ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ പുത്തൻ ‘ഐ 20’

ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ഹ്യുണ്ടേയ് ‘ഐ 20’ സി വി ടി വിൽപ്പനയ്ക്കെത്തി. പ്രീമിയം ഹാച്ച്ബാക്കായ ‘ഐ ട്വന്റി’യുടെ ‘മാഗ്ന’ വകഭേദത്തിന് 7.04 ലക്ഷം രൂപയും ‘ആസ്ത’യ്ക്ക് 8.16 ലക്ഷം രൂപയുമാണ് ഡൽഹി ഷോറൂമിലെ വില. 

നവീകരിക്കുംമുമ്പ് ‘ഐ ട്വന്റി’യിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദം ലഭ്യമായിരുന്നു; 1.4 ലീറ്റർ പെട്രോൾ എൻജിനൊപ്പം നാലു സ്പീഡ് ടോർക് കൺവർട്ടറാണു ഹ്യുണ്ടേയ് ലഭ്യമാക്കിയിരുന്നത്. എന്നാൽ ‘ഐ 20’ പരിഷ്കരിച്ചപ്പോൾ നാലു മീറ്ററിൽ താഴെ നീളവും 1200 സി സിയിൽ താഴെ എൻജിൻ ശേഷിയുമുള്ള കാറുകൾക്ക് ബാധകമായ നികുതി ഇളവ് മുതലെടുക്കാൻ ഹ്യുണ്ടേയ് നടപടി സ്വീകരിച്ചു. കാറിൽ 83 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള 1197 സി സി എത്തിയതോടെ വിലയുടെ കാര്യത്തിൽ മത്സരക്ഷമത കൈവരിക്കാൻ ഹ്യുണ്ടേയിക്കു സാധിച്ചെന്നാണു വിലയിരുത്തൽ. എങ്കിലും മാനുവൽ പതിപ്പുകളെ അപേക്ഷിച്ച് ഒരു ലക്ഷത്തോളം രൂപ അധിക വില ഈടാക്കിയാണു ഹ്യുണ്ടേയ് ഓട്ടമാറ്റിക് പതിപ്പുകൾ വിൽപ്പനയ്ക്കെത്തിക്കുന്നത്. 

സി വി ടി ഇടംപിടിച്ചതല്ലാതെ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് പുതിയ ‘ഐ 20’ എത്തുന്നത്. എതിരാളികളായ ‘ബലേനൊ’യുടെ  സി വി ടിയുള്ള പെട്രോൾ മോഡൽ 7.10 ലക്ഷം മുതൽ 8.41 ലക്ഷ രൂപ വരെ വിലയ്ക്കും ഹോണ്ട ‘ജാസി’ന്റെ സമാന മോഡലുകൾ 7.71 ലക്ഷം മുതൽ 8.47 ലക്ഷം രൂപ വരെ വിലയ്ക്കുമാണു ലഭിക്കുക. അതുകൊണ്ടുതന്നെ എതിരാളികളെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ വിലയാണ് ‘ഐ 20’ ഓട്ടമാറ്റിക് വിൽപ്പനയ്ക്കെത്തുന്നത്.