പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടു ചൂടു പകരുന്ന കുപ്പായമുണ്ടാക്കാന്‍ പതിനാറുകാരി

സിനിമയിലും സാഹിത്യത്തിലും മഞ്ഞുകാലം കാല്‍പനികമൊക്കെയായിരിക്കും. പക്ഷേ, വീടില്ലാതെ, പുതയ്ക്കാനൊരു പുതപ്പു പോലും ഇല്ലാതെ തെരുവില്‍ കഴിയുന്നവര്‍ക്ക് അത് പതുങ്ങിയെത്തുന്ന മരണമാണ്. നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ തെരുവുകളില്‍ നൂറുകണക്കിനു പേരാണ് ഓരോ മഞ്ഞുകാലത്തും മരിച്ചു വീഴുന്നത്. പലരും ഇതു കാണാറുണ്ടെങ്കിലും കണ്ടില്ല എന്നു നടിക്കും. ആരും ചോദിക്കാനും പറയാനും ഇല്ലാത്തവര്‍ ആണല്ലോ. ചില എന്‍ജിഒകളൊക്കെ കമ്പിളി പുതപ്പും മറ്റുമായിട്ട് എത്താറുണ്ടെങ്കിലും പലയിടങ്ങളിലും പലരും തണുപ്പില്‍ മരിച്ചു വീഴുന്നു. 

എന്നാല്‍ സ്‌കൂളിലേക്ക് പോകും വഴി കാണുന്ന ഈ തണുപ്പന്‍ കാഴ്ച ഒരു 16 വയസ്സുകാരിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. തണുപ്പത്തു വിറച്ചിരിക്കുന്ന മനുഷ്യരെ മാത്രമല്ല, തെരുവില്‍ പലയിടത്തും കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ആ സ്‌കൂള്‍ വിദ്യാർഥിനിയുടെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു. 

ആശങ്കപ്പെടുത്തിയ ഈ രണ്ടു ചിന്തകള്‍ക്കും കൂടി ദേവിക എന്ന ഈ കൊച്ചുമിടുക്കി ഒരൊറ്റ പരിഹാരം കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്തു ചൂടു പകരുന്ന കുപ്പായം ഉണ്ടാക്കാവുന്ന ആശയത്തിനാണു ദേവിക രൂപം നല്‍കിയത്. അങ്ങനെ റീപ്ലാസ്റ്റെകോ പ്രോജക്ട് നിലവില്‍ വന്നു. 

പറയുമ്പോള്‍ സിംപിളാണെങ്കിലും ഇതു വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ആദ്യം വിവിധ ഇടങ്ങളില്‍ നിന്നായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കും. അവ കഴുകി ക്യാംപ്പും ലേബലുമൊക്കെ മാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളായി നുറുക്കും. ഈ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ഉരുക്കി ഫില്‍റ്റര്‍ ചെയ്ത് ശേഷിക്കുന്ന മാലിന്യങ്ങളും അകറ്റി അവയെ ചെറു ഗുളിക രൂപത്തിലാക്കും. അവ വീണ്ടും ഉരുക്കി ഇഴകളാക്കി മാറ്റും. ഈ പ്ലാസ്റ്റിക് ഇഴകള്‍ നെയ്‌തെടുത്തു കുപ്പായമുണ്ടാക്കുന്നു. 

സങ്കീര്‍ണ്ണ പ്രക്രിയയായതു കൊണ്ടു തന്നെ ഇതിനു ചെലവും കൂടുതലാണ്. ഇതിനു വേണ്ടി ഫണ്ടു സ്വരൂപിക്കാനുള്ള ശ്രമത്തിലാണു ദേവിക ഇപ്പോള്‍. ജിഡി ഗോയങ്ക പബ്ലിക് സ്‌കൂളിലെ വിദ്യാർഥിനിയാണ് ദേവിക.