എത്തുന്നു ‘മിലിട്ടറി’ ബുള്ളറ്റ്

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ഫ്ളയിങ് ഫ്ളീ എന്ന മോഡലിൽ നിന്നു പ്രചോദിതമായ പരിമിതകാല ബൈക്കുമായി റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡ് ക്ലാസിക് 500 പെഗാസസ് എന്നാണ് ഈ പ്രത്യേക പതിപ്പിനു പേര്. 

Royal Enfield Classic 500 Pegasus

ഇതിഹാസമാനങ്ങളുള്ള ‘ആർ ഇ/ഡബ്ല്യു ഡി 125’ മോട്ടോർ സൈക്കിളാണു ഫ്ളയിങ് ഫ്ളീ എന്ന വിളിപ്പേരു സ്വന്തമാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്‌വുഡിൽ ഭൂമിക്കടിയിൽ സജ്ജീകരിച്ച ശാലയിലാണു റോയൽ എൻഫീൽഡ് ഈ ബൈക്കുകൾ നിർമിച്ചിരുന്നത്. ക്ലാസിക് 500 പെഗാസസിന്റെ 1000 യൂണിറ്റുകൾ മാത്രമാവും വിൽപ്പനയ്ക്കെത്തുക; ഇതിൽ 190 എണ്ണമാണു ബ്രിട്ടന്റെ വിഹിതം. 250 ബൈക്കുകളാണ് ഇന്ത്യയ്ക്ക് അനുവദിക്കുകയെന്നാണു പ്രതീക്ഷ.

Classic 500 Pegasus Edition

ആവേശോജ്വലമായ കഥയാണു റോയൽ എൻഫീൽഡ് ‘ഫ്ളയിങ് ഫ്ളീ’യുടേതെന്ന് റോയൽ എൻഫീൽഡ് ചരിത്രകാരനായ ഗോർഡൻ മേ വിശദീകരിക്കുന്നു. ശത്രുനിരയ്ക്കു പിന്നിൽ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് ഈ മോട്ടോർ സൈക്കിളുകൾ പറന്നിറങ്ങിയിരുന്നത്. അതിനു മുമ്പ് അത്തരമൊരു യുദ്ധം ലോകം കണ്ടിരുന്നില്ല. മോട്ടോർ സൈക്കിൾ ചരിത്രത്തിൽ മാത്രമല്ല വ്യോമസേനകളുടെ ചരിത്രത്തിലും പുതിയ ഏടായിരുന്നു ഇതെന്നും മേ കരുതുന്നു.

ബ്രിട്ടനിൽ 4,999 പൗണ്ട്(ഏകദേശം 4.50 ലക്ഷം രൂപ) വിലയ്ക്കാവും ‘പെഗാസസ്’ വിൽപ്പനയ്ക്കെത്തുക; ജൂലൈ മുതൽ ഈ ബൈക്കുകൾക്കുള്ള ബുക്കിങ്ങുകൾ കമ്പനി സ്വീകരിച്ചു തുടങ്ങും. ഇന്ത്യയിൽ ‘പെഗാസസി’ന്റെ വില എത്രയാവുമെന്നതു സംബന്ധിച്ചു വ്യക്തതയില്ല. 

Classic 500 Pegasus Edition

ലോകമഹായുദ്ധകാലത്തെ വർണക്കൂട്ടുകൾ അടിത്തറയാക്കി രണ്ടു നിറങ്ങളിലാവും ‘പെഗാസസ്’ വിപണിയിലെത്തുക: സർവീസ് ബ്രൗണും ഒലീവ് ഡ്രാബ് ഗ്രീനും. ഇന്ത്യയിൽ വിലക്കുള്ളതിനാൽ ഒലീവ് ഡ്രാബ് ഗ്രീൻ ഇവിടെ വിൽപ്പനയ്ക്കെത്താനുള്ള സാധ്യത കുറവാണ്. പരിമിതകാല പതിപ്പെന്ന വിളംബരം ചെയ്യാൻ ‘ക്ലാസിക് 500 പെഗാസസി’ന്റെയും ഇന്ധനടാങ്കിൽ സീരിയൽ നമ്പർ സ്റ്റെൻസിൽ ചെയ്യുമെന്നു നിർമാതാക്കൾ വ്യക്തമാക്കുന്നു. ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ‘ഫ്ളയിങ് ഫ്ളീ’ മോട്ടോർ സൈക്കിളുകളിലൊന്ന് കമ്പനിയുടെ ബിർമിങ്ഹാമിലെ ബ്രണ്ടിങ്തോർപ്പിലുള്ള യു കെ ടെക്നോളജി സെന്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ബൈക്കിനു കരുത്തേകുക ‘ക്ലാസിക്കി’ലെ 499 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും. 5,250 ആർ പി എമ്മിൽ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും സാധാരണ ‘ക്ലാസിക്കും’ ‘പെഗാസസു’മായി വ്യത്യാസമൊന്നുമില്ല. അതേസമയം, സൈനിക ശൈലിയിലുള്ള കാൻവാസ് പാനിയർ, ബ്രൗൺ ഹാൻഡ്ൽ ബാർ ഗ്രിപ്, എയർ ഫിൽറ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലതർ സ്ട്രാപ്, കറുപ്പ് സൈലൻസർ, റിം, കിക്ക് സ്റ്റാർട് ലീവർ, പെഡൽ, ഹെഡ്ലൈറ്റ് ബീസൽ തുടങ്ങിയവയൊക്കെ ‘പെഗാസസി’നെ വേറിട്ടു നിർത്തും.