ചോളം ചൂടാക്കാൻ സോളാർ എനർജി, താരമായി സെൽവമ്മ; കൈയടിച്ച് വെർച്വൽ ലോകം

ബദല്‍ ഊര്‍ജമാതൃകകളെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി. സോളര്‍ എനര്‍ജിയുടെ പ്രാധാന്യത്തെക്കുറിച്ചും സൃഷ്ടിക്കുന്ന അവസരങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ ഉന്നതവൃത്തങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയും സാധാരണക്കാര്‍ കൂടിയ വിലയ്ക്ക് വൈദ്യുതി ഉപയോഗിച്ച് നട്ടം തിരിയുകയുമാണ്. സമൂഹത്തിലെ സമ്പന്ന വൃത്തങ്ങളില്‍ മാത്രം സോളര്‍ എനര്‍ജി ഒതുങ്ങിപ്പോയതോടെ സാധാരണ ജനത്തിന് ബദല്‍ ഊര്‍ജമാതൃകകളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഈ പതിവില്‍നിന്നു വ്യത്യസ്തമായ ഒരു കാഴ്ച രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നു. ബെംഗളൂരു നഗരത്തില്‍നിന്നാണ് അദ്ഭുതക്കാഴ്ച. വിധാന്‍ സൗധയ്ക്കു പുറത്തു ചോളം വില്‍ക്കുന്ന ഒരു വയോധികയാണു കഥാപാത്രം. ചോളം ചൂടാക്കാന്‍ ഈ സ്ത്രീ ആശ്രയിക്കുന്നത് സോളര്‍ എനര്‍ജി.

സാങ്കല്‍പിക കഥയല്ല ബെംഗളൂരുവില്‍നിന്നുള്ളത്. സോളര്‍ എനര്‍ജിയുടെ സഹായത്തോടെ ചോളം ചൂടാക്കി വില്‍ക്കുന്ന സ്ത്രീയെക്കുറിച്ചു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ അവരെ പരിചയമുള്ളവരും അവരില്‍നിന്നു ചോളം വാങ്ങിയിട്ടുള്ളവര്‍പോലും കമന്റുകളുമായി രംഗത്തെത്തി. ഇതാണു മാതൃക. താഴേത്തട്ടില്‍നിന്നുവേണം പുതിയൊരു മാതൃക തുടങ്ങാന്‍. താഴേത്തട്ടില്‍ വിജയിച്ചാല്‍ മാത്രമേ അന്തിമവിജയം ലഭിക്കൂ... ഇങ്ങനെ പോകുന്ന കമന്റുകളൊന്നും ശ്രദ്ധിക്കാതെ ഓരോ ദിവസവും വഴിയോരത്തു നിന്ന് ചോളം ചൂടാക്കുകയാണ് ബെംഗളൂരുവില്‍നിന്നുള്ള സ്ത്രീ. അന്നന്നത്തെ അന്നത്തിനുവേണ്ടി.

സെല്‍വമ്മ എന്നാണ് ഈ സ്ത്രീയുടെ പേര്. വയസ്സ് 75. രണ്ടു പതിറ്റാണ്ടായി സെല്‍വമ്മ ഈ നഗരത്തിലുണ്ട്. വിധാന്‍ സൗധ കെട്ടിടത്തിനു പുറത്തെ വഴിയോരത്ത്. ചൂടുപിടിച്ച കല്‍ക്കരിയില്‍വച്ചാണ് സെല്‍വമ്മ ചോളം ചൂടാക്കുന്നത്. കല്‍ക്കരി ചൂടാക്കാനാണ് ഇവര്‍ സോളര്‍ എനര്‍ജി ഉപയോഗിക്കുന്നത്. അവശ്യാനുസരണം ഇഷ്ട സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകാവുന്ന ഫാന്‍ ഉപയോഗിച്ചാണ് ജോലി മുന്നോട്ടുപോകുന്നുത്. സെല്‍കോ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് സെല്‍വമ്മയ്ക്ക് മെഷീന്‍ സമ്മാനിക്കുന്നത്. ചോളം ചൂടാക്കാന്‍ സെല്‍വമ്മ കഷ്ടപ്പെടുന്നതുകണ്ടപ്പോള്‍ മനസ്സലിഞ്ഞ സന്നദ്ധ സംഘടന അവര്‍ക്കു സമ്മാനിച്ചതാണ് സോളര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍.

സെല്‍വമ്മയെപ്പോലെ ഒരു സാധാരണ സ്ത്രീക്ക് വഴിയോരത്ത് സോളര്‍ എനര്‍ജി പ്രയോജനപ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് രാജ്യത്തെ മഹാഭൂരിപക്ഷത്തിന് ബദല്‍ ഊര്‍ജമാതൃകകള്‍ സ്വീകരിച്ചുകൂടാ എന്നതാണ് പ്രസക്തമായ ചോദ്യം.