യുവാക്കളെയും ലക്ഷ്യം വെച്ച് ഹോണ്ട ‘എക്സ് — ബ്ലേഡ്’; വില 78,500 രൂപ

പുതിയ 160 സി സി ബൈക്കായ ‘എക്സ് — ബ്ലേഡി’ന്റെ വില ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ്  സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പ്രഖ്യാപിച്ചു; 78,500 രൂപയാണു ബൈക്കിന് ഡൽഹിയിലെ ഷോറൂം വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബൈക്ക് എച്ച് എം എസ് ഐ ഡീലർഷിപ്പുകളിലേക്ക് അയച്ചും തുടങ്ങി. പുതുതലമുറയെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ആക്രമണോത്സുകവും ആധുനികവുമായ രൂപകൽപ്പനയുള്ള എക്സ് — ബ്ലേഡി’ന്റെ വരവെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) യാദ്വിന്ദർ സിങ് ഗുലേറിയ അഭിപ്രായപ്പെട്ടു. മുമ്പ് പ്രഖ്യാപിച്ചതു പോലെ ഈ മാസം തന്നെ ബൈക്ക് ഡീലർഷിപ്പുകളിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

Honda X-Blade 160cc Bike Unveiled at Auto Expo 2018

മികവു തെളിയിച്ച 160 സി സി, എച്ച് ഇ ടി എൻജിനൊപ്പം സ്റ്റൈൽസമ്പന്നവുമായ ‘എക്സ് — ബ്ലേഡ്’ ഈ വിഭാഗത്തിൽ ഇതുവരെ കാണാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് എത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യമെങ്ങുമുള്ള ഹോണ്ട ഡീലർഷിപ്പുകൾ ‘എക്സ് — ബ്ലേഡി’നുള്ള ബുക്കിങ് സ്വീകരിക്കുന്നുണ്ട്; 5,000 രൂപയാണ് അഡ്വാൻസ് ഈടാക്കുന്നത്. മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസൺ സിൽവർ മെറ്റാലിക്, പേൾ സ്പാർട്ടൻ റെഡ്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക് നിറങ്ങളിലാണു ബൈക്ക് വിൽപ്പനയ്ക്കുള്ളത്.

ആധിപത്യം തുളുമ്പുന്ന മുൻ ഭാഗവും എൽ ഇ ഡി ഹെഡ്ലാംപുമൊക്കെ ചേരുന്നതോടെ റോബോട്ടിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ‘എക്സ് — ബ്ലേഡി’നു കൈവരുന്നത്. സാധാരണ ഹാലജൻ ബൾബുകളെ അപേക്ഷിച്ചു കൂടുതൽ വെളിച്ചവും ബൈക്കിലെ ഹെഡ്ലാംപ് വാഗ്ദാനം ചെയ്യുന്നുണ്ട്.പ്രകടനക്ഷമതയുടെയും കാര്യക്ഷമതയുടെയും സന്തുലനത്തോടെ എച്ച് ഇ ടി സാങ്കേതികവിദ്യയുടെ പിൻബലമുള്ള 162.71 സിസി എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. 8,500 ആർ പി എമ്മിൽ 13.93 ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 13.9 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നീളമേറിയ സീറ്റ്, സീൽ ചെയ്ൻ, ഹസാഡ് സ്വിച്, സർവീസ് ഇൻഡിക്കേറ്റർ, ഡിജിറ്റൽ ക്ലോക്ക്, ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയൊക്കെ ബൈക്കിൽ ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.