‘ഗോ’യ്ക്കും ‘ഗോ പ്ലസി’നും ‘റീമിക്സ് എഡീഷൻ’

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ ‘ഗോ’, ‘ഗോ പ്ലസ്’ എന്നിവയുടെ പരിമിതകാല പതിപ്പായ ‘റീമിക്സ് ലിമിറ്റഡ് എഡീഷൻ’ പുറത്തിറക്കി. 4.21 ലക്ഷം രൂപയാണ് ‘ഗോ റീമിക്സി’ന്റെ ഷോറൂം വില; ‘ഗോ പ്ലസ് റീമിക്സി’ന്റെ വില 4.99 ലക്ഷം രൂപയാണ്. പുത്തൻ ഹുഡ് — റൂഫ് റാപ്, കറുപ്പ് അകത്തളം, ഡ്യുവൽ ടോൺ കളർ തുടങ്ങിയവൊക്കെയാണു ‘റീമിക്സ് ലിമിറ്റഡ് എഡീഷ’ന്റെ സവിശേഷത. 

‘റീമിക്സ് ലിമിറ്റഡ് എഡീഷ’ന്റെ ഭാഗമായി ‘ഗോ’യിൽ ഒണിക്സ് ബ്ലാക്ക് നിറവും ലഭ്യമാക്കുന്നുണ്ടെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ട് അറിയിച്ചു.  ഒണിക്സ് ബ്ലാക്ക് നിറത്തിനൊപ്പം ഓറഞ്ച് ഗ്രാഫിക്സാണു ‘ഗോ റീമിക്സ് ലിമിറ്റഡ് എഡീഷ’ന്റെ സവിശേഷത; ഇറട്ട വർണ സറ്റോം വൈറ്റിനൊപ്പം ഓറഞ്ചും കറുപ്പും കലർന്ന ഗ്രാഫിക്സോടെയാണ് ‘ഗോ പ്ലസ് റീമിക്സ് ലിമിറ്റഡ് എഡീഷൻ’ എത്തുന്നത്. കൂടാതെ സ്റ്റോം വൈറ്റ്, ഡ്യുവൽ ടോൺ സിൽവർ നിറങ്ങളിലും കാറുകൾ ലഭ്യമാവും. 

റിമോട്ട് കീരഹിത എൻട്രി, ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് ഓഡിയോ, ട്രെൻഡി സീറ്റ് കവർ, കറുപ്പ് മുൻഗ്രിൽ, കറുപ്പ് വീൽ കവർ, പിയാനൊ ബ്ലാക്ക് ഇന്റീരിയർ, പിന്നിൽ സ്പോർട്ടി സ്പോയ്ലർ, സ്റ്റൈൽസമ്പന്നമായ ക്രോം എക്സോസ്റ്റ് ഫിനിഷർ, ക്രോം ബംപർ ബെസെൽ എന്നിവയാണു പരിമിതകാല പതിപ്പിന്റെ പ്രത്യേകതയായി ഡാറ്റ്സൻ നിരത്തുന്നത്. കരുത്തുറ്റ 1.2 ലീറ്റർ എൻജിനാണ് ‘ഗോ’യ്ക്കും ‘ഗോ പ്ലസി’നും കരുത്തേകുന്നത്.