കളം പിടിക്കാൻ പുതിയ ക്രേറ്റ, വില 9.43 ലക്ഷം മുതൽ

ഹ്യുണ്ടേയ്‌യുടെ ചെറു എസ് യു വി ക്രേറ്റയുടെ പുതിയ പതിപ്പ് വിപണിയിൽ. 9.43 ലക്ഷം മുതൽ 15.03 ലക്ഷം വരെയാണ് 2018 ക്രേറ്റയുടെ ന്യൂഡൽഹി എക്സ്ഷോറൂം വില. ഒരു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിനും ക്രേറ്റയിലുണ്ട്. 1.6 ലീറ്റർ പെട്രോൾ എൻജിൻ മോഡലിന് 9.43 ലക്ഷം രൂപ മുതൽ 13.59 ലക്ഷം രൂപ വരെയും 1.4 ഡീസൽ എൻജിൻ മോഡലിന് 9.99 ലക്ഷം മുതൽ 11.73 ലക്ഷം രൂപ വരെയും 1.6 ലീറ്റർ ഡീസൽ എൻജിൻ മോഡലിന് 13.19 ലക്ഷം മുതൽ 15.03 ലക്ഷം രൂപവരെയുമാണ് എക്സ് ഷോറൂം വിലകൾ. 1.6 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകള്‍ക്ക് ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ട്. 

ബൈ ഫങ്ഷണൽ പ്രൊഡക്റ്റർ ഹെഡ്‌ലാംപ്. ക്രോം ഫിനിഷോടു കൂടിയ വലിയ ഗ്രില്‍, നവീകരിച്ച ബമ്പര്‍, സ്റ്റൈലിഷ് എല്‍ഇഡി ഫോഗ് ലാംപുകള്‍, എൽഇഡി ഡേറ്റം റണ്ണിങ് ലാംപ്‌, പ്രൊസിഷനിങ് ലാംപ്. പിന്നിലെ ബമ്പറിലെ ചെറിയ മാറ്റങ്ങള്‍, സ്പ്ലിറ്റ് ടെയില്‍ലാംപ്, മുന്നിലേയും പിന്നിലേയും സ്കീഡ് പ്ലെയിറ്റുകൾ എന്നിവയാണ് പുതിയ ക്രേറ്റയിലെ പ്രധാനമാറ്റങ്ങൾ.

Creta

ഡ്യൂവല്‍ ടോണ്‍ ഫിനിഷില്‍ ഒരുക്കിയിരിക്കുന്ന അകത്തളത്തിലും പുതുമകളുണ്ട്. ഇലക്ട്രിക് സൺറൂഫ്, ആറു തരത്തിൽ ഇലക്ട്രിക്കലി അ‍ഡ്ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ക്രൂസ് കൺട്രോൾ, സ്മാർട്ട് കീ, പുഷ് സ്റ്റാർട്ട്, സ്ലൈഡിങ് ഫ്രണ്ട് ആംറസ്റ്റ് തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ ഇന്റീരിയറിലുണ്ട്.   നിലവിലെ 1.6 ലീറ്റര്‍ പെട്രോള്‍, 1.4 ലീറ്റര്‍, 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് പുതിയ മോ‍ഡലിലും ഉപയോഗിക്കുന്നത്. റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ മോഡലുകളുമായി മല്‍സരിക്കാനെത്തിയ ക്രേറ്റയ്ക്ക് മികച്ച പ്രതികരണമാണു ലഭിച്ചത്. പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഹ്യൂണ്ടേയ് ഏകദേശം ഒരുലക്ഷത്തിലധികം ക്രേറ്റ നിരത്തിലെത്തിച്ചിരുന്നു.