യമഹ ‘എഫ് സി എസി’ന് പിന്നിലും ഡിസ്ക് ബ്രേക്ക്

കൂടുതൽ കാര്യക്ഷമത ലക്ഷ്യമിട്ട് ‘എഫ് സി എസ് — എഫ് ഐ’യുടെ പിന്നിൽ ഡിസ്ക് ബ്രേക്ക് ലഭ്യമാക്കാൻ യമഹ തീരുമാനം. പിന്നിൽ 220 എം എം ഡിസ്ക് ബ്രേക്ക് ഇടംപിടിച്ചതിനൊപ്പം പുതിയ രൂപകൽപ്പനയുള്ള അലോയ് വീലും മിററും സഹിതമാണ് ബൈക്കിന്റെ വരവ്. കൂടാതെ പുതിയ നിറമായ നീലയിയും ‘എഫ് സി എസ് — എഫ് ഐ’ വിൽപ്പനയ്ക്കെത്തും. മുൻമോഡലിനെ അപേക്ഷിച്ച് 3,000 രൂ അധിക വില ഈടാക്കിയാണ് യമഹ പരിഷ്കരിച്ച ‘എഫ് സീ എസ് — എഫ് ഐ’ വിപണിയിലെത്തിച്ചത്. പഴയ മോഡലിന് ഡൽഹി ഷോറൂമിൽ 83,042 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 86,042 ആയാണ് ഉയർന്നത്.

പിന്നിൽ ഡിസ്ക് ബ്രേക്ക് എത്തിയെങ്കിലും ‘എഫ് സീ എസ് — എഫ് ഐ’യിൽ യമഹ ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനം ലഭ്യമാക്കിയിട്ടില്ല. ‘എഫ് സീ 25’, ‘ഫേസർ 25’ എന്നിവയിൽ നിന്നു കടമെടുത്തതാണു ബൈക്കിലെ അലോയ് വീലിന്റെ പുതിയ രൂപകൽപ്പന. മുൻമോഡലിലെ ദീർഘവൃത്താകൃതിയിലുള്ള മിററിനു പകരമായാണു കാഴ്ചപ്പകിട്ടേറിയ പുത്തൻ മിററിന്റെ രംഗപ്രവേശം. 

ഡിസ്ക് ബ്രേക്കൊഴികെ സാങ്കേതിക വിഭാഗത്തിൽ ‘എഫ് സീ എസ് — എഫ് ഐ’യിൽ യമഹ മാറ്റമൊന്നും വരുത്തിയിട്ടില്ല. 149 സി സി, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ്, സിംഗിൾ സിലിണ്ടർ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 13.2 ബി എച്ച് പി വരെ കരുത്തും 12.8 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. സുസുക്കി ‘ജിക്സർ’, ഹോണ്ട ‘സി ബി 160 ഹോണറ്റ്’ തുടങ്ങിയവയാണ് ഇന്ത്യയിൽ യമഹ ‘എഫ് സീ എസ് — എഫ് ഐ’യുടെ എതിരാളികൾ.