മോൺസ്റ്റർ 797 പ്ലസ് എത്തി; വില 8.03 ലക്ഷം രൂപ

ഫോക്സ്വാഗൻ എ ജിയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റിയുടെ മോൺസ്റ്റർ 797 പ്ലസ് ഇന്ത്യയിലെത്തി; 8.03 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില. ഈ മോഡൽ എത്തുന്നതോടെ കളമൊഴിയുന്ന ‘മോൺസ്റ്റർ 797’ ഡ്യുകാറ്റി ഇന്ത്യ വിറ്റിരുന്നതും ഇതേ വിലയ്ക്കാണ്.

ഫ്ളൈ സ്ക്രീൻ, കളർ കോർഡിനേറ്റഡ് പില്യൻ സീറ്റ് കൗൾ തുടങ്ങിയവ സ്റ്റാൻഡേഡ് ഫിറ്റ്മെന്റായി ലഭിക്കുമെന്നതാണ് ‘മോൺസ്റ്റർ 797 പ്ലസി’ന്റെ സവിശേഷത. ഇതല്ലാതെ ‘മോൺസ്റ്റർ’ ശ്രേണിയിലെ എൻട്രില ലവൽ ബൈക്കിൽ ഡ്യുകാറ്റി മാറ്റമൊന്നും വരുത്തിയിട്ടില്ല. നേരത്തെ 36,000 രൂപ അധികവില ഈടാക്കിയാണു ‘മോൺസ്റ്റർ 797’ ബൈക്കിൽ ഡ്യുകാറ്റി ഫ്ളൈ സ്ക്രീനും റിയർ കൗളും ലഭ്യമാക്കിയിരുന്നത്. 

‘സ്ക്രാംബ്ലറി’ൽ നിന്നു കടമെടുത്ത 803 സി സി, എൽ ട്വിൻ എൻജിനാണ് ‘മോൺസ്റ്റർ 797 പ്ലസി’നു കരുത്തേകുന്നത്; 73 ബി എച്ച് പി വരെ കരുത്തും 67 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 

‘മോൺസ്റ്റർ 821’ ബൈക്കിൽ നിന്നു വ്യത്യസ്തമായി ‘797 പ്ലസി’ൽ ഇലക്ട്രോണിക് സംവിധാനങ്ങളുടെ അതിപ്രസരവുമില്ല; ഇരട്ട ചാനൽ എ ബി എസ് മാത്രമാണു സുരക്ഷാ വിഭാഗത്തിലുള്ളത്. ട്യുബുലർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമോടെ എത്തുന്ന ബൈക്കിൽ 43 എം എം കയബ യു എസ് ഡി ഫോർക്കും സാക്സ് മോണോ ഷോക്കുമാണു സസ്പെൻഷൻ.  വില അടിസ്ഥാനമാക്കിയാൽ കാവസാക്കി ‘സീ 900’, സുസുക്കി ‘ജി എസ് എക്സ് — എസ് 750’ തുടങ്ങിയവയോടാണു ‘മോൺസ്റ്റർ 797 പ്ലസി’ന്റെ മത്സരം.