ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌ യു വി ഇന്ത്യയിൽ, വില 3 കോടി

ലംബോർഗിനിയുടെ ആദ്യ എസ് യു വി ഉറുസ് ഇന്ത്യൻ വിപണിയിൽ. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ് യു വി എന്ന പേരിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 3 കോടി രൂപയാണ്. ലോക വിപണികളിൽ അരങ്ങേറ്റം കുറിച്ച് വെറും 38 ദിവസത്തിനകമാണ് ഉറുസ് ഇന്ത്യയിലെത്തിയത്. ലോകത്തിലെ ഏറ്റവും വേഗം കൂടിയ എസ് യു വിയായ ഉറുസിന് പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗത്തിലെത്താൻ 3.6 സെക്കന്റ് മാത്രം മതി. 

URUS

നാലു ലീറ്റർ, വി എയ്റ്റ്, ട്വിൻ ടർബോ എൻജിനാണ് ‘ഉറുസി’ലുള്ളത്; 6800 ആർപിഎമ്മിൽ 641 ബി എച്ച് പി കരുത്തും 2240 മുതൽ 4500 വരെ ആർപിഎമ്മിൽ 850 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആക്ടീവ് ടോർക് വെക്ടറിങ് സഹിതമുള്ള ഫോർവീൽ ഡ്രൈവും ഫോർ വീൽ സ്റ്റീയറിങ്ങുമൊക്കെയുള്ള ‘ഉറുസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 305 കിലോമീറ്ററാണ്.

എസ് യു വി, കൂപ്പെ ക്രോസോവർ, സ്പോർട്സ് കാർ, ആഡംബര കാർ തുടങ്ങിയവയുടെയൊക്കെ സമന്വയമായാണു ഫോക്സ്‌വാഗൻ‌ ഗ്രൂപ്പിൽപെട്ട ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനി ‘ഉറുസി’നെ വിശേഷിപ്പിക്കുന്നത്. സൂപ്പർ സ്പോട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്ന പേരിലാണ് ലംബോർഗിനി ഉറുസിനെ പുറത്തിറക്കുന്നത്. പുറത്തിറക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ വിപണിക്ക് അനുവദിച്ച ‘ഉറുസ്’ വിറ്റു പോയെന്നും ലംബോർഗിനി സൂചിപ്പിക്കുന്നത്.

URUS

സന്ത്അഗാത ബൊളോണീസിലെ ആസ്ഥാനത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി പൗളൊ ജെന്റിലൊണി പങ്കെടുത്ത തിളക്കമാർന്ന ചടങ്ങിലായിരുന്നു ലംബോർഗിനി ‘ഉറുസ്’ അനാവരണം ചെയ്തത്. ‘ഉറുസ്’ ഉൽപ്പാദനത്തിനുള്ള പുത്തൻ ശാലയും കമ്പനി ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു; പുതിയ ശാല പ്രവർത്തനക്ഷമമാവുന്നതോടെ ‘ഉറുസ്’ഉൽപ്പാദനം ഇരട്ടിയായിട്ടാണ് ഉയരുക. നിലവിൽ പ്രതിവർഷം 3,500 കാർ മാത്രം വിൽക്കുന്ന ലംബോർഗിനിയുടെ വിൽപ്പന ഗണ്യമായി ഉയർത്താൻ ‘ഉറുസ്’ വഴിതെളിക്കുമെന്നാണു പ്രതീക്ഷ. ആദ്യ വർഷം തന്നെ ഏഴായിരത്തോളം ‘ഉറുസ്’ വിൽക്കാനാണു ലംബോർഗിനി ലക്ഷ്യമിടുന്നത്; ഇതിൽ എസ് യു വികളോട് പ്രിയമേറെയുള്ള ഇന്ത്യ പോലുള്ള വിപണികളുടെ പങ്ക് നിർണായകമാവും. ഈ സാധ്യത മുൻനിർത്തിയാണു ചൈന, ജപ്പാൻ, ദക്ഷിണ പൂർവ ഏഷ്യ തുടങ്ങിയ വിപണികളെ അപേക്ഷിച്ച് ‘ഉറുസ്’ ഇന്ത്യയിൽ ആദ്യമെത്തിയത്.

‘കയീൻ’ പോലുള്ള മോഡലുകളിലൂടെ പോർഷെ കൊയ്തതിനു സമാനമായ വിജയമാണ് ഇന്ത്യയിൽ ‘ഉറുസി’ലൂടെ ലംബോർഗിനിയും മോഹിക്കുന്നത്. ‘911’, ‘ബോക്സ്റ്റർ’, ‘കേമാൻ’ തുടങ്ങിയവയ്ക്കൊന്നും കൈവരിക്കാനാവാതെ പോയ നേട്ടമായിരുന്നു ‘കയീൻ’ സ്വന്തമാക്കിയത്. ‘ഉറുസി’ന് ഇന്ത്യയിൽ ആവശ്യക്കാർ ധാരാളമുണ്ടാവുമെന്നതിൽ തർക്കമില്ല; പക്ഷേ ആവശ്യത്തിനൊത്ത് ‘ഉറുസ്’ ലഭ്യമാക്കാൻ ലംബോർഗിനിക്കു കഴിയുമോ എന്നതാവും വെല്ലുവിളി.