‘ടി വി എസ് സ്പോർട്ടി’ന് ‘സിൽവർ അലോയ് എഡീഷൻ’

വിൽപ്പന 20 ലക്ഷം പിന്നിട്ടത് ആഘോഷിക്കാനായി ടി വി എസ് മോട്ടോർ കമ്പനി ‘ടി വി എസ് സ്പോർട് സിൽവർ അലോയ്’ എഡീഷൻ പുറത്തിറക്കി. സാധാരണ ബൈക്കിലെ കറുപ്പ് അലോയ് വീലിനു പകരം വെള്ളി നിറമുള്ള അലോയ് ഇടം പിടിക്കുന്നു എന്നതാണു ‘സിൽവർ അലോയ് എഡീഷനി’ലെ സവിശേഷത. 38,961 രൂപയാണു ബൈക്കിന്റെ രാജ്യത്തെ ഷോറൂം വില.

‘ടി വി എസ് സ്പോർട് സിൽവർ അലോയ് എഡീഷ’നു കരുത്തേകുന്നത് 99.7 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 7.5 പി എസ് വരെ കരുത്തും 7.8 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 95 കിലോമീറ്ററാണു ബൈക്കിന് ടി വി എസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

മുന്നിൽ പരമ്പരാഗത രീതിയിലുള്ള ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട സ്പ്രിങ് ഷോക് അബ്സോബറുമാണു ബൈക്കിലെ സസ്പെൻഷൻ. മുന്നിൽ 130 എം എം ഡ്രം ബ്രേക്കും പിന്നിൽ 110 എം എം ഡ്രം ബ്രേക്കുമാണു ബൈക്കിലുള്ളത്. മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കാൻ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ ഇകോ, പവർ മോഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടു നിറങ്ങളിലാണു ‘സിൽവർ അലോയ് എഡീഷൻ’ വിൽപ്പനയ്ക്കുള്ളത്: ബ്ലാക്ക് സിൽവറും വോൾകാനൊ റെഡും. അതേസമയം സാധാരണ ‘ടി വി എസ് സ്പോർട്’ ഇൻഡിഗൊ സ്ട്രീക്ക്, ടീം ബ്ലൂ, മെർക്കുറി ഗ്രേ, ബ്ലേസ് റെഡ്, ഡാസ്ലിങ് വൈറ്റ്, ഇലക്ട്രിക് ഗ്രീൻ നിറങ്ങളിലും ലഭ്യമാണ്.

‘അപാച്ചെ ആർ ടി ആർ 160’, ‘അപാച്ചെ ആർ ആർ 310’ ബൈക്കുകളും ‘എൻ ടോർക്’ സ്കൂട്ടറുമൊക്കെ പുറത്തിറക്കി ശക്തമായ മത്സരം കാഴ്ചവയ്ക്കാനുള്ള തീവ്രശ്രമമാണു ടി വി എസ് അടുത്തകാലത്തായി നടത്തുന്നത്.