‘2018 സൂപ്പർ സ്പ്ലെൻഡർ’ എത്തി; വില 57,190 രൂപ

യുവ പ്രഫഷനലുകളെ ലക്ഷ്യമിട്ടു ഹീറോ മോട്ടോകോർപ് ‘2018 സൂപ്പർ സ്പ്ലെൻഡർ’ വിൽപ്പനയ്ക്കെത്തിച്ചു;  57,190 രൂപയാണ് ബൈക്കിന് ഡൽഹിയിലെ ഷോറൂം വില. 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകളുടെ വിഭാഗത്തിൽ 55% വിപണി വിഹിതമാണ് ഹീറോ മോട്ടോ കോർപ് അവകാശപ്പെടുന്നത്. 

‘സൂപ്പർ സ്പ്ലെൻഡറി’ലെ 125 സി സി, സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ 7,500 ആർ പി എമ്മിൽ 11.24 ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 11 എൻ എം ടോർക്കുമാണ് സൃഷ്ടിക്കുക. ഐഡ്ൽ സ്റ്റോപ് ആൻഡ് സ്റ്റാർട് സാങ്കേതികവിദ്യ(‘ഐ ത്രീ എസ്’)യും ഈ ബൈക്കിലുണ്ട്. മുൻമോഡലിനെ അപേക്ഷിച്ച് 27% അധിക കരുത്തും ആറു ശതമാനം അധിക ടോർക്കുമാണ് ഈ എൻജിനിൽ ഹീറോ വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിൽ 94 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.

ഓൾ ടൈം ഹെഡ്ലാംപ് ഓൺ(എ എച്ച് ഒ), സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സൈഡ് ഇൻഡിക്കേറ്റർ, പരിഷ്കരിച്ച സീറ്റ് പ്രൊഫൈൽ, വീതിയേറിയ പിൻ ടയർ, സീറ്റിനടിയിൽ കൂടുതൽ സംഭരണ സ്ഥലം, ലോക്ക് സഹിതം സൈഡ് യൂട്ടിലിറ്റി ബോക്സ് എന്നിവയും ‘2018 സൂപ്പർ സ്പ്ലെൻഡറി’ലുണ്ട്. ക്രോം ഫിനിഷുള്ള മഫ്ളർ, സ്ലീക് ടെയിൽ ലാംപ്, ആധുനിക ഗ്രാഫിക്സ് എന്നിവയോടെ എത്തുന്ന ബൈക്ക് അഞ്ചു മെറ്റാലിക് നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ട്.