ഒറ്റ ചാർജിൽ 800 കി മീ; വിപ്ലവം രചിക്കാൻ ലിഥിയം എയർ ബാറ്ററി

ബാറ്ററി നിർമാണത്തിൽ പുതിയ ദ്വിമാന(ടു ഡി) വസ്തുക്കൾ ഉപയോഗിച്ചു വൈദ്യുത വാഹന(ഇ വി)ങ്ങളുടെ സഞ്ചാരശേഷി(റേഞ്ച്) നിലവിലുള്ളതിന്റെ 10 ഇരട്ടിയോളം വർധിപ്പിക്കാനാവുമെന്നു ശാസ്ത്രജ്ഞർ. ഒറ്റത്തവണ ചാർജ് ചെയ്താൽ 800 കിലോമീറ്റർ വരെ ഓടാൻ ശേഷിയുള്ള വൈദ്യുത കാറുകൾ നിർമിക്കാനാവുമെന്നാണ് ഷിക്കാഗൊയിലെ ഇല്ലിനോയ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ അവകാശവാദം.

പരീക്ഷണ ഘട്ടത്തിലുള്ള ലിഥിയം – എയർ ബാറ്ററികളാണു വൈദ്യുത വാഹന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളെ അപേക്ഷിച്ച് 10 ഇരട്ടിയിലേറെ ഊർജ സംഭരണ ശേഷിയാണ് ലിഥിയം എയർ ബാറ്ററികൾ വാഗ്ദാനം ചെയ്യുന്നത്. പരമ്പരാഗത ബാറ്ററികളെ അപേക്ഷിച്ച് ഭാരം കുറവാണെന്നതും ലിഥിയം എയർ ബാറ്ററികളുടെ മികവാണ്; ഇതും വൈദ്യുത കാറുകളുടെ സഞ്ചാര ശേഷി ഉയരാൻ സഹായികമാവുമെന്ന് ശാത്രജ്ഞർ വാദിക്കുന്നു.

ദ്വിമാന സാധന സാമഗ്രികളിൽ നിന്നു നിർമിച്ച അത്യാധുനിക ഉത്പ്രേകരങ്ങളുടെ സാന്നിധ്യമാണു ലിഥിയം എയർ ബാറ്ററികളെ മികച്ചതാക്കുന്നത്; കൂടുതൽ കാര്യക്ഷമതയും കൂടുതൽ ഊർജവും പ്രദാനം ചെയ്യാൻ ഈ ബാറ്ററികളെ പ്രാപ്തരാക്കുന്നതും ഇത്തരം വസ്തുക്കളുടെ സാന്നിധ്യമാണത്രെ. 

ദ്വിമാന വസ്തുക്കളിൽ നിന്നു നിർമിച്ച വിവിധ ഉത്പ്രേരകങ്ങളെ സംബന്ധിച്ച വിശദാംശങ്ങളും ഗവേഷണ പ്രസിദ്ധീകരണമായ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസി’ലെ പ്രബന്ധത്തിൽ ഇല്ലിനോയ് സർവകലാശാല പങ്കുവച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ലിതിയം എയർ ബാറ്ററികളിൽ ഉപയോഗിച്ചപ്പോൾ പരമ്പരാത ഉത്പ്രേരകങ്ങൾ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളെ അപേക്ഷിച്ച് 10 ഇരട്ടി കാര്യക്ഷമത നേടാനായെന്നും ഗവേഷക സംഘം അവകാശപ്പെടുന്നു.