ഡിയൊ ഡീലക്സ്, വില 53,292 രൂപ

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഗീയർ രഹിത മോട്ടോ സ്കൂട്ടറായ ‘ഡിയൊ’യുടെ മുന്തിയ പതിപ്പായി ‘ഡിയൊ ഡീലക്സ്’ പുറത്തിറക്കി. അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് 3,000 രൂപ വിലക്കൂടുതലാണു ‘ഡിയൊ ഡീലക്സി’ന്; 53,292 രൂപയാണു സ്കൂട്ടറിന്റെ ഡൽഹി ഷോറൂമിലെ വില.

പൂർണമായും ഡിജിറ്റൽ രീതിയിലുള്ള ഇൻസ്ട്രമെന്റ് കൺസോൾ, എൽ ഇ ഡി ഹെഡ്ലാംപ്, ‘ഗ്രാസ്യ’യിലുള്ളതു പോലെ ഫോർ ഇൻ വൺ ഇഗ്നീഷൻ കീ, സീറ്റിനടിയിൽ ഓപ്ഷനൽ വ്യവസ്ഥയിൽ മൊബൈൽ ചാർജിങ് പോയിന്റ് തുടങ്ങിയവയൊക്കെ ‘ഡിയൊ ഡീലക്സി’ലുണ്ട്. കാഴ്ചയിൽ പ്രീമിയം നിലവാരം കൈവരിക്കാനായി സ്വർണ വർണത്തിലാണു സ്കൂട്ടറിന്റെ റിമ്മുകൾ. ഒപ്പം മാർഷൽ മെറ്റാലിക് ഗ്രീൻ, ആക്സിസ് മെറ്റാലിക് ഗ്രേ എന്നീ പുതുവർണങ്ങളിലും ‘ഡിയൊ ഡീലക്സ്’ വിൽപ്പനയ്ക്കുണ്ട്.

അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ഡിയൊ ഡീലക്സി’ന്റെ വരവ്; മുമ്പത്തെ 109 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിൻ തന്നെയാണു സ്കൂട്ടറിനു കരുത്തേകുന്നത്. 7,000 ആർ പി എമ്മിൽ എട്ടു ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ 8.91 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കണ്ടിന്വസ് വേരിയബ്ൾ ട്രാൻസ്മിഷ(സി വി ടി)നോടെ എത്തുന്ന സ്കൂട്ടറിന് മണിക്കൂറിൽ 83 കിലോമീറ്ററാണു ഹോണ്ട വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.

മുന്നിലും പിന്നിലും 130 എം എം ഡിസ്ക് ബ്രേക്കോടെ എത്തുന്ന സ്കൂട്ടറിൽ കോംബി ബ്രേക്കിങ് സംവിധാന(സി ബി എസ്)വും ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ടി വി എസ് ‘വീഗൊ’, സുസുക്കി ‘ലെറ്റ്സ്’, ഹീറോ ‘മേസ്ട്രൊ എഡ്ജ്’, യമഹ ‘സീ ആർ’ തുടങ്ങിയവയോടാണു ‘ഡിയൊ ഡീലക്സി’ന്റെ മത്സരം. ഈ മാസം അവസാനത്തോടെ ഡീലർഷിപ്പുകളിലെത്തുന്ന ‘ഡിയൊ ഡീലക്സി’ന്റെ വിൽപ്പനയും ഈ മാസം തന്നെ ആരംഭിക്കാനാണു ഹോണ്ടയുടെ പദ്ധതി.