വിപണി പിടിക്കാൻ മഹീന്ദ്ര എക്സ്‌യുവി 300 വില 8 ലക്ഷം മുതൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള പുത്തൻ അവതരണമായ ‘എക്സ്‌യുവി 300’ കോംപാക്ട് എസ്‌യുവിക്കുള്ള ബുക്കിങ്ങുകൾ കമ്പനി ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി.  ‘എക്സ് യു വി 300’ അടുത്ത മാസം ആദ്യം അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. എസ് യു വികളുമായി മത്സരിക്കാൻ ലക്ഷ്യമിട്ടു സമഗ്രവും ആവേശകരവുമായ പാക്കേജാണ് ‘എക്സ്‌യുവി 300’ ആയി നിരത്തിലെത്തുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിൽപ്പന, വിപണന വിഭാഗം മേധാവി വീജേ രാം നക്ര അഭിപ്രായപ്പെട്ടു. എട്ടു മുതൽ 12 ലക്ഷം രൂപ വരെയാവും ‘എക്സ്‌യുവി 300’ വകഭേദങ്ങളുടെ വിലയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വിഭാഗത്തിൽ ഇതാദ്യമായി ലഭിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും മികച്ച സുരക്ഷയുമൊക്കെ പുത്തൻ എസ്‌യുവിയുടെ സവിശേഷതകളാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

XUV 300

അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ഇതാദ്യമായി ഏഴ് എയർബാഗുമായിട്ടാണ് ‘എക്സ്‌യുവി 300’ എത്തുന്നത്. ഇടത്തരം സെഡാനുകളിൽ പോലും ഇത്രയേറെ എയർബാഗില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്യുവൽ സോൺ ഫുള്ളി ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മുൻ പാർക്കിങ് സെൻസർ തുടങ്ങിയവയൊന്നും ഈ വിഭാഗത്തിൽ നിലവിൽ ലഭ്യമല്ലാത്ത സൗകര്യങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. 

XUV 300

മഹീന്ദ്രയുടെ ഉപസ്ഥാപനവും ദക്ഷിണ കൊറിയൻ നിർമാതാക്കളുമായ സാങ്യങ്ങിന്റെ ‘ടിവൊലി’ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് ‘എക്സ് യു വി 300’ സാക്ഷാത്കരിച്ചിരിക്കുന്നത്; ബോഡി ഘടകങ്ങളും രൂപകൽപ്പനയുമെല്ലാം ‘ടിവൊലി’യിൽ നിന്നു കടമെടുത്തതാണ്. അതേസമയം ഇന്ത്യൻ സാഹചര്യങ്ങൾക്കായി എസ്‌യുവിയുടെ സസ്പെൻഷൻ മഹീന്ദ്ര പരിഷ്കരിച്ചിട്ടുണ്ട്. എംപിവിയായ ‘മരാസൊ’യിൽ അരങ്ങേറിയ 1.5 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനാവും ‘എക്സ് യു വി 300’ എസ്‌യുവിക്കും കരുത്തേകുക. കോംപാക്ട് എസ്‌യുവിയിലെത്തുമ്പോൾ ഈ ഡീസൽ എൻജിന് 300 എൻഎം ടോർക്ക് സൃഷ്ടിക്കും. ഒപ്പമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനാവട്ടെ 200 എൻഎം ടോർക്കും സൃഷ്ടിക്കാനാവും.

XUV 300

ഡ്രൈവറുടെ മുട്ട് സംരക്ഷിക്കാനുള്ള എയർബാഗ് സഹിതമെത്തുന്ന ‘എക്സ്‌യുവി 300’ എസ്‌യുവിയിൽ നാലു വീലിലും ഡിസ്ക് ബ്രേക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ്‌യുവി 300’ വിപണിയിലെത്തുക. കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷൻ പായ്ക്ക് വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്.എയർ ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, ഓൾ വീൽ ഡിസ്ക് ബ്രേക്ക്, ആറു സ്പീഡ് ട്രാൻസ്മിഷൻ, എൽ ഇ ഡി ടെയിൽ ലാംപ്, പവർ വിൻഡോ തുടങ്ങിയവ എല്ലാ വകഭേദത്തിലും പ്രതീക്ഷിക്കാം.