ഓട്ടമാറ്റിക്കായി പുതിയ ബ്രെസ

ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതം മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കെത്തി. മൂന്നു വകഭേദങ്ങളിൽ വിപണിയിലുള്ള ‘വിറ്റാര ബ്രേസ എ എം ടി’ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില 8.54 ലക്ഷം രൂപ മുതലാണ്. അടിസ്ഥാന വകഭേദമായ ‘വി ഡി ഐ എ എം ടി’യാണ് 8.54 ലക്ഷം രൂപയ്ക്കു ലഭിക്കുക; അടുത്ത മോഡലായ ‘ഡെഡ് ഡി ഐ എ എം ടി’ സ്വന്തമാക്കാൻ 9.31 ലക്ഷം രൂപ മുടക്കണം. ഇരട്ട വർണ സങ്കലനത്തോടെ എത്തുന്ന മുന്തിയ വകഭേദമായ ‘സെഡ് ഡി ഐ പ്ലസ് എ എം ടി’ക്ക് 10.49 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില.

Vitara Brezza ASG

എ എം ടി ഗീയർബോക്സിന്റെ വരവിനു മുന്നോടിയായി ‘വിറ്റാര ബ്രേസ’യിൽ മാരുതി സുസുക്കി ചില്ലറ പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. സുരക്ഷാ വിഭാഗത്തിലും നിറക്കൂട്ടുകളിലുമാണു പ്രധാനമായും മാറ്റം വരുത്തിയത്. ‘വിറ്റാര ബ്രേസ’യുടെ ‘എൽ ഡി ഐ (ഒ)’, ‘വി ഡി ഐ (ഒ), എന്നീ വകഭേദങ്ങൾ പിൻവലിക്കാനും പകരം ഈ വകഭേദങ്ങളിലെ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), ഇരട്ട എയർബാഗ് എന്നിവ സാധാരണ ‘എൽ ഡി ഐ’, ‘വി ഡി ഐ’ പതിപ്പുകളിൽ ലഭ്യമാക്കാനുമാണു മാരുതി സുസുക്കിയുടെ തീരുമാനം. ഇതോടെ ‘വിറ്റാര ബ്രേസ’ ശ്രേണിയിൽ മൊത്തത്തിൽ തന്നെ എ ബി എസും ഇ ബി ഡിയും ഇരട്ട എയർബാഗും റിവേഴ്സ് പാർക്കിങ് സെൻസറും ഹൈസ്പീഡ് അലർട്ടുമൊക്കെ ലഭിക്കും.

Vitara Brezza ASG

കറുപ്പ് നിറത്തിലുള്ള അകത്തളം, അലോയ് വീലിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് എന്നിവയ്ക്കൊപ്പം ഓട്ടം ഓറഞ്ച് എന്ന പുതുവർണത്തിലും ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ഇതോടെ നിലവിലുണ്ടായിരുന്ന നീല നിറം പിൻവലിക്കുകയും ചെയ്തു.
ഒപ്പം ‘വിറ്റാര ബ്രേസ’യുടെ മുന്തിയ വകഭേദങ്ങളിൽ പുതിയ വർണ സങ്കലനങ്ങളും കറുപ്പ് അലോയ് വീലും ഇടംപിടിക്കുക. കടും ഓറഞ്ച് നിറം അരങ്ങേറ്റം കുറിക്കുന്നതോടെ ‘വിറ്റാര ബ്രേസ’യിൽ ഇപ്പോഴുള്ള നീല നിറം പിൻവാങ്ങുകയാണ്.അതേസമയം ‘വിറ്റാര ബ്രേസ’യിൽ സാങ്കേതികമായ മാറ്റത്തിനൊന്നും മാരുതി സുസുക്കി മുതിർന്നിട്ടില്ല. പ്രകടനമികവു തെളിയിച്ച 1.3 ലീറ്റർ, 90 ബി എച്ച് പി എൻജിൻ തന്നെയാണു കോംപാക്ട് എസ് യു വിക്കു കരുത്തേകുക.

പ്രധാന എതിരാളിയായ ടാറ്റ ‘നെക്സൻ എ എം ടി എക്സ് സെഡ് എ പ്ലസി’നെ അപേക്ഷിച്ച് നേരിയ വിലക്കിഴിവിലാണ് മാരുതി സുസുക്കി ‘വിറ്റാര ബ്രേസ സെഡ് ഡി ഐ പ്ലസ് എഎം ടി’ വിൽപ്പനയ്ക്കെത്തിക്കുന്നത്. ‘നെക്സ’ന്റെ മുന്തിയ വകഭേദത്തിന് 10.59 ലക്ഷം രൂപ വിലയുള്ളപ്പോൾ ‘വിറ്റാര ബ്രേസ’യിലെ മുന്തിയ പതിപ്പ് 10.49 ലക്ഷം രൂപയ്ക്കു ലഭ്യമാണ്. മാത്രമല്ല, ‘വിറ്റാര ബ്രേസ’യുടെ അടിസ്ഥാന മോഡലായ ‘എൽ ഡി ഐ’യിലൊഴികെ എല്ലാ വകഭേദത്തിലും മാരുതി സുസുക്കി എ എം ടി ലഭ്യമാക്കുന്നുമുണ്ട്.