2019 നിൻജ 1000 എത്തി; വില 9.99 ലക്ഷം രൂപ

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ കാവസാക്കി മോട്ടോഴ്സി(ഐ കെ എം)ന്റെ ‘2019 നിൻജ 1000’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. മുൻമോഡലിന്റെ അതേ വിലനിലവാരത്തിലാണു പുതിയ ‘നിൻജ 1000’ വിപണിയിലുള്ളത്: ഡൽഹി ഷോറൂമിൽ 9.99 ലക്ഷം രൂപ. ഇറക്കുമതി ചെയ്ത സെമി നോക്ക്ഡ് ഡൗൺ കിറ്റുകൾ പുണെയിലെ ശാലയിൽ സംയോജിപ്പിച്ചാണ് ഐ കെ എം ‘2019 നിൻജ 1000’ വിൽപ്പനയ്ക്കെത്തിക്കുന്നത്. ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനത്തിനൊപ്പം ത്രീ മോഡ് കാവസാക്കി ട്രാക്ഷൻ കൺട്രോളും ബൈക്കിലുണ്ട്. മോഡ് ഒന്നിലും രണ്ടിലും സ്പോർടി റൈഡിങ് കാഴ്ചവയ്ക്കുന്ന ബൈക്കിലെ മോഡ് ത്രീ വഴുക്കലുള്ള പ്രതലത്തിൽ കൂടുതൽ സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു.

മുൻ മോഡലിനെ അപേക്ഷിച്ച് കാഴ്ചയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയ ‘2019 നിൻജ 1000’ രണ്ടു നിറങ്ങളിലാണു വിപണിയിലുള്ളത്: കറുപ്പും പച്ചയും. ഇതിനപ്പുറം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു പരിഷ്കരിച്ച ‘നിൻജ 1000’ എത്തുന്നത്.ആഗോളവിപണികൾക്കൊപ്പമാണ് ഇന്ത്യയിലും ‘2019 നിൻജ 1000’ വിൽപ്പനയ്ക്കെത്തുന്നതെന്ന് ഐ കെ എം മാനേജിങ് ഡയറക്ടർ യുതാക യമഷിത അറിയിച്ചു. മികച്ച യാത്രാസുഖവും കിടയറ്റ ടൂറിങ് ക്ഷമതയും വാഗ്ദാനം ചെയ്യുന്ന ‘നിൻജ 1000’ ബൈക്കിന് ഇന്ത്യ മികച്ച വരവേൽപ്പാണു നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘നിൻജ എച്ച് ടു’വിലും ‘നിൻജ് സെഡ് എക്സ് — 10 ആറി’ലുമുള്ളതിനു സമാനമായ ചിൻ സ്പോയ്ലറോടെ എത്തുന്ന ‘2019 നിൻജ 1000’ ബൈക്കിൽ ഇരട്ട എൽ ഇ ഡി ഹെഡ്ലാംപുകളുമുണ്ട്. അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്, ഇന്റലിജന്റ് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം തുടങ്ങിയവയും ബൈക്കിൽ ലഭ്യമാണ്. 

ബൈക്കിനു കരുത്തേകുന്നത് 1,043 സി സി, 16 വാൽവ്, ഇൻ ലൈൻ ഫോർ, ലിക്വിഡ് കൂൾഡ് എൻജിനാണ്; 10,000 ആർ പി എമ്മിൽ 140 ബി എച്ച് പി വരെ കരുത്തും 7,300 ആർ പി എമ്മിൽ 111 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 19 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കോടെ എത്തുന്ന ബൈക്കിന്റെ ഭാരം 239 കിലോഗ്രാമാണ്.