ആത്മഹത്യയോ അതോ കൊലപാതകമോ? നൊമ്പരപ്പെടുത്തുന്ന ചിത്രം!

ആഘോഷത്തിന്റെ പട്ടച്ചരടിൽ പൊലിഞ്ഞ ഒരു കുഞ്ഞു ജീവൻ. ഒറ്റ വാക്കിൽ ആ കുഞ്ഞു തത്തയുടെ മരണത്തെ അങ്ങനെ വിശേഷിപ്പിക്കാം. കഴുത്തിൽ പട്ടച്ചരടു കുരുങ്ങി മരച്ചില്ലയിൽ തൂങ്ങിക്കിടക്കുന്ന തത്തയെ കണ്ടാൽ ആത്മഹത്യ ചെയ്തതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ  അതൊരു കരുതിക്കൂട്ടിയ കൊലപാതകമാണെന്ന് പ്രകൃതി സ്നേഹികൾ ഉറപ്പിച്ചു പറയുന്നു.

കാരണം അതിന്റെ പിന്നിൽ മനുഷ്യരുടെ കറുത്ത കരങ്ങളാണ്. ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന പട്ടം പറത്തൽ മത്സരങ്ങളിൽ ഇങ്ങനെ ഓരോ വർഷവും പൊലിയുന്നത് നൂറുകണക്കിനു പക്ഷികളുടെ ജീവനാണ്. പട്ടച്ചരടുകളിൽ കുരുങ്ങിയാണ് പക്ഷികളുടെ ജീവൻ പൊലിയുന്നത്. 

ഫൊട്ടോഗ്രഫറായ ഭവിക് താക്കർ ആണ് തത്തയുടെ ചിത്രം പകർത്തിയത്. നൂറു കണക്കിനാളുകൾ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം. നിങ്ങൾ സന്തോഷിക്കുമ്പോൾ പട്ടച്ചരടിൽ കുരുങ്ങി ജീവനുവേണ്ടി പിടയുന്നത് നൂറു കണക്കിനു പക്ഷികളാണ്. അൽപസമയത്തെ സന്തോഷത്തിനു വേണ്ടി നാമെന്തിനാണ് ഈ പാവങ്ങളുടെ ജീവനെടുക്കുന്നത്?