വോക്കിങ് ടൂർ

ഞങ്ങൾ എട്ടു സ്ത്രീകൾ ഒരുമിച്ച് നടത്തിയ  യാത്രയായിരുന്നു എന്റെ യാത്രാപുസ്തകത്തിലെ പ്രിയപ്പെട്ട അടുത്ത യാത്ര. വോക്കിങ് ‍‍ടൂർ. സ്പെയിനിലെ വിഗോയില്‍ നിന്നായിരുന്നു തുടക്കം. 100 കിലോമീറ്റർ നടന്നുള്ള യാത്ര. ആ നാടിന്റെ സംസ്കാരവും കാഴ്ചയും ദിവസങ്ങളോളം നടന്നു കണ്ടാസ്വദിച്ചു. ശരിക്കും ത്രില്ലടിപ്പിച്ച യാത്രയായിരുന്നു.

അഡ്വഞ്ചർ ട്രിപ്പ് എന്നു തന്നെ പറയാം. ഒാരോ ദിവസവും ഇരുപത്തിയഞ്ചു അല്ലെങ്കിൽ ഇരുപത്തിയെട്ടു കിലോമീറ്റർ നടക്കും വൈകിട്ട് ഹോട്ടലിൽ റൂം എടുത്തു തങ്ങും. പിറ്റേന്നു നടത്തം തുടരും.  ആറു ദിവസം കൊണ്ടാണ് വോക്കിങ് ടൂർ അവസാനിച്ചത്. ഒരുപാടു ശാരീരിക ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഏറ്റെടുത്ത ദൗത്യം തീർക്കണം എന്ന ലക്ഷ്യം ഏതു ബുദ്ധിമുട്ടുകളെയും അതിജീവിക്കാൻ സഹായിക്കുമെന്നു മനസ്സിലാക്കിത്തന്നത് ആ യാത്രയായിരുന്നു.

നഗരകാഴ്ചകളാണ് പ്രിയം

പ്രകൃതിയുടെ സൗന്ദര്യകാഴ്ചകൾ നിറഞ്ഞ നാട്ടിൻപുറം ഇഷ്ടമാണെങ്കിലും എന്നെ സംബന്ധിച്ച് കൂടുതൽ സൗകര്യം നഗരങ്ങൾ തന്നെയാണ്. അച്ഛൻ തലശ്ശേരിക്കാരനും അമ്മ തിരുവല്ലക്കാരിയുമാണ്. എന്റെ ജനനവും പഠനവുമൊക്കെ ബോംബെയിലായിരുന്നു. അന്നാട്ടിലെ സംസ്കാരത്തോടും വൈവിധ്യങ്ങളോടുമാണ് എനിക്ക് പ്രിയം. അച്ഛന് അവധി കിട്ടുമ്പോൾ നാട്ടിലേക്കുള്ള ട്രെയിൻ യാത്രയാണ് ഒാർമയിൽ മായാതെ നിൽക്കുന്ന കുട്ടിക്കാലയാത്ര. സെക്കൻഡ് ക്ലാസ് കംപാർട്ട്മെന്റും ട്രെയിനിന്റെ തുരുമ്പുപിടിച്ച ജനാലക്കമ്പികളും വിദൂരകാഴ്ചകളുമൊക്കെയാണ് അക്കാലത്തെ നിറംമങ്ങാത്ത ഓർമകൾ. 

ജാപ്പനീസ് ഫൂഡാണ് പ്രിയം

ഞാനും ഭർത്താവും കുട്ടികളും ഭക്ഷണത്തിന്റെ കാര്യത്തിൽ നോ പറയില്ല.  മിക്ക വിഭവങ്ങളും തയാറാക്കാൻ എനിക്കറിയാം. പല രാജ്യത്തുമുള്ള കുറച്ചു സുഹൃത്തുക്കൾ എനിക്കുണ്ട്. ഞങ്ങളെല്ലാവരുംകൂടി ഒത്തൊരുമിക്കുന്ന ക്ലബും ഉണ്ട്. അവരവരുടെ രാജ്യത്തെ വിഭവങ്ങള്‍ തയാറാക്കി കൊണ്ടുവരുക പതിവാണ്. ഞാൻ കേരളാ സ്റ്റെൽ ചട്ടിയിൽ മീൻകറി തയാറാക്കി നൽ‌കും. അവരവരുടെ പാചകരീതിയും പറയും. അതുകൊണ്ട് മിക്ക വിഭവങ്ങളും തയാറാക്കാന്‍ എനിക്കറിയാം. വീട്ടിൽ മഹാരാഷ്ട്ര വിഭവങ്ങളും കേരളാ വെജിറ്റേറിയൻ വിഭവങ്ങളും തയാറാക്കാറുണ്ട്. എന്നിരുന്നാലും ജാപ്പനീസ് ഫൂഡിനോടാണ് എല്ലാവർക്കും ഇഷ്ടം. മറ്റുരാജ്യങ്ങളിലേക്ക് യാത്ര പോയാലും ഫൂഡിന്റെ കാര്യത്തിൽ ടെൻഷനടിക്കാറില്ല. 

ഞാൻ വളരെ സന്തോഷത്തിലാണ്. അടുത്ത വർഷം കുട്ടികളുടെ ഗ്രാജ്വേഷൻ സെറിമണിയാണ്. എല്ലാവരും ഒത്തുകൂടുന്ന നിമിഷം. എല്ലാവരും ഒരുമിച്ചുള്ള അടുത്ത യാത്രയുടെ പ്രതീക്ഷയിലാണ്.’