വില്ലീസ് എൻ തോഴൻ

ജീപ്പില്ലാതെ യാത്ര ഹൈറേഞ്ചുകർക്ക് ആലോചിക്കാനേവയ്യാത്ത കാലമുണ്ടായിരുന്നു. കുട്ടിക്കാലത്തെ ആ ജീപ് യാത്രകൾ ഓർമയിൽ മറയാതിരിക്കാൻ വില്ലീസ് ജീപ്പുകൾ ശേഖരിക്കാൻ തുടങ്ങി. ജീപ്പുകളിൽ മാത്രം ഒതുക്കാതെ ഇരുചക്ര വാഹനങ്ങളിലേക്കും അതു വ്യാപിച്ചു. തൊടുപുഴ നഗരസഭയിലെ മുൻചെയർമാനായിരുന്ന രാജീവ് പുഷ്പാംഗദന്റെ വില്ലീസ് പ്രേമം പതുക്കെ പച്ചപിടിച്ചു തുടങ്ങി. 

പണ്ട് നഗരമായി മാറുന്നതിനുമുൻപ്, കുന്നും മലയും മാത്രമായിരുന്ന തൊടുപുഴയിൽ സഞ്ചരിക്കാൻ ഒറ്റ വാഹനമേ അന്നൊള്ളൂ. വില്ലീസ് ജീപ്പുകൾ. 1964 ൽ പിതാവ് പുഷ്പാംഗദൻ നായർ ഒരു പഴയ വില്ലീസ് വാങ്ങി. ബിസിനസ് ആയിരുന്നു അച്ഛന്. ആ വില്ലീസ് ഇരുപതു വർഷത്തോളം ഉപയോഗിച്ചു. ആ ഓർമകളാണ് ഈ വില്ലീസ് ജ്വരത്തിനുപിന്നിൽ. 

യുദ്ധവീരൻ ഫോഡ് ജിപി ഡബ്ല്യു

1944 മോഡൽ ഫോഡ് ജിപി ഡബ്ല്യു രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വീരൻ. അമേരിക്കൻ ഗവൺമന്റ് യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിച്ച മോഡലുകളാണ് ഫോഡ് ജിപി ഡബ്ല്യു. യുദ്ധം കഴിഞ്ഞപ്പോൾ അവ ജനങ്ങൾക്ക് ഉപയോഗിക്കാനായി വിട്ടുകൊടുത്തു. കൈമറിഞ്ഞ് എത്തിയതാണ് രാജീവിന്റെ കൈയിൽ. ഇതിൽ ബാക്ക് ഡോർ ഇല്ല. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ആണ്. ഗൺ റാക്ക്, മെഷീൻ ഗൺ ഫിറ്റ് ചെയ്യുന്നതിനുള്ള സ്റ്റാൻഡ്, പിക്കാസ്, ചെറിയ തൂമ്പ, മെക്കാനിക്കൽ വൈപ്പർ, മെക്കാനിക്കൽ വീഞ്ച്, വണ്ടിക്കു ചുറ്റും ഹെലിക്കോപ്റ്ററിൽ പൊക്കിയെടുക്കാൻ പാകത്തിനു ഹുക്ക് എന്നിവയുണ്ട്. വളരെ മോശം അവസ്ഥയിൽ തിരുവനന്തപുരത്തെ ഒരു വീട്ടിൽനിന്നാണ് ഇതു കിട്ടിയത്. ലോറിയിൽ കയറ്റി വീട്ടിലെത്തിച്ചു. മാസങ്ങൾ എടുത്തു നന്നാക്കാൻ.

പിന്നെയുള്ളത് 1951 മോഡൽ വില്ലീസ് ആണ്. തൊടുപുഴയിൽത്തന്നെയുള്ള ഒരു ബിസിനസ് ഗ്രൂപ്പിന്റേതായിരുന്നു. സെക്കൻഡ് ഓണറാണ് രാജീവ്. വേറൊരു മോഡൽ 1943 ജിപി ഡബ്ല്യു റീസ്റ്റോർ ചെയ്തുകൊണ്ടിരിക്കുന്നു. വളരെ അടുപ്പക്കാർക്കുവേണ്ടി മാത്രം റീസ്റ്റോർ ചെയ്തുകൊടുക്കും. ആഗതൻ, മദിരാസി, പട്ടണത്തിൽ ഭൂതം, കമാരസംഭവം, പരോൾ, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിങ്ങനെ ഒട്ടേറെ സിനിമകളിലും ഈ വിന്റേജ് ബോയ്സ് മുഖം കാണിച്ചിട്ടുണ്ട്. 

ജീപ്പുകൾ കൂടാതെ 1970 മോഡൽ വെസ്പ 150, 1987 മോഡൽ രാജ്ദൂദ്, 1980 രാജ്ദൂദ് ബോബി, 1975 മോഡൽ ലാമ്പ്രട്ട, മാരുതിയുടെ ആദ്യ മോഡലുകളിലൊന്നായ 1984 എസ്എസ് തുടങ്ങിയവയും ശേഖരത്തിലുണ്ട്. പഴയൊരു മോറിസ് മൈനർ കുട്ടപ്പനാക്കിയെടുക്കുന്നതിന്റെ പണിപ്പുരയിലാണ് വിന്റേജ് സ്പെഷലിസ്റ്റ് മെക്കാനിക്ക് രാധാകൃഷ്ണൻചേട്ടൻ. നാൽപത്തിയഞ്ചുവർഷമായി ഈ ഫീൽഡിലുണ്ട്. ഇവയെല്ലാം നന്നാക്കിയെടുക്കുന്നത് ഇവരുടെതന്നെ വർക്ക്ഷോപ്പിൽത്തന്നെയാണ്. ചേട്ടന്റെ വിന്റേജ് ഇഷ്ടങ്ങൾക്കു കൂട്ടായി അനുജൻ വിനോദ് കുമാർ കൂടെയുണ്ട്. തൊടുപുഴയിലെ വർക്ക്ഷോപ്പ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് വിനോദ്.