‘2018 കാംറി’യുമായി ടൊയോട്ട; വില 37.22 ലക്ഷം രൂപ

ടൊയോട്ടയുടെ ‘2018 കാംറി’ ഹൈബ്രിഡ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; 37.22 ലക്ഷം രൂപയാണ് കാറിന് ഡൽഹി ഷോറൂമിൽ വില. കാഴ്ചയിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയെത്തുന്ന ‘ഹൈബ്രിഡ് കാംറി’യിൽ വീതിയേറിയ മുൻ ഗ്രില്ലും ഓട്ടമാറ്റിക് എൽ ഇ ഡി ഹെഡ്ലാംപും ഇടംപിടിക്കുന്നുണ്ട്. ബൂട്ട് ലിഡിലും ബംപറിലും ക്രോം സ്ട്രിപ്പുമുണ്ട്. 17 ഇഞ്ച് അലോയ് വീലും ട്യൂബ്രഹിത ടയറുമാണു കാറിലുള്ളത്.

അകത്തളത്തിൽ ചില്ലറ വ്യത്യാസങ്ങളോടെയാണ് ‘2018 കാംറി ഹൈബ്രിഡ്’എത്തുന്നത്. ഡാഷ്ബോഡിലും സ്റ്റീയറിങ് വീലിലും സെന്റർ കൺസോളിലും ഡോർ ട്രിമ്മിലും കാർബൺ വുഡ് ഫിനിഷ് സഹിതം ടാൻ നിറമുള്ള അപ്ഹോൾസ്ട്രിയാണ് കാബിനു ടൊയോട്ട തിരഞ്ഞെടുത്തിരിക്കുന്നത്. മുൻ മോഡലിലെ നാലു സ്പോക്ക് സ്റ്റീയറിങ് വീലിനു പകരം മൂന്നു സ്പോക്ക് യൂണിറ്റ് ഇടംപിടിക്കുന്നു. നാവിഗേഷൻ, ബ്ലൂടൂത്ത്, യു എസ് ബി, ഓക്സിലറി ഇൻ കണക്ടിവിറ്റി സാധ്യതകളോടെ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും പരിഷ്കരിച്ചു. 21 സ്പീക്കർ ഓഡിയോ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. വയർലെസ് ചാർജിങ് പാഡ്, ലംബാർ സപ്പോട്ടോടെ എട്ടു തരത്തിൽ ക്രമീകരിക്കാവുന്ന മുൻസീറ്റ്, മെമ്മറി ഫംക്ഷൻ, വെന്റിലേഷൻ, മൂന്നു മേഖലകളായി വിഭജിച്ച ക്ലൈമറ്റ് കൺട്രോൾ, പവർ റിക്ലൈനിങ് പിൻസീറ്റ്, കൊളാപ്സിബ്ൾ ഹെഡ്റസ്റ്റ് എന്നിവയും കാറിലുണ്ട്.

മികച്ച സുരക്ഷയ്ക്കായി ഒൻപത് എയർബാഗ്, എ ബി എസ്, ഇ ബി ഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്ക്ൾ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക്കലി കൺട്രോൾഡ് ബ്രേക്ക് സിസ്റ്റം, ഹിൽ അസിസ്റ്റ് കൺട്രോൾ, ചൈൽഡ് സീറ്റിന് ഐസോഫിക്സും ടോപ് ടിതർ കൺട്രോൾ തുടങ്ങിയവയുമൊക്കെ കാറിലുണ്ട്.കാറിനു കരുത്തേകുന്നത് 2.5 ലീറ്റർ, ഇൻ ലൈൻ ഫോർ സിലിണ്ടർ എൻജിനാണ്; 5750 ആർ പി എമ്മിൽ 160 ബി എച്ച് പി കരുത്തും 4500 ആർ പി എമ്മിൽ 213 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 650 വോൾട്ട് സിങ്ക്രോണസ് മോട്ടോറാണു കാറിലെ ഹൈബ്രിഡ് സംവിധാനം; 143 ബി എച്ച് പി കരുത്തും 270 എൻ എം ടോർക്കുമാണ് ഈ സംവിധാനം സൃഷ്ടിക്കുക. 6.5 എ എച്ച് ശേഷിയുള്ള 245 വോൾട്ട് നിക്കൽ മെറ്റൽ ഡൈബ്രൈഡ് ബാറ്ററിയാണു കാറിലെ ഹൈബ്രിഡ് സംവിധാനത്തിന്റെ പിൻബലം. ‘ഇകോ’, ‘ഇ വി’ ഡ്രൈവിങ് മോഡുകളോടെ എത്തുന്ന കാറിലെ സംയുക്ത പവർ ഔട്ട്പുട്ട് 205 ബി എച്ച് പിയാണ്. നിലവിലുള്ള ടൊയോട്ട ‘കാംറി’യിലെ അവസാന പരിഷ്കാരമാവും ഇപ്പോൾ കമ്പനി നടപ്പാക്കിയത്. കാരണം രാജ്യാന്തര വിപണികളിൽ പുത്തൻ ‘കാംറി’ ഇപ്പോൾതന്നെ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. ഈ മോഡൽ ഭാവിയിൽ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിയേക്കും.