പുതിയ മിനി കണ്‍ട്രിമാൻ ഇന്ത്യയിൽ, വില 34.92 ലക്ഷം മുതൽ

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച മിനി കൺട്രിമാൻ വിപണിയിൽ. രണ്ട് പെട്രോൾ വകഭേദങ്ങളോടെയും ഒരു ഡീസൽ വകഭേദത്തോടെയും ലഭിക്കുന്ന പുതിയ കാറിന് 34.92 ലക്ഷം മുതൽ 41.4 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.  ബിഎം‍ഡബ്ല്യുവിന്റെ ചെന്നൈ ശാലയിൽ നിന്നാണ് പുതിയ കൺട്രിമാൻ വിപണിയിലെത്തുക. 

പൂർണ്ണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാർ അടിമുടി മാറ്റങ്ങളുമായിട്ടാണ് പുറത്തിറങ്ങുക. 2010 ൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ കാറിന്റ രണ്ടാം തലമുറയാണിപ്പോൾ  ഇന്ത്യയിൽ പുറത്തിറങ്ങിയത്. ആദ്യ തലമുറ കൺട്രിമാനെക്കാൾ 200 എംഎം നീളവും 30 എംഎം വീതിയും 75 എംഎം വീൽബെയ്സും കുടുതലുണ്ട് രണ്ടാം തലമുറയ്ക്ക്. ആദ്യ തലമുറയുടെ പ്രധാന സവിശേഷതകളായ ഫ്ലോട്ടിങ്ങ് റൂഫ്, വലിയ ഹെഡ്‌ലാംപ്, ഹെക്സഗെണൽ റേഡിയേറ്റർ ഗ്രിൽ തുടങ്ങിയവ ചെറിയ മാറ്റങ്ങളോടെ നിലനിർത്തിയിട്ടുണ്ട്. 

വീൽബെയ്സിൽ വന്ന വർദ്ധനവ് ഉള്ളിലെ സ്ഥല സൗകര്യം കൂട്ടിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ ലെഗ്‌റൂമും ഹെഡ്റൂമും പുതിയ കാറിനുണ്ട്. നാവിഗേഷൻ സിസ്റ്റ്ം, ബ്ലൂടൂത്ത്, ക്രൂസ് കൺട്രോൾ, എമർജെൻസി ഇ കോൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ 8.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് കാറില്‍.  രണ്ട് ലീറ്റർ പെട്രോൾ ഡീസൽ എൻജിനാണ് കാറിൽ ഉപയോഗിക്കുന്നത്. 189 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും പെട്രോൾ എൻജിൻ നൽകുമ്പോൾ 188 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും ഡീസല്‍ എൻജിൻ നൽകും. എട്ട് സ്പീഡ് ട്രാൻമിഷാണ് രണ്ട് എൻജിൻ വകഭേദങ്ങളിലും ഉപയോഗിക്കുന്നത്. പെട്രോൾ എൻജിന് പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗത്തിലെത്താൻ 7.5 സെക്കന്റും ഡീസൽ എൻജിൻ 7.7 സെക്കന്റും മാത്രം മതി.