കയീൻ ടർബോ, വില 1.92 കോടി

ഫ്ളാഗ്ഷിക് സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘കയീൻ ടർബോ’യുടെ ബുക്കിങ്ങുകൾ പോർഷെ സ്വീകരിച്ചു തുടങ്ങി. അടുത്ത മാസത്തോടെ രാജ്യത്തെ ഷോറൂമുകളിൽ എത്തുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ ‘കയീന്’ ഇന്ത്യയിൽ 1.92 കോടി രൂപയാണു വില. 

ആവേശകരമായ അവതരണ പരമ്പരയാവും ‘കയീൻ ടർബോ’യിലൂടെ കമ്പനി ആരംഭിക്കുകയെന്ന് പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി അഭിപ്രായപ്പെടുന്നു. പിന്നാലെ ‘കയീനും’ ‘കയീൻ ഇ ഹൈബ്രിഡു’മൊക്കെയാണു വരുംനാളുകളിൽ ഇന്ത്യയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

‘കയീൻ ടർബോ’യ്ക്കു കരുത്തേകുക നാലു ലീറ്റർ, ഇരട്ട ടർബോ പെട്രോൾ എൻജിനാണ്; പരമാവധി 550 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. മണിക്കൂറിൽ 286 കിലോമീറ്ററാണ് ‘കയീൻ ടർബോ’യ്ക്കു പോർഷെ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.

സറൗണ്ട് സൗണ്ട് സംവിധാനം, 18 വിധത്തിൽ ക്രമീകരിക്കാവുന്ന സ്പോർട്സ് സീറ്റ്, സംയോജിത ഹെഡ്റസ്റ്റ്, മൾട്ടിഫംക്ഷൻ സ്പോർട്സ് സ്റ്റീയറിങ് വീൽ തുടങ്ങിയവയെല്ലാമായാണു ‘കയീൻ ടർബോ’യിൽ പോർഷെ വാഗ്ദാനം ചെയ്യുന്നുണ്ട്.