എ എം ടിയോടെ ‘റെഡി ഗൊ’ എത്തി; വില 3.81 ലക്ഷം

ഡാറ്റ്സൻ ശ്രേണിയിലെ എൻട്രി ലവൽ മോഡലായ ‘റെഡി ഗൊ’ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതം വിൽപ്പനയ്ക്കെത്തി. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 3.81 ലക്ഷം രൂപയാണു കാർ വിൽപ്പനയ്ക്കെത്തുന്നത്. കാർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ‘റെഡി ഗൊ സ്മാർട് ഡ്രൈവ് ഓട്ടോ’ ഉടൻ കൈമാറുമെന്നും ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ അറിയിച്ചു. 10,000 രൂപ മുൻകൂർ ഈടാക്കിയാണു നിസ്സാൻ, ഡാറ്റ്സൻ ഡീലർഷിപ്പുകളിൽ ‘റെഡി ഗൊ 1.0 ലീറ്റർ എ എം ടി’ ബുക്കിങ് സ്വീകരിച്ചിരുന്നത്.  

രണ്ടു ഡ്രൈവിങ് മോഡുകളോടെയാണ് ‘റെഡി ഗൊ സ്മാർട് ഡ്രൈവ് ഓട്ടോ’യുടെ വരവ്; ഡ്യുവൽ ഡ്രൈവിങ് മോഡും റഷ് അവർ മോഡും. പർവത മേഖലകളിലെയും നഗരത്തിരക്കിലെയും ഉപയോഗത്തിനിടെ ഓട്ടമേറ്റഡ് — മാനുവൽ രീതികൾ മാറി മാറി തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഡ്യുവൽ ഡ്രൈവിങ് മോഡ് നൽകുന്നത്. റഷ് അവർ മോഡിൽ മണിക്കൂറിൽ 56 കിലോമീറ്റർ വരെയുള്ള വേഗത്തിൽ പോകാനുള്ള അവസരമാണ് ലഭിക്കുക.

ഡ്യുവൽ ഡ്രൈവിങ് മോഡ് സാധ്യതയുടെ സൗകര്യവും വൈവിധ്യവുമാണ് ഡാറ്റ്സൻ ‘റെഡി ഗൊ സ്മാർട് ഡ്രൈവ് ഓട്ടോ’ ലഭ്യമാക്കുന്നതെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ട് അഭിപ്രായപ്പെട്ടു. താങ്ങാവുന്ന വിലയ്ക്ക് അനായാസ നഗരയാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ‘റെഡി ഗൊ എ എം ടി’ അവതരിപ്പിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, കൂടുതൽ ഹെഡ് റൂം സ്ഥലം, ഉയർന്ന സീറ്റിങ്, ആകർഷക രൂപകൽപ്പന തുടങ്ങിയവയും ‘റെഡി ഗൊ എ എം ടി’യുടെ മികവുകളാണെന്ന് അദ്ദേഹം വിശദീകരിച്ചു. 

ഇന്റലിജന്റ് സ്പാർക് ഓട്ടമേറ്റഡ് ടെക്നോളജി(ഐ സാറ്റ്)യുടെ പിൻബലമുള്ള 999 സി സി മന്നു സിലിണ്ടർ എൻജിനാണ് ഈ ‘റെഡി ഗൊ’യ്ക്കു കരുത്തേകുന്നത്. 5,500 ആർ പി എമ്മിൽ 68 ബി എച്ച് പി വരെ കരുത്തും 4,250 ആർ പി എമ്മിൽ 91 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള, ഇന്ധനക്ഷമതയേറിയ ഈ എൻജിനു കൂട്ടാവുന്നത് അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനാണ്. 

നിലവിൽ 800 സി സി ‘റെഡി ഗൊ’യ്ക്കു പുറമെ ‘റെഡി ഗൊ സ്പോർട്’, ‘റെഡി ഗൊ 1.0 ലീറ്റർ’, ‘റെഡി ഗൊ ഗോൾഡ്’ തുടങ്ങിയവയാണ് വിപണിയിലുള്ളത്. 2016 ജൂണിലായിരുന്നു ‘റെഡി ഗൊ’യുടെ ഇന്ത്യൻ അരങ്ങേറ്റം. രണ്ടു വകഭദങ്ങളിലാണ് ‘റെഡി ഗൊ എ എം ടി’ വിപണിയിലുള്ളത്: 3.81 ലക്ഷം രൂപ വിലയുള്ള ‘ടി (ഒ)’യും 3.96 ലക്ഷം രൂപ വിലമതിക്കുന്ന ‘എസും’. എ എം ടി എത്തുന്നതോടെ ‘റെഡി ഗൊ’ വിലയിൽ 30,000 രൂപയോളം വർധനയുണ്ടാവുമെന്നാണു പ്രതീക്ഷ. അതുകൊണ്ടുതന്നെ ഡൽഹി ഷോറൂമിൽ ‘റെഡി ഗൊ 1.0 ലീറ്റർ എ എം ടി’യുടെ വില 3.90 ലക്ഷം രൂപ മുതൽ 4.10 ലക്ഷം രൂപ വരെയാവാനാണു സാധ്യത.